മുംബൈ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. 8-15 ദിവസം വരെ കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് ഉദ്ദവ് താക്കറെ അറിയിച്ചത്.
‘ലോക്ക്ഡൗണ്‍ ആവശ്യമുണ്ടോയെന്നാണോ? നിങ്ങള്‍ അടുത്ത എട്ട് ദിവസത്തേക്ക് ഉത്തരവാദിത്തതോടെ പെരുമാറിയാല്‍ അക്കാര്യം നമുക്ക് തീരുമാനിക്കാനാകും. ലോക്ക്ഡൗണ്‍ വേണ്ടായെന്നുള്ളവര്‍ മാസ്‌ക് ധരിക്കും. അല്ലാത്തവര്‍ ധരിക്കില്ല. അതുകൊണ്ട് മാസ്‌ക് ധരിക്കൂ, ലോക്ക്ഡൗണിനോട് നോ പറയൂ,’ ഉദ്ദവ് താക്കറെ പറഞ്ഞു.
ഇപ്പോള്‍ സംസ്ഥാനത്ത് കേസുകളിലുണ്ടാകുന്ന വര്‍ധനവ് കോവിഡ് രണ്ടാം വേവിന്റെ ഭാഗമാണോ അല്ലയോ എന്നെല്ലാം രണ്ടാഴ്ചക്കുള്ളില്‍ അറിയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തദ്ദേശ ഭരണകേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. മുന്‍കൂട്ടിയറിച്ചു മാത്രമേ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയുള്ളൂവെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. അമരാവതി, അകോല തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു ദിവസം മുന്‍പ് അറിയിപ്പ് നല്‍കിയ ശേഷമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച മാത്രം 6000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച 6,971 കേസുകളും 35 മരണവും റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ മുംബൈയില്‍ മാത്രം 900ത്തിന് മുകളിലാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം.