X

അക്രമം അഴിച്ചുവിടാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ആഹ്വാനം ചെയ്യുന്ന ശബ്ദരേഖ പുറത്ത്

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബി.ജെ.പി പ്രവര്‍ത്തകരോട് അക്രമം നടത്തിയാണെങ്കിലും പല്‍ഗാര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദരേഖ പുറത്ത്. ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയാണ് ഓഡിയോ പുറത്ത് വിട്ടത്.
മെയ് 28നാണ് പല്‍ഗാറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ നടന്ന ഒരു റാലിയെ അഭിസംബോധനം ചെയ്യുകയായിരുന്നു ഉദ്ധവ് താക്കറെ.

എന്നാല്‍ ശിവസേന ആ ശബ്ദ രേഖയില്‍ കൃത്രമിത്വം കാണിച്ചെന്നും അതിന്റെ പൂര്‍ണ്ണരൂപം ഉടന്‍ പുറത്തു വിടുമെന്നും ബി.ജെ.പി പറഞ്ഞു. ഇന്റര്‍നെറ്റില്‍ നടക്കുന്ന വ്യാജ പ്രചാരങ്ങളെ പ്രതിരോധിക്കാന്‍ പ്രത്യേക ക്യാമ്പയിനും നടത്തുമെന്നും അവര്‍ അവകാശപ്പെട്ടു.
‘പല്‍ഗാറില്‍ നമ്മളെ ആരെങ്കിലും വെല്ലുവിളിക്കുകയോ വിശ്വാസ വഞ്ചനയോ, സംഖ്യത്തില്‍ നിന്ന് പിന്മാറുകയോ ചെയ്താല്‍ അവരെ പാഠം പഠിപ്പിക്കണം. നമ്മള്‍ മിണ്ടാതിരിക്കരുത്. ഒരു വലിയ അക്രമം അവര്‍ക്കു നേരെ അഴിച്ചു വിട്ട് ബി.ജെ.പി എന്താണെന്ന് മനസ്സിലാക്കി കൊടുക്കണം’. ശബ്ദരേഖയില്‍ ഇങ്ങനെയാണ് ഫഡ്‌നാവിസിന്റെ വാക്കുകള്‍.

‘തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ നമുക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ കഴിയണം. ആരുടെയും ഭീഷണിക്ക് നിന്നു കൊടുക്കേണ്ടതില്ല, മറിച്ച് അങ്ങോട്ടു കേറി അക്രമിക്കാനാകണം. ഞാന്‍ നിങ്ങള്‍ക്കു പിന്നിലുണ്ട്’ ഫഡ്‌നാവിസിന്റെ വാക്കുകളാണ് ഇത്.

ശത്രുക്കള്‍ക്കെതിരെ ഇത്തരം വാക്കുകള്‍ ഉപയോഗിക്കല്‍ ഒരു മുഖ്യമന്ത്രിക്കും യോജിച്ചതല്ലെന്ന് ശിവസേന എം പി സഞ്ചയ് റാവൂത്ത് പറഞ്ഞു.

chandrika: