X
    Categories: indiaNews

ഉദയനിധിയുടെ മന്ത്രിപദവി മു.ക.സ്റ്റാലിന്റെ പിന്‍ഗാമിയുടെ ഉദയമോ ?

കെ.പി ജലീല്‍

മുത്തുവേല്‍ കരുണാനിധി തമിഴ്‌സിനിമയിലെ കലൈഞ്ജറായിരുന്നു. പിന്നീട് സൂപ്പര്‍താരം എം.ജി രാമചന്ദ്രനോടൊപ്പം രാഷ്ട്രീയത്തിലേക്ക് കയറി. എം.ജി.ആര്‍ പുരട്ച്ചി തലൈവറായപ്പോള്‍ തമിഴ് മക്കളുടെ കലൈഞ്ജറായി വാണത് കരുണാനിധി. എം.ജി.ആറിനെ പോലെ കറുത്ത കണ്ണടയായിരുന്നു കരുണാനിധിയുടെയും മുഖമുദ്ര. നീണ്ട വര്‍ഷക്കാലം ചെന്നൈ കോര്‍പറേഷന്‍ മേയറായിരുന്ന മകന്‍ എം.കെ സ്റ്റാലിന്റെ രാഷ്ട്രീയപ്രവേശനത്തെ കാര്യമായി കരുണാനിധി പിന്തുണച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അധികാരക്കസേരകളിലേക്ക് സ്റ്റാലിന്റെ പ്രവേശവും വൈകി. സോവിയറ്റ് കമ്യൂണിസ്റ്റ് നേതാവ് ജര്‍മനിയെ തുരത്തിയ ജോസഫ് സ്റ്റാലിന്റെ പേരാണ് മകന് കരുണാനിധിയിട്ടത്. എം.എല്‍.എയായി നിയമസഭയില്‍ തിളങ്ങിയിട്ടുപോലും പക്ഷേ സ്റ്റാലിനെ കരുണാനിധി മന്ത്രിയാക്കിയിരുന്നില്ല. കരുണാനിധിയുടെ മരണത്തിന് ശേഷം മാത്രമാണ് സ്റ്റാലിന്‍ മുഖ്യമന്ത്രിയായി തമിഴ്‌നാടിന്റെ അധികാരസേപാനം ഏറുന്നത്.
ഇന്നിതാ പക്ഷേ സ്റ്റാലിന്‍ മകന്‍ ഉദയനിധിയുടെ മുന്നില്‍ ആ വഴക്കം തെറ്റിച്ചു. ഉദയനിധി സ്റ്റാലിനെ മന്ത്രിസഭയിലേക്കെടുത്തുകൊണ്ടാണ് സ്റ്റാലിന്‍ പുതിയ കീഴ് വഴക്കം സൃഷ്ടിച്ചിരിക്കുന്നത്. എം.ജി,ആറിനും പിന്നീട് മുഖ്യമന്ത്രിയായ ജയലളിതക്കും മക്കളില്ലാതിരുന്നതിനാല്‍ മക്കള്‍രാഷ്ട്രീയം തമിഴ്‌നാട്ടില്‍ അക്കാലത്തുണ്ടായില്ല. എന്നാല്‍ കരുണാനിധിയിലൂടെ എത്തിയ സ്റ്റാലിന്‍ പൊടുന്നനെയാണ് ജനകീയാംഗീകാരം നേടിയത്. ചിട്ടയായ സംഘടനാപ്രവര്‍ത്തനമാണ് സ്റ്റാലിനെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചത്. എം.ജി.ആറിന്റെ ഭാര്യ ജാനകിയെ അദ്ദേഹത്തിന്റെ മരണശേഷം തമിഴ് രാഷ്ട്രീയം മുഖ്യമന്ത്രിയായി പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല.


ഇന്ന് ഉദയനിധി എന്ന ചെറുപ്പക്കാരന്‍ സിനിമയിലൂടെയാണ് മുത്തച്ഛനെപോലെ രാഷ്ട്രീയത്തിലേക്കെത്തുന്നത്. മന്ത്രിയാകുമ്പോള്‍ സര്‍ക്കാരിന്റെയും മന്ത്രിസഭയുടെയും ദൈനംദിനകാര്യങ്ങളില്‍ സ്റ്റാലിന് വലിയതുണയാകും ഉദയനിധി എന്ന ചെറുപ്പക്കാരന്‍. ഇതാദ്യമായാണ് ഉദയനിധി എം.എല്‍.എയാകുന്നതെന്ന സവിശേഷതയുമുണ്ട്. ചെപ്പോക്കാണ് മണ്ഡലം. യുവജന-കായിക വകുപ്പുകളാണ് ഉദയനിധികൈകാര്യം ചെയ്യുക. ഇന്ന് രാവിലെ പത്തിന് ഗവര്‍ണര്‍ആര്‍.എന്‍ രവിയുടെയുംപിതാവും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്റെയും സാന്നിധ്യത്തിലായിരുന്നു സത്യവാചകം ചൊല്ലല്‍.
യുവജനനേതാവായാണ് ഉദയന്റെ ഉയര്‍ച്ചയത്രയും. തന്റെ പാര്‍ട്ടിയായഡി.എം.കെയുടെ ചിഹ്നമായ ഉദയസൂര്യന്റെ പേരിനോട് സാമ്യമുള്ള പേരാണ് ഉദയനിധിക്കായി കുടുംബം തെരഞ്ഞെടുത്തത്. നിധി കരുണാനിധിയിലെ നിധിയും.

ചെറുപ്പക്കാരനായാണ് കരുതപ്പെടുന്നതെങ്കിലും 1977ല്‍ ജനിച്ച ഉദയന് 45 വയസ്സ് പ്രായമുണ്ടിപ്പോള്‍. 2008ല്‍ പുറത്തിറങ്ങിയ കരുവിയാണ് ഉദയനിധിയുടെ പ്രഥമചിത്രം. രണ്ട് സിനിമകള്‍ നിര്‍മിച്ചു. വിതരണക്കാരനായും ശ്രദ്ധനേടി. 201ല്‍ ഇറങ്ങിയ ഒരുകാല്‍ ഒരു കണ്ണാടി എന്ന ചിത്രത്തിലായിരുന്നു ആദ്യനായകവേഷം. ഇതിന് പുതുമുഖനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഡി.എം.കെയുടെ യുവജനസംഘടനയുടെ തലവനായാണ് പിതാവിനെപോലെ ഉദയനും രാഷ്ട്രീയത്തിലേക്ക് പടര്‍ന്നലിയുന്നത്.


കൃതികയാണ് ഭാര്യ. ഇന്‍പന്‍, തന്മയ എന്നിവര്‍ മക്കള്‍. പിതാവിന്റെ ആശിസ്സുകളേറെയുണ്ടെങ്കിലും മാതാവ് ദുര്‍ഗയുടെ വാശിയാണ് ഉദയനിധിയെ മന്ത്രിയാക്കിയതിന് പിന്നിലെന്നാണ ്ശത്രുക്കളുടെ പ്രചാരണം. സ്റ്റാലിന് പ്രായം ഏറിവരുമ്പോള്‍ പിന്ഗാമിയെ ഇപ്പോള്‍തന്നെ കണ്ടെത്തിയിരിക്കുകയാണെന്നും അവര്‍ പറയുന്നു. ദുരൈമുരുകനെയും എ.രാജയെയും പോലുള്ള രണ്ടാം സഥാനക്കാര്‍ ഇക്കാര്യത്തില്‍ ഇടയുമോ എന്ന് പറയാന്‍ വയ്യ. തമിഴ് രാഷ്ട്രീയത്തില്‍ കീഴ്‌വഴക്കങ്ങളും കീഴ്‌വണക്കങ്ങളും വലിയ തര്‍ക്കവിഷയമല്ല. കരുണാനിധിയുടെ മകളായ കനിമൊഴിയുടെ പിന്തുണയും ഉദയനിധിക്കുണ്ടെന്നാണ് കേള്‍വി.
എ.ഐ.ഡി.എം.കെ തകര്‍ന്നടിയുകയും പാര്‍ട്ടി പിളരുകയും ചെയ്തതോടെ ഡി.എം.കെയുടെ ഭാവി ഇപ്പോള്‍ ശോബനമാണ്. അടുത്തകാലത്തൊന്നും അതിന് ഭീഷണിയില്ലെന്നിരിക്കെ വരുംകാല തലൈവരായി ഉദയനിധി മാറിയാലും അത്ഭുതപ്പെടാനില്ല.

Test User: