തിരുവനന്തപുരം: സംസ്ഥാനത്ത് കോളിളക്കം ഉണ്ടാക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരെന്ന് കോടതി. ശിക്ഷാ വിധിക്കായുളള വാദത്തിനായി കേസ് മാറ്റി. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും എതിരെ കൊലക്കുറ്റം ചുമത്തി. മറ്റുള്ളവര്‍ക്ക് നേരെ വ്യാജരേഖ ചമച്ച കുറ്റമാണ് ഉള്ളത്. 13 വര്‍ഷം മുന്പ് നടന്ന കസ്റ്റഡി കൊലപാതകത്തിലാണ് വിധി. 2005 സെപ്തംബര്‍ 27ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടത്.
മോഷണ കുറ്റം ആരോപിച്ച് ശ്രീ കണ്ഠേശ്വരം പാര്‍ക്കില്‍ നിന്നും ഫോര്‍ട്ട് സിഐയുടെ സ്‌ക്വാഡിലുള്ള പൊലീസുകാര്‍ കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ സ്റ്റേഷനില്‍ വച്ച് ഉരുട്ടികൊലപ്പെടുത്തിയെന്നാണ് കേസ്.
രണ്ടു കേസുകളിലായി ആറു പൊലീസുകാരാണ് വിചാരണ നേരിട്ടത്. പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, എഎസ്ഐ കെ.വി.സോമന്‍, ഫോര്‍ട്ട് എസ്ഐയായിരുന്ന ടി.അജിത് കുമാര്‍, ഫോര്‍ട്ട് സിഐയായിരുന്ന ടി.കെ.സാബു, ഫോര്‍ട്ട് അസി.കമ്മീഷണറായിരുന്ന ഹരിദാസ് എന്നിവരാണ് പ്രതികള്‍. വിചാരണക്കിടെ സോമന്‍ മരിച്ചു. കൊലപാതക കേസില്‍ സിബിഐ പ്രതിയാക്കിയിരുന്ന മോഹനെന്ന പൊലീസുകാരനെ കോടതി ഒഴിവാക്കി.
കൊലപ്പെടുത്തിയ പൊലീസുകാരെ രക്ഷിക്കാന്‍ വ്യാജ രേഖകള്‍ ചമച്ച് ഉദയകുമാറിനെതിരെ മോഷണ കേസുമുണ്ടാക്കി. കൊലപാതകം. വ്യാജ രേഖ ചമക്കല്‍ എന്നിവയ്ക്ക് നല്‍കിയ രണ്ടു കുറ്റപത്രങ്ങള്‍ ഒരുമിച്ച് പരിഗണിച്ചായിരുന്നു വിചാരണ.
സിബിഐ പ്രതിയാക്കിയിരുന്ന ആറു പൊലീസുകാരെ മാപ്പു സാക്ഷിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കസ്റ്റഡിയിലായ ഉദയകുമാര്‍ മരിച്ചതു തുടയിലെ രക്തധമനി പൊട്ടിയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മോഷണക്കുറ്റം സമ്മതിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണു സി.ബി.ഐ നിഗമനം. ആദ്യം കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തില്‍ വിചാരണ തുടങ്ങിയപ്പോള്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറി. ഇതേ തുടര്‍ന്ന് ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയില്‍ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്. ഉദയകുമാറിനൊടൊപ്പം കസ്റ്റഡിയിലെടുത്ത സുരേഷ് ഉള്‍പ്പെട അഞ്ചുസാക്ഷികളാണ് കൂറുമാറിയത്.
കേസിലെ 55 സാക്ഷികളില്‍ 34 പേരെ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിസ്തരിച്ച ശേഷമാണ് കേസ് തുടരന്വേഷണത്തിനായി പുതിയ ഏജന്‍സിയെ ഏല്‍പ്പിച്ചത്. കേരളത്തിന്റെ കുറ്റന്വേഷണ ചരിത്രത്തില്‍ ഇങ്ങനെ സംഭവിച്ച ആദ്യ കേസും ഇതാണ്.