X
    Categories: CultureMoreViews

സത്യത്തിന്റെ വിജയമെന്ന് ഉദയകുമാറിന്റെ അമ്മ

തിരുവനന്തപുരം: ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കോടതി കടുത്ത ശിക്ഷ നല്‍കിയതില്‍ ദൈവത്തോട് നന്ദിയുണ്ടെന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ. ഇത് സത്യത്തിന്റെ വിജയമാണ്. നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇനിയൊരിക്കലും ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കട്ടയെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിധിപ്രസ്താവം കേള്‍ക്കാന്‍ പ്രഭാവതിയമ്മയും കോടതിയിലെത്തിയിരുന്നു.

ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ കുറ്റക്കാരായ പ്രതികളില്‍ രണ്ടുപേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഒന്നാം പ്രതിയായ കെ. ജിതകുമാര്‍, രണ്ടാംപ്രതി എസ്. വി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. മറ്റ് മൂന്ന് പ്രതികളായ അജിത് കുമാര്‍, ഇ.കെ സാബു, എ.കെ ഹരിദാസ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവ് വിധിച്ചു. രണ്ട് ലക്ഷം രൂപ വീതം പിഴയും ഇവര്‍ക്ക് വിധിച്ചിട്ടുണ്ട്.
ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും മറ്റ് മൂന്നുപേര്‍ക്കെതിരെ ഗൂഢാലോചനാ കുറ്റവുമാണ് കോടതി ചുമത്തിയിട്ടുള്ളത്.

2005 സെപ്തംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നില്‍ക്കെയാണ് ഉദയകുമാറിനെ ഫോര്‍ട്ട് സ്‌റ്റേഷനിലെ പൊലീസുകാരായിരുന്ന ജിതകുമാറും ശ്രീകുമാറും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. ഫോര്‍ട്ട് സ്‌റ്റേഷനിലെത്തിച്ച് മറ്റൊരുപ്രതിയായ സോമനും ചേര്‍ന്ന് ലോക്കപ്പില്‍ ഉരുട്ടികൊലപ്പെടുത്തുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: