X

ഉദയ് നാരായണ്‍ ചൗധരി രാജിവെച്ചു; എന്‍ഡിഎ-ജെഡിയു സഖ്യത്തിന് തിരിച്ചടി

പറ്റ്‌ന: മുതിര്‍ന്ന ജെഡിയു നേതാവും മുന്‍ നിയമസഭാ സ്പീക്കറുമായ ഉദയ് നാരായണ്‍ ചൗധരി ജെഡിയുവില്‍ നിന്ന് രാജിവെച്ചു. മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാറിന്റെ ദളിത് വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് ചൗധരി പാര്‍ട്ടി വിട്ടത്.

ദളിത് വിഭാഗത്തില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് ചൗധരി. അദ്ദേഹത്തിന്റെ രാജിയോടെ ബിഹാറിലെ എന്‍ഡിഎ-ജെഡിയു സഖ്യത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ അടുത്തിടെ സ്വീകരിച്ച നിലപാടുകള്‍ തന്നെ വേദനിപ്പിച്ചതായി ഉദയ് നാരായണ്‍ ചൗധരി മാധ്യമങ്ങളോട് പ്രതികരിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിനെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമം ദുര്‍ബലമാക്കിയതില്‍ മൗനം പാലിച്ചതിന് ചൗധരി കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. കൂടാതെ ദളിത് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നിര്‍ത്തിലാക്കിയതിനെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു.

മുതലാളി പ്രീണന നയമാണ് ബിഹാര്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഉദയ് നാരായണന്‍ ചൗധരി രാജിവെച്ചതോടെ നിരവധി ജെ.ഡി.യു പ്രവര്‍ത്തകരും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

chandrika: