X

ഉദയ്പൂര്‍ സംഭവം അപലപനീയം-എഡിറ്റോറിയല്‍

രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന അതിക്രൂരമായ സംഭവം അങ്ങേയറ്റം അപലപനീയവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നുപൂര്‍ ശര്‍മയെ അനുകൂലിച്ച് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ യുവാവിനെ രണ്ട് പേരടങ്ങുന്ന സംഘം തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തയ്യല്‍ക്കട നടത്തിവരുന്ന കനയ്യ ലാല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കടയിലേക്ക് തുണി തയ്പ്പിക്കാനെന്ന വ്യാജേന എത്തിയ രണ്ട് പേര്‍ ചേര്‍ന്നാണ് കനയ്യ ലാലിനെ വെട്ടിക്കൊലപ്പെടുത്തിയത്. സമൂഹ മാധ്യമത്തില്‍ വിവാദ പോസ്റ്റിട്ടതിന് കഴിഞ്ഞ 11ന് കനയ്യ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 15 നാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് സമുദായങ്ങളില്‍ നിന്നുള്ള പ്രകോപനപരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പരമ്പരയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഉദയ്പൂരിലെ മാല്‍ദാസ് എന്ന സ്ഥലത്താണ് സംഭവം.

പ്രവാചക നിന്ദയുടെ പേരില്‍ നടത്തുന്ന ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ഇസ്‌ലാമിന് ചേര്‍ന്നതല്ല. ഹീനമായ കൊലപാതകത്തിന്പിന്നില്‍ ആരായാലും ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. നിയമവാഴ്ചക്കും ഇസ്‌ലാം മതത്തിനും എതിരായ കൊലപാതകമാണിത്. ഒരു രാജ്യത്ത് നിയമം നടപ്പാക്കാന്‍ പ്രത്യേക സംവിധാനമുണ്ടെന്നിരിക്കെ ഒരാള്‍ക്കും സ്വന്തം നിലക്ക് നിയമം കൈയിലെടുക്കാന്‍ അവകാശമില്ല. ഒരു മതവും മനുഷ്യരാശിക്കെതിരായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, പ്രത്യേകിച്ച് ഇസ്‌ലാം മതം. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സമാധാനമാണ്. പ്രവാചകന്റെ പേരിലാണ് ഈ പൈശാചികതയെങ്കില്‍ ഇതിലും വലിയ പ്രവാചക നിന്ദ വേറെയില്ലെന്ന് പറയാം.

രാജ്യം അശാന്തിയിലേക്ക് നീങ്ങിക്കാണാന്‍ കുറേ നാളുകളായി ചിലര്‍ ശ്രമിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് പ്രവാചകന്‍ മുഹമ്മദ് നബി (സ) അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ബി.ജെ.പി വക്താവില്‍ നിന്ന് പ്രതികരണമുണ്ടാകുന്നത്. പാര്‍ട്ടി വക്താവ് നുപൂര്‍ ശര്‍മ്മ ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചക്കിടയിലാണ് വിവാദ പരാമര്‍ശം ആദ്യം ഉന്നയിച്ചത്. കേവലം നാക്കുപിഴയായിരുന്നില്ല ഇത്. പിന്നീട് ബി.ജെ.പി നേതാവ് നവീന്‍ കുമാര്‍ ജിന്‍ഡാലും വിവാദ ട്വീറ്റ് നടത്തി. അപ്പോഴൊന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായില്ല. നുപൂര്‍ ശര്‍മ്മ മെയ് 26ന് ടെലിവിഷന്‍ ചര്‍ച്ചയില്‍ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമര്‍ശം ഇസ്‌ലാമിക രാജ്യങ്ങളുടെ കടുത്ത വിമര്‍ശനനത്തിന് വഴിതുറന്നു. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അറബ് രാജ്യങ്ങളില്‍നിന്ന് നയതന്ത്ര പ്രതിഷേധങ്ങള്‍ക്ക് പരാമര്‍ശം കാരണമായി. പിന്നീടാണ് ഇരുവര്‍ക്കുമെതിരെ നടപടിയുണ്ടാകുന്നത്.

പ്രവാചകന്റെ ജീവിതത്തെ കുറിച്ചും ദര്‍ശനത്തെ കുറിച്ചും തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുമ്പോള്‍ അവ ദൂരീകരിക്കാനും മാനവികതയുടെ ഉദാത്ത മൂല്യങ്ങള്‍ സമ്മാനിച്ച ആ മഹിതമായ ജീവിതത്തിന്റെ മഹത്വവും വിശുദ്ധിയും ജനസമക്ഷം തുറന്നുകാണിക്കാനും ഉത്തരവാദപ്പെട്ടവരാണ് മുസ്‌ലിംകള്‍. മുഹമ്മദ് നബിയുടെ ജീവിതത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത എത്രയോ ജനകോടികള്‍ ഇന്നും ലോകത്തുണ്ട്. അവരോടൊക്കെയും സത്യവിശ്വാസികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. തനിക്കെതിരെ നിരന്തരം വന്നുകൊണ്ടിരുന്ന ആക്ഷേപ ശകാരങ്ങളെ പ്രവാചകന്‍ (സ) ഒരിക്കലും അക്രമം കൊണ്ട് നേരിട്ടിട്ടില്ല. അക്രമാസക്തരായി പ്രതികരിക്കാന്‍ ശിഷ്യന്മാരെ അനുവദിച്ചിട്ടുമില്ല. ‘തിന്മയെ നന്മകൊണ്ട് നേരിടുക’ എന്നാണ് നബി(സ) ഉയര്‍ത്തിപ്പിടിച്ച തത്ത്വം. പ്രവാചക നിന്ദയുടെ വ്യത്യസ്ത സംഭവങ്ങള്‍ തുടര്‍ക്കഥപോലെ ലോകത്ത് അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. മുഹമ്മദ് നബി(സ)യെ അവഹേളിക്കാന്‍ ചിലര്‍ കരാറെടുത്തിരിക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കുമറിയാം. സാമുദായിക സ്പര്‍ധയും കാലുഷ്യവും സൃഷ്ടിച്ച് ഇതര മതസ്ഥരില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തുക എന്ന കുടില ലക്ഷ്യമാണ് ഇതിന്റെ പിന്നില്‍. പ്രവാചക നിന്ദകള്‍കൊണ്ട് മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്ന കുടില ശക്തികള്‍ക്ക് ഈയൊരു ദുഷ്ടലാക്ക് കൂടിയുണ്ടെന്ന് സമുദായം തിരിച്ചറിയണം. പ്രതിയോഗികള്‍ പ്രകോപിപ്പിക്കുമ്പോള്‍ സമുദായം പ്രകോപിതരാകുന്നത് അവരുടെ വിജയവും സമുദായത്തിന്റെ പരാജയവുമാണ്. അത് തിരിച്ചറിഞ്ഞ് സംയമനം പാലിക്കുകയാണ് കരണീയ മാര്‍ഗം. അക്രമികളെ ഒറ്റപ്പെടുത്തുകയും സമാധാനം നിലനില്‍ക്കാന്‍ എല്ലാ പൗരന്മാരും ആത്മാര്‍ഥമായ ശ്രമം നടത്തുകയുമാണ് ഈയവസരത്തില്‍ വേണ്ടത്.

Chandrika Web: