X
    Categories: CultureSportsViews

ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ലൈനപ്പായി; റയലിന് കടുപ്പം

2017-18 യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനല്‍ ലൈനപ്പ് തീരുമാനമായി. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് ആണ് എതിരാളികള്‍. രണ്ടാം സെമിയില്‍ ലിവര്‍പൂളും എ.എസ് റോമയും ഏറ്റുമുട്ടും.

ബയേണിന്റെ ഗ്രൗണ്ടായ അലയന്‍സ് അറീനയിലാണ് സെമിയിലെ ആദ്യ മത്സരം. രണ്ടാം പാദം സാന്റിയാഗോ ബര്‍ണേബുവില്‍ നടക്കും. ലിവര്‍പൂള്‍ ആദ്യ മത്സരം സ്വന്തം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലും രണ്ടാം പാദം റോമയുടെ തട്ടകമായ ഒളിംപിക് സ്റ്റേഡിയത്തിലും കളിക്കും.

ഇരുപാദങ്ങളിലുമായി യുവന്റസിനെ 4-3 ന് മറികടന്നാണ് റയല്‍ സെമിഫൈനലിനെത്തിയത്. യുവന്റസിന്റെ തട്ടകത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ജയിച്ചിരുന്ന റയല്‍ സ്വന്തം ഗ്രൗണ്ടില്‍ നിശ്ചിത 90 മിനുട്ടില്‍ മൂന്നു ഗോളിന് പിറകിലായിരുന്നു. എന്നാല്‍, ഇഞ്ചുറി ടൈമില്‍ ലഭിച്ച വിവാദ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിനെ സെമിയിലേക്ക് നയിച്ചു. സെവിയ്യയുടെ തട്ടകത്തില്‍ ആദ്യപാദം 2-1 ന് ജയിച്ച ബയേണ്‍ രണ്ടാം പാദത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയാണ് സെമിയിലെത്തിയത്.

കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഇരുപാദങ്ങളിലുമായി 5-1 ന് തകര്‍ത്താണ് ലിവര്‍പൂളിന്റെ ഫൈനല്‍ പ്രവേശം. ആദ്യപാദം 3-0 ന് ജയിച്ച അവര്‍ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ 2-1 ന് ജയിച്ചു. ബാര്‍സലോണയുടെ ഗ്രൗണ്ടില്‍ ഒന്നിനെതിരെ നാലു ഗോളിന് തോറ്റ എ.എസ് റോമ, സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന്റെ ഐതിഹാസിക ജയത്തോടെയാണ് സെമിയിലേക്ക് മുന്നേറിയത്.

ഉക്രെയ്‌നിലെ കീവില്‍ ആണ് ഇത്തവണ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: