X
    Categories: CultureMore

7-1 ജയത്തോടെ പി.എസ്.ജി, മാഞ്ചസ്റ്ററിന് തോല്‍വി, യുവെ-ബാര്‍സ ഗോള്‍രഹിതം

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് കരുത്തരായ പി.എസ്.ജിക്ക് സെല്‍റ്റിക്കിനെതിരെ 7-1 ജയം. ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, അത്‌ലറ്റികോ മാഡ്രിഡ് ടീമുകളും ജയം കണ്ടപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എഫ്.സി ബാസലിനോട് തോറ്റു. കരുത്തരായ യുവന്റസും ബാര്‍സലോണയും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.

ഗ്രൂപ്പ് എയിലെ നിര്‍ണായക മത്സരത്തില്‍ മൈക്കല്‍ ലാങിന്റെ ഗോളിലാണ് എഫ്.സി ബാസല്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചത്. 12 പോയിന്റുമായി പ്രീക്വാര്‍ട്ടര്‍ ഏറെക്കുറെ ഉറപ്പിച്ച യുനൈറ്റഡിനു പിന്നാലെ ഒമ്പത് പോയിന്റോടെ ബാസല്‍ രണ്ടാം സ്ഥാനത്തെത്തി. അതേസമയം, ബെന്‍ഫിക്കയെ രണ്ടു ഗോളിന് വീഴ്ത്തി സി.എസ്.കെ.എ മോസ്‌കോയും ഒമ്പത് പോയിന്റ് സ്വന്തമാക്കി. ഇതോടെ, അവസാന റൗണ്ട് മത്സരങ്ങള്‍ നിര്‍ണായകമായി.

ഗ്രൂപ്പ് ബിയില്‍ നെയ്മര്‍, എഡിന്‍സന്‍ കവാനി എന്നിവരുടെ ഇരട്ട ഗോളുകളും കെയ്‌ലിയന്‍ എംബാപ്പെ, മാര്‍കോ വെരാറ്റി, ഡാനി ആല്‍വസ് എന്നിവരുടെ ഗോളുകളുമാണ് പി.എസ്.ജിക്ക് വന്‍ ജയമൊരുക്കിയത്. കളിയുടെ ഒന്നാം മിനുട്ടില്‍ മൂസ ഡെംബലെയുടെ ഗോളില്‍ സെല്‍റ്റിക് അപ്രതീക്ഷിത ലീഡ് നേടിയിരുന്നെങ്കിലും ഒമ്പതാം മിനുട്ടില്‍ നെയ്മര്‍ തിരിച്ചടിക്ക് തുടക്കമിടുകയായിരുന്നു.

ഗ്രൂപ്പ് സിയില്‍ ക്വാറബാഗിനെ എതിരില്ലാത്ത നാലു ഗോളിനാണ് ചെല്‍സി കീഴടക്കിയത്. എവേ ഗ്രൗണ്ടില്‍ വില്ലിയന്‍ രണ്ടു ഗോള്‍ നേടിയപ്പോള്‍ എയ്ഡന്‍ ഹസാര്‍ഡ്, സെസ്‌ക് ഫാബ്രിഗസ് എന്നിവരുടെ പെനാല്‍ട്ടി ഗോളുകളും സന്ദര്‍ശകര്‍ക്ക് ഗുണമായി.

യുവന്റസിന്റെ തട്ടകത്തില്‍ നടന്ന ഗ്രൂപ്പ് ഡി മത്സരത്തില്‍ കരുത്തരായ ആതിഥേയര്‍ക്കും ബാര്‍സലോണക്കും ഗോളടിക്കാനായില്ല. ഇതോടെ ബാര്‍സ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചപ്പോള്‍ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ഒളിംപിയാക്കോസ് പിറ്യേസിനെ 3-1 ന് കീഴടക്കി. ഇതോടെ യുവന്റശും സ്‌പോര്‍ട്ടിങും തമ്മിലുള്ള അവസാന റൗണ്ട് മത്സരത്തില്‍ ജയിക്കുന്ന ടീമിന് ബാര്‍സക്കൊപ്പം രണ്ടാം സ്ഥാനത്തേക്ക് മുന്നേറാമെന്ന സ്ഥിതിയായി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: