X

ചാമ്പ്യന്‍സ് ലീഗ്: ഹാട്രിക്കോടെ നിറഞ്ഞാടി മെസ്സി, നാണം കെട്ട് ഗ്വാര്‍ഡിയോള

ബാര്‍സലോണ: സ്റ്റാര്‍ട്ടിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് ലയണല്‍ മെസ്സി ഹാട്രിക്കോടെ ആഘോഷിച്ചപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണക്ക് വന്‍ ജയം. ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത നാലു ഗോളിനാണ് സ്പാനിഷ് ചാമ്പ്യന്മാര്‍ കശക്കിയത്. പ്രധാന താരങ്ങള്‍ വന്‍ അബദ്ധം വരുത്തിയപ്പോള്‍ തന്റെ മുന്‍ തട്ടകത്തിലേക്കുള്ള മടങ്ങിവരവ് സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോളക്ക് കയ്‌പേറിയ അനുഭവമായി. മത്സരത്തില്‍ സിറ്റി ഗോള്‍കീപ്പര്‍ ക്ലോഡിയോ ബ്ലാവോ നേരിട്ട് ചുവപ്പുകാര്‍ഡ് കണ്ടപ്പോള്‍ ബാര്‍സ ഡിഫന്റര്‍ ജെറമി മാത്യു രണ്ട് മഞ്ഞക്കാര്‍ഡ് കണ്ടും പുറത്തായി.

മറ്റൊരു മത്സരത്തില്‍ മസൂദ് ഓസിലിന്റെ ഹാട്രിക് മികവില്‍ ആര്‍സനല്‍ ബള്‍ഗേറിയന്‍ ക്ലബ്ബ് ലുഡോഗോററ്റ്‌സിനെ വീഴ്ത്തിയപ്പോള്‍ ബയേണ്‍ മ്യൂണിക്ക്, അത്‌ലറ്റികോ മാഡ്രിഡ്, പി.എസ്.ജി, ബെന്‍ഫിക്ക, ബൊറുഷ്യ ഗ്ലാദ്ബാഷ് ടീമുകളും ജയം കണ്ടു. നാപോളിയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി തുര്‍ക്കി ക്ലബ്ബ് ബേസിക്താസ് കരുത്തുകാട്ടി.

നൗകാംപിലെ കൊട്ടിഘോഷിച്ച ബാര്‍സലോണ-സിറ്റി മത്സരത്തില്‍ 17-ാം മിനുട്ടില്‍ സിറ്റി മിഡ്ഫീല്‍ഡര്‍ ഫെര്‍ണാണ്ടീഞ്ഞോക്ക് ബോക്‌സില്‍ വെച്ചുപറ്റിയ അബദ്ധമാണ് മെസ്സിയുടെ ആദ്യ ഗോളിനു വഴിവെച്ചത്. ബോക്‌സിനുള്ളില്‍ നിന്ന് പന്ത് അടിച്ചൊഴിവാക്കാനുള്ള ശ്രമത്തില്‍ ഫെര്‍ണാണ്ടീഞ്ഞോ അടിതെറ്റി വീണപ്പോള്‍ കുതിച്ചെത്തിയ മെസ്സി പന്ത് തട്ടിയെടുത്ത് ഗോള്‍കീപ്പറെയും വെട്ടിച്ച് ലക്ഷ്യം കാണുകയായിരുന്നു.

സ്വന്തം ബോക്‌സിനു ചുറ്റും പന്ത് പാസ് ചെയ്തു കളിക്കാന്‍ കാണിച്ച ധൈര്യമാണ് 53-ാം മിനുട്ടില്‍ ബ്രാവോയുടെ ചുവപ്പുകാര്‍ഡിലേക്ക് നയിച്ചത്. ബോക്‌സിനു പുറത്തിറങ്ങിയ ബ്രാവോ ലൂയി സുവാരസിന്റെ തലക്കുമുകളിലൂടെ പന്ത് ചിപ്പ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പാടേ പിഴച്ചു. പന്ത് കിട്ടിയ ബാര്‍സ സ്‌ട്രൈക്കര്‍ ആളൊഴിഞ്ഞ പോസ്റ്റ് ലക്ഷ്യംവെച്ചപ്പോള്‍ ഗോള്‍ ഏരിയക്കു പുറത്തുവെച്ച് പന്ത് കൈകൊണ്ട് തടയുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല ബ്രാവോക്ക്. ഗോളിലേക്കെന്നുറച്ച പന്തിന്മേല്‍ ഫൗള്‍ കളിച്ച മുന്‍ ബാര്‍സലോണ കീപ്പര്‍ക്ക് റഫറി നേരിട്ട് ചുവപ്പുകാര്‍ഡ് കാണിക്കുകയും ചെയ്തു.

61-ാം മിനുട്ടില്‍ ഇനീസ്റ്റയുടെ പാസ് സ്വീകരിച്ച് കരുത്തുറ്റ ഷോട്ടിലൂടെ മെസ്സി തന്റെ രണ്ടാം ഗോള്‍ നേടി. സിറ്റി പ്രതിരോധത്തിന്റെ പിഴവില്‍ നിന്നാണ് മെസ്സിയുടെ ഹാട്രിക് ഗോളെത്തിയത്. മിഡ്ഫീല്‍ഡര്‍ ഗുണ്ടോഗന്‍ പിന്നിലേക്ക് പാസ് ചെയ്ത പന്ത് അനായാസം പിടിച്ചെടുത്ത സുവാരസ് ബോക്‌സില്‍ നിന്ന് നല്‍കിയ പാസ് ഗോളിലേക്ക് തട്ടിയിടേണ്ട ചുമതലയേ മെസ്സിക്കുണ്ടായിരുന്നുള്ളൂ.

87-ാം മിനുട്ടില്‍ മെസ്സിയെ ബോക്‌സില്‍ വീഴ്ത്തിയതിന് ബാര്‍സക്ക് പെനാല്‍ട്ടി ലഭിച്ചെങ്കിലും നെയ്മറിന്റെ കിക്ക് സിറ്റി കീപ്പര്‍ വില്ലി കബായറോ തട്ടിയകറ്റി. എന്നാല്‍ 89-ാം മിനുട്ടില്‍ മെസ്സിയുടെ പാസ് സ്വീകരിച്ച് ബോക്‌സില്‍ പ്രതിരോധക്കാര്‍ക്കിടയിലൂടെ വെട്ടിച്ചുകയറിയ നെയ്മര്‍ മനോഹര ഗോളിലൂടെ തന്റെ പിഴവിന് പ്രായശ്ചിത്തം ചെയ്തു.

ബാര്‍സ പ്രതിരോധക്കാരായ ജോര്‍ദി ആല്‍ബ, ജെറാദ് പിക്വെ എന്നിവര്‍ക്ക് പരിക്കു കാരണം ആദ്യപകുതിയില്‍ കയറേണ്ടി വന്നപ്പോള്‍ 57-ാം മിനുട്ടില്‍ കാലില്‍ നിന്ന് ചോരയൊലിപ്പിച്ചാണ് സിറ്റി ക്യാപ്ടന്‍ പാബ്ലോ സബലേറ്റ കളം വിട്ടത്.

സ്വന്തം സ്‌റ്റേഡിയത്തില്‍ എതിരില്ലാത്ത ആറു ഗോളിനാണ് ആര്‍സനല്‍ ലുഡോഗോററ്റ്‌സിനെ വീഴ്ത്തിയത്. മസൂദ് ഓസിലിന്റെ ഹാട്രിക്കും അലക്‌സി സാഞ്ചസ്, തിയോ വാല്‍ക്കോട്ട്, അലക്‌സ് ഓക്‌സ്ലേഡ് ചേമ്പര്‍ലൈന്‍ എന്നിവരുടെ ഗോളുകളും ഗണ്ണേഴ്‌സിന് അനായാസ ജയമൊരുക്കി.

എയ്ഞ്ചല്‍ ഡിമരിയ, ലൂകാസ് മോറ, എഡിന്‍സന്‍ കവാനി എന്നിവരുടെ ഗോളുകളില്‍ പി.എസ്.ജി എഫ്.സി ബാസലിനെ കീഴടക്കി. വിന്‍സന്റ് അബൂബക്കറിന്റെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ബേസിക്താസ് നാപോളിയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയത്. റഷ്യന്‍ ക്ലബ്ബ് റോസ്‌തോവിനെ അവരുടെ ഗ്രൗണ്ടില്‍ നേരിട്ട അത്‌ലറ്റികോ, യാനിക് കറാസ്‌കോയുടെ ഗോളില്‍ ജയം കണ്ടു. പി.എസ്.വിക്കെതിരായ 4-1 ജയത്തില്‍ തോമസ് മ്യൂളര്‍, ജോഷ്വ കിമ്മിച്ച്, റോബര്‍ട്ട് ലെവന്‍ഡവ്‌സ്‌കി, ആര്‍യന്‍ റോബന്‍ എന്നിവര്‍ ബയേണിനു വേണ്ടി ലക്ഷ്യം കണ്ടു.

chandrika: