ടൂറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസും ടോട്ടനം ഹോട്‌സ്പറും തമ്മിലുള്ള മത്സരം സമനിലയില്‍. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ രണ്ടു ഗോളിന്റെ ലീഡ് നേടിയ ശേഷം ഇറ്റാലിന്‍ ക്ലബ്ബ് യുവന്റസ് 2-2 സമനില വഴങ്ങിയപ്പോള്‍ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി സ്വിസ് ക്ലബ്ബ് എഫ്.സി ബാസലിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത നാലു ഗോളിന് തോല്‍പ്പിച്ചു. ഇന്ന് മാഡ്രിഡില്‍ കരുത്തരായ റയല്‍ മാഡ്രിഡും പി.എസ്ജിയും തമ്മില്‍ ഏറ്റുമുട്ടും. പോര്‍ട്ടോയും ലിവര്‍പൂളും തമ്മിലാണ് മറ്റൊരു മത്സരം. ഇന്ത്യന്‍ സമയം രാത്രി 1.15 -നാണ് കിക്കോഫ്.
പരിക്കിന്റെ പിടിയിലുള്ള പൗളോ ഡിബാല, ബ്ലെയ്‌സ് മറ്റിയൂഡി, ഹുവാന്‍ ക്വഡ്രാഡോ ആന്ദ്രേ ബാര്‍സലി തുടങ്ങിയ പ്രമുഖരില്ലാതെ ഇറങ്ങിയ യുവെക്ക് സ്വന്തം കാണികള്‍ക്കു മുന്നില്‍ സ്വപ്‌നതുല്യമായ തുടക്കമാണ് ലഭിച്ചത്. രണ്ടാം മിനുട്ടില്‍ മിരാലം പ്യാനിക്കിന്റെ പെട്ടെന്നുള്ള ഫ്രീകിക്ക് ബോക്‌സില്‍ നിന്ന് പുറങ്കാല്‍ കൊണ്ട് വലയിലെത്തിച്ചാണ് ഗോണ്‍സാലോ ഹിഗ്വയ്ന്‍ ആരാധകരെ മുന്നിലെത്തിച്ചത്. ഒമ്പതാം മിനുട്ടില്‍ ഫിലിപ്പോ ബര്‍ണാഡേഷിയെ ബെഞ്ചമിന്‍ ഡേവിസ് ബോക്‌സില്‍ വീഴ്ത്തിയതിന് ടോട്ടനം പെനാല്‍ട്ടി വഴങ്ങി. കിക്കെടുത്ത ഹിഗ്വെയ്ന്‍ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ ഡൈവിനെ മറികടന്ന് ലക്ഷ്യം കണ്ടു.
35-ാം മിനുട്ടില്‍ ഹാരി കെയ്‌നിലൂടെയാണ് ടോട്ടനം ആദ്യ ഗോള്‍ മടക്കിയത്. മൂന്നു പ്രതിരോധക്കാര്‍ക്കിടയലൂടെ ഡെലെ അലി മുന്നോട്ടു നല്‍കിയ പാസ് സ്വീകരിച്ച് മുന്നോട്ടു കയറിയ ഗോള്‍കീപ്പര്‍ ഗ്യാന്‍ലുയ്ജി ബുഫണിനെയും കബളിപ്പിച്ച് ഇംഗ്ലീഷ് താരം ആളൊഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് പ്ലേസ് ചെയ്യുകയായിരുന്നു. ഇടവേളക്കു പിരിയുന്നതിനു മുമ്പ് ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം യുവെക്ക് ലഭിച്ചെങ്കിലും ഹിഗ്വയ്ന്‍ പെനാല്‍ട്ടി ക്രോസ്ബാറിലടിച്ച് പാഴാക്കിയത് വിനയായി.
71-ാം മിനുട്ടില്‍ ക്രിസ്റ്റ്യന്‍ എറിക്‌സന്റെ തന്ത്രപരമായ ഫ്രീകിക്കിലൂടെയാണ് ടോട്ടനത്തിന്റെ സമനില ഗോള്‍ വന്നത്. ഡെലെ അലിയെ ബോക്‌സിനു തൊട്ടു പുറത്ത് ജോര്‍ജിയോ കെല്ലിനി ഡെലെ അല്ലിയെ വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്കില്‍ നിലം പറ്റെയുള്ള ഷോട്ടിലൂടെയാണ് എറിക്‌സന്‍ വല കുലുക്കിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് വ്യക്തമായ ലീഡുമായി കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇല്‍കേ ഗുണ്ടോഹന്റെ ഇരട്ട ഗോളുകളുടെയും അഗ്വേറോ, ബെര്‍ണാര്‍ഡോ സില്‍വ എന്നിവരുടെ ഗോളുകളിലുമാണ് ജയം കണ്ടത്. 14-ാം മിനുട്ടില്‍ കെവിന്‍ ഡിബ്രുയ്‌നെയുടെ കോര്‍ണര്‍ കിക്കില്‍ ഹെഡ്ഡറുതിര്‍ത്ത് ഗുണ്ടോഹന്‍ ആദ്യ ഗോള്‍ നേടിയപ്പോള്‍ നാലു മിനുട്ടിനു ശേഷം ബോക്‌സില്‍ നിന്നുള്ള കനത്ത ഷോട്ടിലൂടെ ബെര്‍ണാര്‍ഡോ സില്‍വ ലീഡുയര്‍ത്തി. 23-ാം മിനുട്ടില്‍ ഫെര്‍ണാണ്ടിഞ്ഞോയുടെ പാസ് സ്വീകരിച്ച് ബോക്‌സിനു പുറത്തു നിന്ന് അഗ്വേറോ തൊടുത്ത ലോങ് റേഞ്ചര്‍ ഗോള്‍കീപ്പര്‍ക്ക് അനങ്ങാന്‍ അവസരം നല്‍കാതെ പോസ്റ്റിന്റെ വലതുഭാഗത്തേക്ക് ഇടിച്ചുകയറിയപ്പോള്‍ അഗ്വേറോയില്‍ നിന്ന് പന്ത് സ്വീകരിച്ച് പോസ്റ്റിന്റെ വലതു മൂലയിലേക്ക് അടിച്ചുകയറ്റി ഗുണ്ടോഹന്‍ പട്ടിക പൂര്‍ത്തിയാക്കി.