ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിന്റെ രണ്ടാം ദിനം വമ്പന്മാര്‍ എല്ലാം വിജയത്തുടക്കം കുറിച്ചപ്പോള്‍ ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി. ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണാണ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സ്വന്തം തട്ടതത്തില്‍ സിറ്റിയെ മുട്ടുകുത്തിച്ചത്. മക്സ് വെല്‍ കോമെറ്റ് (26), നബീല്‍ ഫെക്കീര്‍ (43) എന്നിവരാണ് ഗോള്‍ നേടിയത്. ബെര്‍ണാഡോ സില്‍വ(67)യാണ് സിറ്റിയുടെ ആശ്വാസ ഗോള്‍ നേടിയത്.
അതേസമയം യുവന്റസിനായി ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറിയ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് പുറത്തായി.വലന്‍സിയ ബോക്സില്‍ എതിര്‍താരവുമായുള്ള ഗൗരവമല്ലാത്ത ഫൗളിനും തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനുമാണ് ജര്‍മ്മന്‍ റഫറി ഫെലിക്സ് ബ്രിച്ച് ക്രിസ്റ്റ്യാനോക്ക് മാര്‍ച്ചിംഗ് ഓര്‍ഡര്‍ നല്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യമായാണ് ചുവപ്പുകാര്‍ഡ് കാണുന്നത്. കാര്‍ഡിന്റെ ഞെട്ടലില്‍ കണ്ണീരോടെയാണ് പോര്‍ച്ചുഗീസ് താരം കളം വിട്ടത്. മത്സരം എതിരില്ലാത്ത രണ്ടു ഗോളിന് യുവന്റസ് ജയിച്ചു. മിറാലിം ജാനിക് (45, 51) പെനാല്‍റ്റിയിലൂടെയാണ് രണ്ടു ഗോളുകളും നേടിയത്.
അതേസമയം നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ഇ്റ്റാലിയന്‍ കരുത്തരായ എ.എസ് റോമയെ തരിപ്പണമാക്കി. ഇസ്‌കോ (45), ഗാരെത് ബെയ്ല്‍ (58), മരിയാനോ (90+1) എന്നിവരാണ് എഎസ് റോമയുടെ വലകുലുക്കിയത്. മുന്‍ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് ജയത്തോടെ തുടങ്ങി. ലാവഡോസ്‌കിയുടെയും (10), റെനറ്റോ സാഞ്ചസിന്റെയും (54) ഗോളില്‍ ബെന്‍ഫിക്കയെ തോല്‍പ്പിക്കുകയായിരുന്നു.
നായകന്‍ പോള്‍ പോഗ്ബയുടെ ഇരട്ട ഗോള്‍ മികവില്‍ യംഗ് ബോയ്സിനെ 3-0ന് വീഴ്ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിജയത്തുടക്കം സ്വന്തമാക്കി. ഫ്രഞ്ച് താരം മാര്‍ഷലിന്റെ വകയായിരുന്നു ഒരു ഗോള്‍.
കഴിഞ്ഞ ദിവസം മെസ്സിയുടെ ഹാട്രിക് മികവില്‍ പിഎസ്‌വി എയ്ന്‍ഡോവനെ 4-0ന് ബാര്‍സലോണ തോല്‍പ്പിച്ചിരുന്നു. ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളും ഫ്രഞ്ച് ക്ലബ് പി.എസ്.ജിയും ഏറ്റുമുട്ടിയ ഗ്ലാമര്‍ പോരാട്ടത്തില്‍ 92-ാം മിനുട്ടില്‍ ബ്രസീലിയന്‍ താരം ഫിര്‍മീഞ്ഞോ നേടിയ ഗോളില്‍ ലിവര്‍പൂള്‍ രണ്ടിനെതിരെ മൂന്നു ഗോളിന് ജയിക്കുകയായിരുന്നു.മറ്റൊരു മത്സരത്തില്‍ 85-ാം മിനുട്ടുവരെ ലീഡെടുത്ത ടോട്ടനാമിനെ അവസാന മിനുട്ടുകളില്‍ രണ്ടു ഗോള്‍ നേടി ഇറ്റാലിയന്‍ ടീം ഇന്റര്‍ മിലാന്‍ മലര്‍ത്തിയടിച്ചു. നായകന്‍ ഇക്കാര്‍ഡി (85), വെസിനോ (92) എന്നിവരാണ് മിലാനുവേണ്ടി ലക്ഷ്യം കണ്ടത്. ക്രിസ്റ്റിയന്‍ എറിക്‌സണാ(53)നായിരുന്നു സ്‌പേര്‍സിന്റെ ഗോള്‍ സ്‌കോറര്‍.