X
    Categories: CultureSports

ചാമ്പ്യന്‍സ് ലീഗ്: യുവന്റസ് തോറ്റു, സിറ്റി പൊരുതി ജയിച്ചു

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ യുവന്റസിന് ഞെട്ടിക്കുന്ന തോല്‍വി. സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റികോ മാഡ്രിഡാണ് പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടങ്ങുന്ന സൂപ്പര്‍ സംഘത്തെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്തത്. ജര്‍മന്‍ ക്ലബ്ബ് ഷാല്‍ക്കെയെ അവരുടെ തട്ടകത്തില്‍ നേരിട്ട മാഞ്ചസ്റ്റര്‍ സിറ്റി രണ്ടിനെതിരെ മൂന്നു ഗോളിന് ജയിച്ചു.

അത്‌ലറ്റികോയുടെ തട്ടകമായ വാന്‍ഡ മെട്രോപൊളിറ്റാനോയില്‍ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് അത്‌ലറ്റികോ അര്‍ഹിച്ച ജയം സ്വന്തമാക്കിയത്. അല്‍വാരോ മൊറാട്ടയുടെ ഗോള്‍ വി.എ.ആറില്‍ അയോഗ്യമാക്കപ്പെട്ട ശേഷം 78-ാം മിനുട്ടില്‍ ഹോസെ മരിയ ഗിമനസും 83-ാം മിനുട്ടില്‍ ഡീഗോ ഗോഡിനും സ്പാനിഷ് ക്ലബ്ബിനു വേണ്ടി ലക്ഷ്യം കാണുകയായിരുന്നു.

2-1 ന് പിറകില്‍ നില്‍ക്കെ പ്രതിരോധ താരം നിക്കോളാസ് ഒറ്റമെന്‍ഡി രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായ ശേഷം പത്തുപേരുമായി കളിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി ജര്‍മനിയില്‍ ജയം നേടിയത്. 18-ാം മിനുട്ടില്‍ സെര്‍ജിയോ അഗ്വേറോ ആണ് ഇംഗ്ലീഷ് ടീമിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 38, 45 മിനുട്ടുകളില്‍ പെനാല്‍ട്ടിയിലൂടെ ലക്ഷ്യം കണ്ട് നബീല്‍ ബിന്‍ താലിബ് ഷാല്‍ക്കെക്ക് മേല്‍ക്കൈ നല്‍കി. 68-ാം മിനുട്ടില്‍ ഒറ്റമെന്‍ഡി പുറത്താവുകയും ചെയ്തു.

85-ാം മിനുട്ടില്‍ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ ലിറോയ് സാനെയാണ് സന്ദര്‍ശകരെ ഒപ്പമെത്തിച്ചത്. 90-ാം മിനുട്ടില്‍ റഹീം സ്റ്റര്‍ലിങ് കൂടി ലക്ഷ്യം കണ്ടതോടെ എവേ ഗ്രൗണ്ടില്‍ നിന്ന് മൂന്നു പോയിന്റോടെ മടങ്ങാന്‍ പെപ് ഗ്വാര്‍ഡിയോളയുടെ ടീമിനു കഴിഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: