X
    Categories: indiaNews

രണ്ട് നിയമങ്ങള്‍ അല്ല, ആയിരത്തോളം നിയമങ്ങള്‍: മോദിയുടെ വാക്കുകള്‍ ധ്രുവീകരണം ലക്ഷ്യമിട്ട്

കെ.പി ജലീല്‍

പ്രതിപക്ഷഐക്യത്തിന് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ അവരെ തമ്മിലടിപ്പിക്കുകയും മുന്‍കാലങ്ങളെ പോലെ വര്‍ഗീയധ്രുവീകരണം നടത്തി വോട്ട് തട്ടാനുള്ള ശ്രമവുമാണ് പ്രധാനമന്ത്രി മോദിയുടെ ഏകസിവില്‍കോഡ് പരാമര്‍ശം. മധ്യപ്രദേശിലെ ഭോപ്പാലില്‍ ബൂത്ത്തല പാര്‍ട്ടിപ്രവര്‍ത്തകരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഏകസിവില്‍കോഡ് വിഷയം പുറത്തെടുത്തിട്ടത്. മുമ്പുതന്നെ ഇരുപത്തിരണ്ടാം ലോ കമ്മീഷനും വിഷയം ഉയര്‍ത്തിവിട്ടിരുന്നു. ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളില്‍ ഏകസിവില്‍കോഡ് നടപ്പാക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് മോദി ഇതിനായി പറയുന്ന ന്യായം. എന്നാല്‍ മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞ ‘ഒരു വീട്ടില്‍ രണ്ട് നിയമങ്ങള്‍’ എന്നത് കൊണ്ട് വര്‍ഗീയധ്രുവീകരണം തന്നെയാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തം.

ഹൈന്ദവവിഭാഗങ്ങളില്‍ നൂറുകണക്കിന് ജാതികളും ഉപജാതികളും ഗോത്രവര്‍ഗങ്ങളും ഉണ്ടെന്നിരിക്കെയാണ് മോദി രണ്ട് നിയമം എന്ന് പറഞ്ഞ് വിഷയത്തെ മുസ്‌ലിംവിരുദ്ധമാക്കി അവതരിപ്പിച്ചിരിക്കുന്നത്. മുസ്‌ലിംകള്‍ മാത്രമല്ല, നിരവധി വിഭാഗങ്ങള്‍ അവരവരുടെ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടുനടക്കുമ്പോള്‍ എങ്ങനെയാണ് രണ്ട് നിയമങ്ങള്‍ എന്ന് പറയാനാകുക?ഏകിസിവില്‍കോഡ് നടപ്പാക്കുകയാണെങ്കില്‍തന്നെ ഏത് മതത്തിന്റെ നിയമമാണ് എല്ലാ വിഭാഗങ്ങള്‍ക്കുമായി നടപ്പാക്കുക എന്ന ചോദ്യമാണുയരുന്നത്. വിവിധ ആചാരങ്ങളാണ് വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ ഹിന്ദുമതത്തിലെ ഓരോ സമുദായത്തിനുമുള്ളത്. അതിനെയെല്ലാം ഹിന്ദുമതത്തിന്റെ ഒരൊറ്റ നിയമമായാണ് മോദി അവതരിപ്പിച്ചിരിക്കുന്നത്. പൗരത്വനിയമത്തിന്റെ കാര്യത്തിലും മുത്തലാഖിന്റെ കാര്യത്തിലും ഇതേ അടവ് തന്നെയാണ് മോദിയും കൂട്ടരും പയറ്റിയത്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടായിരുന്നു അത്. ഭൂരിപക്ഷസമുദായങ്ങളെ മുസ്‌ലിംകള്‍ക്കെതെരായി തിരിക്കുക എന്നതായിരുന്നു തന്ത്രം. രണ്ട് നിയമങ്ങള്‍ എന്ന് പറഞ്ഞതിലൂടെ മുസ്‌ലിംകളുടെ വ്യക്തിനിയമങ്ങളാണ് പ്രശ്‌നമെന്നും അതിനെതിരാണ് ഏകസിവില്‍ നിയമമെന്നും വരുത്തുകയാണ് മോദി ചെയ്തിരിക്കുന്നത്.

നിര്‍ദേശകതത്വങ്ങളില്‍ മദ്യനിരോധനം, സാര്‍വത്രിക സൗജന്യവിദ്യാഭ്യാസം തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും അതേക്കുറിച്ചൊന്നും മിണ്ടാതെയാണ് മതവുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങളെ ബി.ജെ.പി പുറത്തെടുത്തിട്ടിരിക്കുന്നത്. ലക്ഷ്യം വ്യക്തം. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് തന്നെ. മൂന്നാമതും അധികാരത്തിലെത്തുകയും രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ സംഘപരിവാരം ലക്ഷ്യമിടുന്നത്. മോദിക്കെതിരെ ബി.ജെ.പിയില്‍ ഉയര്‍ന്നിരിക്കുന്ന ഉള്‍പോരും തടുക്കുക ഇതിന് പിന്നിലെ ലക്ഷ്യമാണ്.
ഇതോടെ രാജ്യത്തെ ചര്‍ച്ചകള്‍ ഇതിലേക്ക് വലിച്ചിഴക്കുകയും രാജ്യത്തിന്റെ വിലക്കയറ്റം, തൊഴിലില്ലായ്മ, നികുതിക്കൊള്ള , കുത്തകവല്‍കരണം തുടങ്ങിയവയില്‍നിന്ന് ശ്രദ്ധതിരിച്ചുവിടുകയും ഇതിനുപിന്നിലെ ലക്ഷ്യമാണ്. മണിപ്പൂര്‍ കലാപത്തെ വാര്‍ത്തകളില്‍നിന്ന് തമസ്‌കരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ആംആദ്മി പാര്‍ട്ടി തത്വത്തില്‍ ഏകസിവില്‍കോഡിനെ അനുകൂലിക്കുന്നുവെന്ന് പറയുകയും കോണ്‍ഗ്രസ് ആലോചിച്ചുതീരുമാനമെടുക്കും എന്നുപറയുകയും ചെയ്തത് ബി.ജെ.പിയില്‍ ആഹ്ലാദം പടര്‍ത്തിയിരിക്കുകയാണ്.

Chandrika Web: