X

ഏകീകൃത സിവില്‍ കോഡ് മുസ്‌ലിം വൈകാരിക പ്രശ്‌നമല്ല- ലേഖനം

പുത്തൂര്‍ റഹ്മാന്‍

സംഘ്പരിവാര്‍ അജണ്ടയിലെ പ്രധാന ഇനമായ രാജ്യത്തിനൊരു ഏകീകൃത സിവില്‍ കോഡ് എന്ന കുപ്പിക്കുള്ളിലെ ഭൂതത്തെ ബി.ജെ.പി വീണ്ടും പുറത്തെടുത്തുകഴിഞ്ഞു. പതിനാറാം നൂറ്റാണ്ടു മുതല്‍ രാജ്യത്തു നിലനിന്ന ബാബരി മസ്ജിദ് തകര്‍ത്ത് തല്‍സ്ഥാനത്ത് രാമക്ഷേത്രം പണിയുക എന്ന ഹിന്ദുത്വ വികാരോദ്ദീപനം കൊണ്ട് മുന്നോട്ടുപോയവര്‍ക്ക് പുതിയ വൈകാരിക പരിപാടി വേണം. ഇലക്ഷന്‍ ജയിക്കാന്‍ ഇനിയുള്ള ഉപായമാണ് ഈ യൂണിഫോം സിവില്‍ കോഡ്. 1995ലും 2017ലും സുപ്രീം കോടതി വീണ്ടും വീണ്ടും ആവശ്യപ്പെട്ടതാണെങ്കിലും ഒരു കരടു രൂപരേഖ പോലും നിലവില്‍ എഴുതപ്പെട്ടിട്ടില്ലാത്ത ഏകീകൃത സിവില്‍ കോഡ് എന്ന ഇല്ലാത്ത നിയമാവലികളുടെ പേരില്‍ നാട് വാഗ്വാദത്തിലേക്കും ജനങ്ങളുടെ ഭിന്നിപ്പിലേക്കും എടുത്തെറിയപ്പെടുകയാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യത്തെ നാലു വര്‍ഷത്തിന് ശേഷം 2018ല്‍, ഏകൃകൃത സിവില്‍ കോഡ് ആവശ്യമില്ലെന്നും അഭികാമ്യമല്ലെന്നും ഇന്ത്യന്‍ ലോ കമ്മീഷന്‍ വ്യക്തമാക്കിയതയാണ്. ഇപ്പോഴിതാ വീണ്ടും ഏകൃകൃത സിവില്‍ കോഡും ലോ കമ്മീഷന്റെ അഭിപ്രായ സമാഹരണവും ചര്‍ച്ചകളും ആരംഭിച്ചിരിക്കുന്നു.

ഈ ചര്‍ച്ചകളുടെ പ്രധാന ഭാഗം എപ്പോഴും മുസ്‌ലിംകള്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. ഏകീകൃത സിവില്‍കോഡ് ഒരു ഹിന്ദുമുസ്‌ലിം പ്രശ്‌നമാണെന്ന രൂപത്തിലാണ് തര്‍ക്കങ്ങള്‍ മുഴുവന്‍. മുസ്‌ലിം സമുദായത്തെ അപരന്മാരാക്കിയും ശത്രുക്കളാക്കിയും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയും അതുവഴി രാഷ്ട്രീയ വിജയം നേടുകയും ചെയ്യുക എന്ന പദ്ധതി രൂപപ്പെടുത്തിയ സംഘ്പരിവാരത്തെ സഹായിക്കുന്ന തരത്തിലാണ് ചര്‍ച്ചകളെല്ലാം. വാസ്തവത്തില്‍ ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഭരണഘടനാ നിര്‍മാതാക്കള്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍, ഭരണഘടനയുടെ 44 ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള നയതത്വ നിര്‍ദേശത്തിന്റെ ഭാഗമായിട്ടായിരുന്നില്ല അതു രേഖപ്പെടുത്തേണ്ടത്. നമ്മുടെ മഹത്തായ ഭരണഘടനയില്‍ ഗവണ്‍മെന്റിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മാത്രമായാണ് ഏകീകൃത സിവില്‍ കോഡിന്റെ കാര്യം ചേര്‍ത്തിരിക്കുന്നത്. അവ കര്‍ശനമായി പിന്തുടരേണ്ട ആവശ്യമില്ല, ഏതെങ്കിലും കോടതിക്ക് അവ നടപ്പിലാക്കാനും കഴിയില്ല എന്നതാണ് ഭരണഘടനാ പണ്ഡിതരുടെ അഭിപ്രായം. സദ്ഭരണത്തിലേക്ക് നയിക്കുന്നതിനുള്ള ക്രിയാത്മകമായ ബാധ്യത മാത്രമായി ചേര്‍ക്കപ്പെട്ട ഒരു നിര്‍ദേശത്തെയാണ് ഇന്ത്യയിലാകെ വിഭാഗീയത വളര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. ഇന്ത്യ മതേതര, ജനാധിപത്യ, റിപബ്ലിക് ആണെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം അര്‍ത്ഥ ശങ്കയില്ലാതെ പറയുന്നു. ഈ അടിസ്ഥാന തത്വം പൂര്‍ണമായും പാലിക്കാനാവാത്തവര്‍ ഒരു ഭാഗികമായ നിര്‍ദേശത്തെ പൊക്കിപ്പിടിച്ചുവരുന്നതില്‍ തന്നെയുണ്ട് ദുരുദ്ദേശ്യം. ഇന്ത്യന്‍ ഭരണഘടന നമ്മുടെ രാജ്യത്തെ ഒരു ‘മതേതര’ ജനാധിപത്യ റിപബ്ലിക്കായി വിഭാവനം ചെയ്തു. അതിനര്‍ത്ഥം രാജ്യത്തിന് ഔദ്യോഗിക മതം ഇല്ലെന്നാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഭരണകൂടം ഏതെങ്കിലും പ്രത്യേക മതത്തില്‍ പ്രവര്‍ത്തിക്കുകയോ മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുകയോ ചെയ്യരുതെന്നാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഉം 26 ഉം പ്രാബല്യത്തില്‍ വരുത്താവുന്ന മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും മതപരമായ കാര്യങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യവും ഉറപ്പാക്കുന്നു.

അതേ സമയം, ആര്‍ട്ടിക്കിള്‍ 44, ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് രൂപപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ടെന്ന നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്യുന്നത്. ഇതിനെ ലിംഗനീതിയുടെ ആശയമായി അവതരിപ്പിച്ചുകൊണ്ടാണ് അനുകൂലിക്കുന്നവര്‍ സംസാരിക്കുന്നത് എന്നതാണ് വലിയ തമാശ. രാജ്യത്ത് നിലവിലുള്ള അംഗീകൃത സിവില്‍ നിയമങ്ങള്‍ ഇന്ത്യ അതിനുള്ളില്‍ താമസിക്കുന്ന വൈവിധ്യമാര്‍ന്ന ജനങ്ങളെ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നതിന്റെ തെളിവാണ്. നാനാത്വത്തില്‍ ഏകത്വം എന്ന നമ്മുടെ മതേതരമൂല്യങ്ങളുടെ പ്രകടനവുമാണത്. സമത്വത്തിനുള്ള അവകാശവും വിവേചനമില്ലായ്മയും പോലെ സ്വന്തം മതം പിന്തുടരാനുള്ള സ്വാതന്ത്ര്യവും ഇന്ത്യയില്‍ നിലവിലുണ്ട്. ഏറെ വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങളെ അവരുടെ മതപാരമ്പര്യങ്ങള്‍ ആചരിക്കാന്‍ അനുവദിച്ചുകൊണ്ട്, വ്യക്തിപരമായ നിയമങ്ങളുടെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയുന്ന ഒരു വഴിയാണ് ഇന്ത്യ സ്വീകരിച്ചത്. ആ സുന്ദരമായ ഇന്ത്യ അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതുകൂടി ഇല്ലാതാക്കാനുള്ള ശ്രമമാണ് ബി.ജെ.പിയുടെ നീക്കത്തിനു പിന്നിലെന്നു തിരിച്ചറിയാത്ത ചര്‍ച്ചക്കാരെക്കൊണ്ട് പൊറുതിമുട്ടിയ ദിവസങ്ങളാണിപ്പോള്‍ നമുക്കുള്ളത്.
നമ്മുടെ ഭരണഘടന പ്രകാരം നിയമസങ്കല്‍പ്പവും മതസങ്കല്‍പ്പവും വ്യത്യസ്തമാണ്. ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്മാരെ അവരുടെ ഇഷ്ടാനുസൃതമുള്ള മതം പിന്തുടരാന്‍ അനുവദിക്കുന്നു. അതിന്റെ അര്‍ത്ഥം മതപരമായ ജീവിതവും മതനിയമങ്ങളും പാലിക്കുക എന്നതും ഭരണഘടന മൗലിക അവകാശമായി വകവച്ചുതരുന്നുവെന്നതാണ്. 2019ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രികയില്‍ ബി.ജെ.പി പ്രഖ്യാപിച്ച ഏകീകൃത സിവില്‍ കോഡ് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി വീണ്ടും പൊടിതട്ടിയെടുക്കുമ്പോള്‍ നമുക്കറിയാവുന്ന യാഥാര്‍ത്ഥ്യം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പിലേക്കിനി ഏറെ സമയമില്ലെന്നതാണ്. ന്യൂനപക്ഷങ്ങളുടെ മതപരമായ ആചാരങ്ങള്‍ക്കും അവരുടെ വ്യക്തിനിയമങ്ങള്‍ക്കും നല്‍കിയിട്ടുള്ള ഭരണഘടനാപരമായ ഉറപ്പുകള്‍ ലംഘിക്കുന്നതിനാല്‍ മത ന്യൂനപക്ഷങ്ങളും മതേതരചിന്ത പുലര്‍ത്തുന്നവരും ഇതിനെ എതിര്‍ക്കും. രാജ്യത്തു നടക്കുന്ന സംവാദങ്ങളുടെ ഗതി ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. ഏകീകൃത സിവില്‍ കോഡിനായി ആവേശത്തോടെ മുറവിളി കൂട്ടുക മാത്രമല്ല മുസ്‌ലിം വിരുദ്ധത ആളിക്കത്തിക്കാനതൊരു വഴിയായി സ്വീകരിക്കുകയും ചെയ്യും. ഏകീകൃത സിവില്‍ കോഡ് എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് എന്തെങ്കിലും വ്യക്തതയില്ല. എന്നാല്‍ രാജ്യത്തെ മുച്ചൂടും മൂടുന്ന ഹിന്ദുത്വ പ്രവണതകള്‍ കുത്തിനിറച്ച ഒരു നിയമവാലിയെ ഏകീകൃത സിവില്‍ കോഡ് എന്ന പേരിലവതരിപ്പിക്കാനാണ് സാധ്യത എന്നതിവല്‍ ഇന്നാര്‍ക്കും സംശയമില്ല. കാരണം ആര്‍.എസ്.എസ് ലക്ഷ്യം വെക്കുന്ന ഹിന്ദുരാജ്യ രൂപീകരണത്തിലേക്കാണീ ചാട്ടമെന്നതാണ് സത്യം. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപനം നേരത്തെ തന്നെ പ്രധാനമന്ത്രി ആരംഭിച്ചതാണ്.

നേരത്തെ ലിംഗസമത്വവും ലിംഗനീതിയും മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി അതിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികകളില്‍ ഏകീകൃത സിവില്‍ കോഡ് ചേര്‍ത്തത്. ലിംഗനീതിയാണ് മുന്‍ഗണനയെങ്കില്‍, ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നമായതിനാല്‍, അത്തരത്തില്‍ നിയമനിര്‍മാണം നടത്തുകയാണല്ലോ വേണ്ടത്. ആര്‍.എസ്.എസ് നേതൃത്വത്തില്‍ എത്ര സ്ത്രീകളുണ്ട് എന്ന ചോദ്യം രാജ്യത്ത് ഉന്നയിക്കപ്പെടുന്നുണ്ട്. ലിംഗസമത്വത്തിനും ഭരണഘടനാ സംരക്ഷണത്തിനും വേണ്ടിയുള്ള ബി.ജെ.പിയുടെ ആശങ്ക വിവേചനപരമായ ഹൈന്ദവ ആചാരങ്ങള്‍ വരുമ്പോള്‍ ഇല്ലാതാകുന്നു എന്നതാണ് സത്യം. 2018ല്‍ ശബരിമല ക്ഷേത്രത്തില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിച്ചുകൂടെന്ന വിലക്ക് സുപ്രീം കോടതി റദ്ദാക്കിയപ്പോള്‍ അത് വ്യക്തിസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഭരണഘടന നല്‍കുന്ന ഉറപ്പുകളുടെ ലംഘനമാണെന്ന് പ്രഖ്യാപിച്ചവരാണ് ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡിനു ജയ് വിളിക്കുന്നത്. കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ എതിര്‍ത്തുകൊണ്ടുള്ള കോലാഹലം ബി.ജെ.പി ആസൂത്രണം ചെയ്തതു നാം മറന്നിട്ടില്ല.

കേരളത്തിലെ ഇടതുപക്ഷത്തിനും മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഒരു സാങ്കല്‍പികമായ ഹിന്ദുജനമനസ് രൂപപ്പെടുത്തുകയും കേരളത്തെ തങ്ങളുടെ വരുതിയിലാക്കാന്‍ അത് ഉപയോഗിക്കുകയുമാണ് അന്ന് ചേയ്തത്. ബി.ജെ.പി തിരഞ്ഞെടുപ്പു വിജയങ്ങളിലൂടെ രൂപപ്പെടുത്തിയ ഒരു സ്വേച്ഛാധിപത്യ ജനകീയ രാഷ്ട്രീയം ഇന്ന് ദൃശ്യമാണ്. പ്രത്യക്ഷത്തില്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് നരേന്ദ്രമോദി തന്നെയും പറയാറും ചെയ്യാറും. മുത്തലാഖിനെതിരായ സുപ്രീം കോടതിയുടെ വിധിയെ പിന്തുണച്ചുകൊണ്ട്, മുസ്‌ലിം പുരുഷന്മാരെ മാത്രം വില്ലന്മാരാക്കുകയും മുസ്‌ലിംകളെ മുന്‍ മതേതര സര്‍ക്കാരുകളെ ലക്ഷ്യം വയ്ക്കുകയും ചെയ്തു. എന്നാല്‍ ഗുസ്തി താരങ്ങള്‍ നേരിട്ട കടുത്ത ലൈംഗിക അതിക്രമങ്ങളെ പറ്റി ഇന്നേവരെ നമ്മുടെ പ്രധാനമന്ത്രി വാതുറന്നിട്ടുമില്ല.
മുസ്‌ലിംകളെ കുറ്റക്കാരായി സ്ഥാപിക്കുക, പ്രതിസ്ഥാനത്തു നിര്‍ത്തുക, ഈ സാങ്കല്‍പിക വില്ലനെതിരെ യുദ്ധം പ്രഖ്യാപിക്കുക, ഹിന്ദുവികാരം ഉണര്‍ത്തുക, തിരഞ്ഞെടുപ്പ് ജയിക്കുക എന്ന ഫോര്‍മുല മുന്നില്‍ കണ്ടാണ് ഏകീകൃത സിവില്‍ കോഡ് ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞുള്ള പ്രതികരണമാണ് രാജ്യത്തെ മതേതര ജനാധിപത്യം വിശ്വാസികളില്‍ നിന്നുണ്ടാവേണ്ടത്. ഏകീകൃതവും ഭൂരിപക്ഷഹിതം പാലിക്കപ്പെടുന്നതുമായ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ബി.ജെ.പിയുടെ പ്രധാന പ്രേരണ. എന്നാല്‍ ഹിന്ദു വ്യക്തിനിയമം പരിഷ്‌കരിക്കുന്നത് ഹിന്ദുക്കള്‍ക്കിടയിലെ ഭിന്നത തുറന്നുകാട്ടുമെന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. അനന്തരാവകാശ കാര്യങ്ങളില്‍ രാജ്യത്തെ ഹിന്ദുക്കളായ പുരുഷ അവകാശികള്‍ക്ക് നല്‍കുന്ന മുന്‍ഗണന, ഹിന്ദു ബഹുഭാര്യത്വം എന്നിവ പോലെ പരിഷ്‌കരിക്കാന്‍ എളുപ്പമല്ലാത്ത വ്യക്തിനിയമ സംഹിതകള്‍ വേറെയും നമ്മുടെ രാജ്യത്തുണ്ട്. ഏകീകൃത സിവില്‍ കോഡ് സംബന്ധമായി ഇന്നലെ പാര്‍ലമെന്റ് സമിതി വിളിച്ചുകൂട്ടിയ യോഗത്തില്‍ ഈ അഭിപ്രായ ഭിന്നതകള്‍ പൊങ്ങിവന്നുകഴിഞ്ഞു. രാജ്യത്തെ ഗോത്രവര്‍ഗങ്ങളെ ഒഴിവാക്കിയുള്ള ഏകീകൃത സിവില്‍ കോഡ് എന്ന തരത്തിലേക്ക് ഇന്നലെ തന്നെ നിയമമന്ത്രാലയം വന്നുകഴിഞ്ഞു.

ബി.ജെ.പി വിളവുകൊയ്യുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഘടകകക്ഷികള്‍ സമ്മര്‍ദ്ദം ആരംഭിച്ചതായും കാണാം. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴൊക്കെ വിഷയം എടുത്തിടുന്ന ബി.ജെ.പി നേതൃത്വം ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രീതികള്‍ ഇതുവരെ വിശദീകരിച്ചിട്ടില്ല. രാജ്യത്തെ മുസ്‌ലിം സമൂഹത്തെ പേടിപ്പിക്കാനുള്ള വിഷം പുരട്ടിയ അമ്പുമാത്രമാണിത്. രാജ്യത്തെ മുസ്‌ലിം സംഘടനകളും മതനേതൃത്വവും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമെന്ന നിലയില്‍ ഈ നീക്കത്തോട് പ്രതികരിക്കാതിരിക്കുകയാണ് ഉചിതമായ നടപടി. ഇന്ത്യയിലെ മുസ്‌ലിംകള്‍ അനുഭവിക്കുന്ന വ്യക്തിനിയമം അവകാശങ്ങള്‍ ഇല്ലാതാവും എന്ന തരത്തിലേക്കു മാത്രമായി പ്രചാരണം നടക്കുകയാണ് ബി.ജെ.പിക്കു വേണ്ടത്. ആ ചൂണ്ടയില്‍ നമ്മള്‍ കൊത്താതിരുന്നാല്‍ തന്നെ ഈ ചര്‍ച്ചകൊണ്ട് ഉദ്ദേശിക്കുന്ന ഫലം സംഘ്പരിവാറിനു ലഭിക്കില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് ഒരുമിച്ചിരുന്നു ചര്‍ച്ച നടത്തിയ മുസ്‌ലിം സംഘടനകളുടെ നേതാക്കള്‍ വിവേകപൂര്‍ണമായ ഈ തീരുമാനം കൈകൊണ്ടതും ഇതൊരു മുസ്‌ലിം വൈകാരിക പ്രശ്‌നമാക്കാന്‍ അനുവദിക്കരുതെന്ന ധാരണയിലെത്തിയതും ഏറെ പ്രശംസനീയമായ കാര്യമാണ്. ഏക സിവില്‍ കോഡിന് ഏക തടസം മുസ്‌ലിം വ്യക്തിനിയമമാണ് എന്ന പ്രചാരണം സംഘ് പരിവാറിന്റേതാണ്. ഇന്ത്യയെന്ന വൈവിധ്യങ്ങളുടെ ഭൂമിയാണ് ഏകീകൃത സിവില്‍ കോഡിനു വിസമ്മതിക്കുക എന്ന ചിന്തയാണ് നാം ഈയവസരത്തില്‍ വളര്‍ത്തേണ്ടത്. ഹിന്ദുത്വ സ്വേച്ഛാധിപത്യം കൂടുതല്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്ന കാലത്ത് അത് ഇന്ത്യയെ ഇന്ത്യയായി നിലനിര്‍ത്താനുള്ള ശ്രമം കൂടിയായിരിക്കും.

Chandrika Web: