വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിന ്മുമ്പ് ഏകസിവില്‍കോഡ് നടപ്പാക്കുകയോ അതേക്കുറിച്ച് വ്യാപകമായ വിവാദം ഉയര്‍ത്തിവിടുകയോ ചെയ്യാന്‍ ബി.ജെ.പി . കഴിഞ്ഞദിവസം കേന്ദ്ര മന്ത്രിസഭയിലെ ഉന്നതര്‍ ഇതിനായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തരമന്ത്രി അമിത്ഷാ, നിയമമന്ത്രി കിരണ്‍ റിജിജു, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരാണ് ചര്‍ച്ച നടത്തിയത്. ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. കര്‍ണാടകത്തില്‍ മെയ് 10ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിജാബ് വിവാദവും മുസ്്‌ലിംംസവരണം എടുത്തുകളഞ്ഞതും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനിടെയാണ് സിവില്‍കോഡും ചര്‍ച്ചക്കിടുന്നത്. ഇത് മുസ്്‌ലിംവിരുദ്ധവോട്ടുകള്‍ ബി.ജെ.പിക്ക് ഏകോപിക്കാന്‍ സഹായിക്കുമെന്നാണത്രെ കണക്കുകൂട്ടല്‍.
ചന്ദ്രിക മുഖപ്രസംഗം:
വീണ്ടും വിനാശ ബുദ്ധി
രാജ്യത്തെ രാഷ്ട്രീയ സാഹചര്യം കലുഷിതമായി നിലകൊള്ളുമ്പോള്‍ പതിവു പോലെ ധ്രുവീകരണ അജണ്ടയുമായി ബി.ജെ.പി രംഗത്തിറങ്ങുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതിന്റെ സൂചനകള്‍ നല്‍കുന്നത്. നിയമമന്ത്രി കിരണ്‍ റിജു, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ പാര്‍ലമെന്റ് വഴി നിയമനിര്‍മാണത്തിലൂടെ രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പില്‍ വരുത്താനുള്ള ആലോചനകളാണ് പുരോഗമിക്കുന്നത്.
രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം കേന്ദ്ര സര്‍ക്കാറിനും ബി.ജെ.പിക്കും ഒട്ടും അനുകൂലമല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്കെതിരായ പ്രതികാര നടപടികളില്‍ നിന്നാരംഭിച്ച ദുശ്ശകുനം പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍, നിയമസഭാ തിരഞ്ഞെടുപ്പ് മുഖത്തുവെച്ച് കര്‍ണാടകയില്‍ നടക്കുന്ന രാഷ്ട്രീയ കൂടുമാറ്റം എന്നിവയിലൂടെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് ജമ്മുകശ്മീര്‍ മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തല്‍ ഒരു പ്രതികരണത്തിന് പോലും സാധ്യമാവാതെ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പുല്‍വാമയില്‍ നഷ്ടമായ 40 ധീരജവാന്മാരുടെ ജീവന് മറുപടി പറയേണ്ട ഉത്തരവാദിത്തമാണ് ഇതോടെ കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രിക്കും മേല്‍ വന്നിരിക്കുന്നത്. സാധാരണ രാഷ്ട്രീയ ആരോപണങ്ങള്‍ പോലെ ബി.ജെ..പിക്ക് ലാഘവത്തോടെ തള്ളിക്കളയാന്‍ കഴിയുന്ന ഒന്നല്ല ഇത്. ഭരണഘടനാ പദവിയില്‍ ഇരുന്ന, ആക്രമണം നടക്കുമ്പോള്‍ ജമ്മുകശ്മീരിന്റെ ഭരണ ചുമതല വഹിച്ചിരുന്ന ആള്‍ നടത്തിയ വെളിപ്പെടുത്തലാണ്. ഇക്കാര്യത്തില്‍ മറുപടി പറയാനുള്ള ബാധ്യത പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനുമുണ്ട്. മുന്‍നിര ദേശീയ മാധ്യമങ്ങള്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെങ്കിലും മാലികിന്റെ വെളിപ്പെടുത്തലുകള്‍ രാജ്യാന്തര മാധ്യമങ്ങള്‍ വലിയ ഗൗരവത്തോടെയാണ് ഏറ്റെടുത്തത്. ലോക നേതാവാകാന്‍ വേണ്ടി വെമ്പല്‍ കൊള്ളുന്ന പ്രധാനമന്ത്രിയെ സംബന്ധിച്ചടുത്തോളം രാജ്യാന്തര രംഗത്ത് അദ്ദേഹം കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്ന സല്‍പേരിന് ഈ വെളിപ്പെടുത്തല്‍ കളങ്കം വരുത്തിയിരിക്കുകയാണ്.
സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍ ഭരണപരമായ പ്രതിരോധമാണ് സര്‍ക്കാറിനുണ്ടാക്കിയതെങ്കില്‍ കര്‍ണാടകയിലേത് രാഷ്ട്രീയ പ്രതിസന്ധിയാണ്. അധികാരത്തിന്റെ ഹുങ്കില്‍ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളെ അട്ടിമറിക്കുകയും സകല ധാര്‍മിക മര്യാദകളും കാറ്റില്‍പറത്തി പ്രലോഭനങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും ഇതര പാര്‍ട്ടി നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കുകയും ചെയ്യുന്നത് പ്രവര്‍ത്തന ശൈലിയാക്കിമാറ്റിയ ഫാസിസ്റ്റുകള്‍ക്ക് കന്നഡ മണ്ണില്‍ അതേ നാണയത്തില്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നു. മുന്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എന്നിവരെല്ലാം ഒന്നൊന്നായി കൂടൊഴിഞ്ഞുപോകുമ്പോള്‍ അമിത്ഷാക്കും സംഘത്തിനും നോക്കിനില്‍ക്കാന്‍ മാത്രമേ സാധിക്കുന്നുള്ളൂ. ദക്ഷിണേന്ത്യയില്‍ കാലുറപ്പിക്കാന്‍ സകല സന്നാഹങ്ങളുമായി തയാറെടുക്കുന്നതിനിടയിലാണ് മേഖലയില്‍ ആദ്യമായി താമര വിരിഞ്ഞ മണ്ണില്‍ പാര്‍ട്ടി ഉപ്പുവെച്ച കലംപോലെയായി മാറുന്നത്.
ഈ സാഹചര്യത്തില്‍ വേണം ഏക സിവില്‍കോഡെന്ന തുറുപ്പുചീട്ടുമായി സംഘപരിവാര്‍ വീണ്ടും രംഗത്തെത്തുന്നതിനെ വിലയിരുത്താന്‍. എണ്‍പതുകളില്‍ രണ്ടേ രണ്ടു സീറ്റുമായി പാരല്‍മെന്റിന്റെ മൂലയില്‍ കഴിഞ്ഞിരുന്ന ജനസംഘത്തെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ രാജ്യത്തിന്റെ അധികാരസോപാനത്തിലേക്കെത്തിക്കുന്നതില്‍ ബാബരി മസ്ജിദിന്റെ ധ്വംസനവും അതേതുടര്‍ന്ന് ഉരുത്തിരിഞ്ഞ രാഷ്ട്രീയ ധ്രുവീകരണവും വഹിച്ച പങ്ക് തള്ളിക്കളയാനാകില്ല. പതിറ്റാണ്ടുകളോളം കത്തിച്ചുനിര്‍ത്തിയ ഈ വിഷയം പണ്ടേ പോലെ ഫലിക്കാതായപ്പോള്‍ ഇപ്പോള്‍ ഏക സിവില്‍കോഡിലാണ് അവര്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ബാബരി മസ്ജിദിനെ പോലെ തന്നെ ഏക സിവില്‍കോഡും അവര്‍ക്ക് രാഷ്ട്രീയ അജണ്ട മാത്രമാണ്. ബാബരി മസ്ജിദ് പ്രശ്‌നം അപരിഹാര്യമായി തുടരണം എന്നതായിരുന്നു ബി.ജെ.പിയുടെ എക്കാലത്തെയും അജണ്ട. വര്‍ഷങ്ങളോളം തിരഞ്ഞെടുപ്പ് രംഗത്തെ തങ്ങളുടെ പ്രധാന പ്രചരണ വിഷയം അതു മാത്രമായിരുന്നുതാനും. ഇപ്പോള്‍ അതേ മാര്‍ഗത്തില്‍ ഏക സിവില്‍കോഡ് വിഷയത്തെയും കൊണ്ടെത്തിക്കുകയാണ്. നേരത്തെ ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കാലയളവിലും ഏക സിവില്‍കോഡ് വിഷയം ബി.ജെ.പി ഉയര്‍ത്തിയിരുന്നു. തങ്ങള്‍ അധികാരത്തിലിരുന്ന ഇരു സംസ്ഥാനങ്ങളിലും വികസന നേട്ടങ്ങളൊന്നും പറയാനില്ലാതിരുന്ന പാര്‍ട്ടിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഇതു മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. ഗുജറാത്തില്‍ ജനങ്ങള്‍ വര്‍ഗീയ വല്‍ക്കരിക്കപ്പെടുകയും തങ്ങളുടെ അജണ്ട വിജയിക്കുകയും ചെയ്‌തെങ്കില്‍ ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ സംഘ് അജണ്ട തിരിച്ചറിയുകയും കുതന്ത്രങ്ങളെ പുറംകാല്‍കൊണ്ട് തട്ടിമാറ്റുകയും ചെയ്തു. കര്‍ണാടകയിലെ ജനങ്ങള്‍ മാത്രമല്ല, രാജ്യമൊന്നാകെ ഈ വിഭജന രാഷ്ട്രീയത്തെ തൂത്തെറിയുന്ന കാലം അതിവിദൂരമല്ല എന്നാണ് വര്‍ത്തമാനകാല ഇന്ത്യ നല്‍കുന്ന സൂചനകള്‍.