ടി.കെ. ഷറഫുദ്ദീന്‍
ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സുവര്‍ണാവസരമാണിത്… ഡ്യൂറന്‍ഡ് കപ്പ് കലാശപോരാട്ടത്തിനിറങ്ങുമ്പോള്‍ ഇതുവരെ പുലര്‍ത്തിയ പ്രകടനം ആവര്‍ത്തിക്കുകയാണ് ലക്ഷ്യം’… ഈസ്റ്റ് ബംഗാളിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഉജ്ജ്വലസേവുമായി ഗോകുലം കേരള എഫ്.സിയുടെ വിജയശില്‍പിയായ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.കെ ഉബൈദിന്റെ വാക്കുകളാണിത്… ഗോകുലം ടീമിനൊപ്പം ചേര്‍ന്ന് ഏതാനും മത്സരം മാത്രം കളിച്ച യുവതാരമാണിപ്പോള്‍ ടീം മലബാറിയന്‍സിന്റെ ഹീറോ… നിരവധി ക്ലബുകള്‍ക്ക് വേണ്ടിവലകാത്ത 29കാരന്‍ പ്രതീക്ഷകള്‍ പങ്കുവെക്കുന്നു
ഈസ്റ്റ് ബംഗാളിനെതിരായ വിജയത്തിന്‌ശേഷം…
-പുതിയ കോച്ച് ഫെര്‍ണാണ്ടോ വലേരയ്ക്ക് കീഴില്‍ ടൂര്‍മമെന്റിലുടനീളം ടീം ഒത്തിണക്കത്തോടെയാണ് കളിച്ചത്. സെമിഫൈനലിലെ വിജയവും ടീം കരുത്തിന്റേതാണ്. തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു തന്റെ പഴയ ക്ലബായ ഈസ്റ്റ് ബംഗാളിനെ നേരിട്ടത്. മോഹന്‍ബഗാനെതിരെ ഫൈനലിലിറങ്ങുമ്പോള്‍ പ്രത്യേകമായി മുന്നൊരുക്കങ്ങളൊന്നും നടത്തുന്നില്ല. പതിവുപോലെ പ്രകടനം ആവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആത്മവിശ്വാസത്തോടെയാണ് കിരീടപോരാട്ടത്തില്‍ ഇറങ്ങുന്നത്. വിജയം മാത്രമാണ് മനസിലുള്ളത്.
ഗോകുലം ടീമിലേക്കുള്ള വരവ്….
-ഗോകുലം ടീമിലെത്തിയത് തന്റെകരിയറിലെ വലിയ അവസരമായാണ് കാണുന്നത്. പരസ്പരം അറിയാവുന്ന മലയാളിതാരങ്ങള്‍. സീനിയര്‍-ജൂനിയര്‍ വേര്‍തിരിവൊന്നും ഇവിടെയില്ല. അതിനാല്‍ ഫ്രീയായി കളിക്കാന്‍കഴിയുന്നു. ഗോകുലത്തിനായി ഐലീഗ് മത്സരങ്ങളിലും തിളങ്ങാനാകുമെന്നാണ് പ്രതീക്ഷ.
ഗോള്‍കീപ്പിംഗിലേക്ക് വരുന്നത്
-വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കൂത്തുപറമ്പ് മുനിസിപ്പാലിറ്റി ഗ്രൗണ്ടില്‍ നടന്ന കോച്ചിംഗ് ക്യാമ്പാണ്് കരിയറിലെ വഴിത്തിരിവായത്. മുന്നേറ്റനിരയില്‍ കളിക്കാന്‍ താല്‍പര്യപ്പെട്ട് ക്യാമ്പിലെത്തിയ തന്നെ പരിശീലകന്‍ ശ്രീധരനാണ് ഗോള്‍കീപ്പിംഗിലേക്ക് തിരിച്ചുവിട്ടത്. ഉയരകൂടുതല്‍ ഗോള്‍കീപ്പിംഗിന് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പിന് ശേഷം നാട്ടിലെ സെവന്‍സ് ടൂര്‍ണമെന്റുകളിലെല്ലാം ഗോളിയായി ഇറങ്ങി..തുടര്‍ന്ന് അഖിലേന്ത്യാസെവന്‍സിലും പങ്കെടുത്തു.
2011-12ല്‍ വിവാകേരളയുടെ ഗോള്‍കീപ്പറായി അവസരം ലഭിച്ചു. തലശ്ശേരിയിലെ ടോപ്‌മോസ്റ്റ് എന്ന സെവന്‍സ് ടീമിന് കളിക്കുമ്പോഴാണ് വിവയിലേക്ക് വിളിവരുന്നത്. പിന്നീട് ഡെംപോ ഗോവ, എയര്‍ഇന്ത്യ, ഒ.എന്‍.ജി.സി എന്നിവയ്ക്കായും വലകാക്കാന്‍ അവസരംതേടിയെത്തി. 2017ല്‍ എഫ്.സി കേരളയില്‍ വായ്പാഅടിസ്ഥാനത്തില്‍ കളിച്ചിരുന്നു.