ദുബൈ: യുഎഇയുടെ 52-ാം ദേശീയ ദിനാഘോഷ ഭാഗമായി കെപി ഗ്രൂപ് മാനേജിംഗ് ഡയറക്ടറും ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ ജന.സെക്രട്ടറിയുമായ കെ.പി മുഹമ്മദിന് ദുബൈ പൊലീസിന്റെ ആദരം. മുറഖബാത് പൊലീസ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ പൊലീസ് ഡയറക്ടര്‍ റാഷിദ് സലാഹ് സര്‍ട്ടിഫിക്കറ്റ് കൈമാറി. പൊലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഖലീഫ അലി റാഷിദ് അറാന്‍ അല്‍ അലി ചടങ്ങില്‍ സന്നിഹിതനായിരുന്നു. പൊലീസുമായി ചേര്‍ന്ന് നടത്തിയ കമ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ ബഹുമതി ലഭിച്ചത്.
ശൈഖ് സായിദ് ശിലയിട്ട യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സ്വാതന്ത്ര്യത്തിന്റെ 52-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ലഭിച്ച ഈ അംഗീകാരം ഏറെ വിലമതിക്കുന്നുവെന്ന് കെ.പി മുഹമ്മദ് പറഞ്ഞു. നമ്മുടെ പോറ്റമ്മ നാടായ യുഎഇ യാതൊരു പക്ഷപാതവുമില്ലാതെയാണ് യുഎഇയിലെ സമൂഹങ്ങളെ കാണുന്നത്. 200ലധികം രാജ്യങ്ങളിലെ പൗരന്മാര്‍ സുഖ സമാധാനത്തില്‍ ഇവിടെ കഴിഞ്ഞു വരുന്നത് എല്ലാ മേഖലകളിലും കൈവരിച്ച മികവു കൊണ്ടാണ്. സഹിഷ്ണുതക്കും സഹവര്‍ത്തിത്വത്തിനും സന്തോഷത്തിനുമായി മന്ത്രാലയമുള്ള ഒരേയൊരു രാജ്യമാണ് യുഎഇ. ഈ ആദരം തന്റെ ഉത്തരവാദിത്തം കൂട്ടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.