സുഫ്‌യാന്‍ അബ്ദുസ്സലാം
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം നേതാവ് സിദ്ദീഖ് കാപ്പന്‍ ലേഖനങ്ങളിലൂടെ പ്രകോപനം സൃഷ്ടിച്ചുവെന്നും മുസ്‌ലിംകളെ ഇളക്കിവിടാന്‍ ശ്രമിച്ചുവെന്നുമാണ് യു.പി പൊലീസ് പ്രത്യേക ദൗത്യ സേന (എസ്.ടി.എഫ്) കോടതിയെ ധരിപ്പിച്ചിരിക്കുന്നത്. അയ്യായിരം പേജുള്ള കുറ്റപത്രത്തില്‍ സിദ്ദീഖ് ഒരു ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തകനെ പോലെയല്ല എഴുതുന്നതെന്നും മാവോയിസ്റ്റുകളുമായി അനുഭാവം പുലര്‍ത്തുന്നയാളാണെന്നും എസ്.ടി.എഫ് ആരോപിക്കുന്നു. ഒരു വര്‍ഷമായി യു.പി ജയിലില്‍ മൃഗീയ പീഡനങ്ങള്‍ക്ക് വിധേയനായ സിദ്ദീഖിനെതിരെ യു.എ.പി.എ കുറ്റങ്ങളാണ്ചുമത്തപ്പെട്ടിട്ടുള്ളത്. വ്യക്തമായ എഫ്. ഐ.ആര്‍ പോലുമില്ലാത്ത, എന്തിനാണ് അറസ്റ്റ് ചെയ്തിട്ടുള്ളത് എന്ന് വിശദീകരിക്കാന്‍ പോലും സാധിക്കാത്ത കേസില്‍ ചികിത്സാസമയത്ത് പോലും ഭാര്യക്കോ അടുത്ത ബന്ധുക്കള്‍ക്കോ സന്ദര്‍ശനാനുമതി നിഷേധിച്ച് തികച്ചും മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് യു.പി പൊലീസ് തുടക്കംമുതല്‍ അനുവര്‍ത്തിച്ചുവന്നത്.
യു.എ.പി.എ അഥവാ ‘നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം വിവാദ നിയമമാണ്. മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും വേട്ടയാടുന്നതിനു ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. കാരണംകൂടാതെ ആളുകളെ തടങ്കലില്‍ വയ്ക്കാനും അവരുടെ സ്വാതന്ത്ര്യം ഹനിക്കാനും അവര്‍ക്ക് ഭീകരമുഖം ചാര്‍ത്തിക്കൊടുക്കാനുമുള്ള ഉപകരണമായി അത് മാറിയിരിക്കുന്നു. എന്നാല്‍ യു.എ.പി.എ ആവിഷ്‌കരിച്ചത് ജനങ്ങളെ അനാവശ്യമായി തടങ്കലില്‍ വയ്ക്കാനോ അവരുടെ മനുഷ്യാവകാശത്തെ ലംഘിക്കാനോ വേണ്ടിയായിരുന്നില്ല. കുറേക്കാലം കുറെ മനുഷ്യരെ കാരാഗൃഹങ്ങളുടെ ഇരുട്ടറകള്‍ക്കുള്ളില്‍ അടച്ചുപൂട്ടാന്‍ വേണ്ടിയുമായിരുന്നില്ല. മറിച്ച് ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും തകര്‍ക്കുന്ന വിഘടന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയായിരുന്നു. 1961 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ ദേശീയോദ്ഗ്രഥനത്തിന് വേണ്ടി അദ്ദേഹം ആരംഭിച്ച നടപടിക്രമങ്ങളാണ് 1967 ല്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് യു.എ.പി.എ എന്ന നിയമം ആവിഷ്‌കരിക്കുന്നതിലേക്ക് നയിച്ചത്.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സംഘടനാപ്രതിഷേധ സ്വാതന്ത്ര്യങ്ങളുടെയും മറവില്‍ രാജ്യത്തിന്റെ അഖണ്ഡതക്ക് പോറലേല്‍പ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. തമിഴ്‌നാട്, പഞ്ചാബ്, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ സ്വതന്ത്ര രാഷ്ട്രങ്ങള്‍ക്കുവേണ്ടിയുള്ള വിഘടന മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ഇന്ത്യ- ചൈന യുദ്ധത്തെതുടര്‍ന്ന് ചൈനയെ അനുകൂലിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ രാജ്യത്തിന്റെ അകത്തുനിന്നും പ്രത്യക്ഷപ്പെട്ടു. വിഘടനവാദങ്ങള്‍ക്കെതിരെ രാഷ്ട്രനായകര്‍ രംഗത്തുവന്നു. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായി അഖണ്ഡതക്കും പരമാധികാരത്തിനും വിരുദ്ധമായി സംസാരിക്കാനോ പ്രകടനങ്ങള്‍ നടത്താനോ പാടില്ലെന്ന് അവര്‍ പ്രസ്താവിച്ചു. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെന്നും ഭരണഘടനയുടെ 19ാം അനുച്ഛേദം അത് അനുവദിച്ചതാണെന്നുമായിരുന്നു മറുവാദം. ഭരണഘടനയിലെ ഒരു അനുച്ഛേദം രാജ്യത്തിന്റെ പരമാധികാരത്തെതന്നെ തകിടംമറിക്കുന്നവിധത്തില്‍ വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ പ്രസ്തുത അനുച്ഛേദം ഭേദഗതി ചെയ്യുക മാത്രമേ നിര്‍വാഹമുള്ളൂ എന്ന് അവര്‍ കണ്ടെത്തി. അതിന്റെ പ്രാരംഭ നടപടിയായിരുന്നു ദേശീയോദ്ഗ്രഥന കൗണ്‍സിലിന്റെ രൂപീകരണം.
വര്‍ഗീയത, ജാതീയത, പ്രാദേശികവാദം, ഭാഷാസങ്കുചിതത്വം തുടങ്ങിയ പ്രതിലോമ ചിന്തകളെ തടയുകയും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു ദേശീയോദ്ഗ്രഥന കൗണ്‍സിലിന്റെ ദൗത്യമായി നിശ്ചയിക്കപ്പെട്ടിരുന്നത്. സമിതി സമര്‍പ്പിച്ച പ്രധാന നിര്‍ദ്ദേശം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവകാശം ഉറപ്പിക്കുന്ന ഭരണഘടനയുടെ 19ാം അനുച്ഛേദം ഭേദഗതി ചെയ്യണമെന്നതായിരുന്നു. അഭിപ്രായസംഘടനാസ്വാതന്ത്ര്യങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും എതിരായി ഉപയോഗപ്പെടുത്തുന്നത് തടയുക എന്നതായിരുന്നു സമിതിയുടെ നിര്‍ദ്ദേശത്തിന്റെ ലക്ഷ്യം. തദടിസ്ഥാനത്തില്‍ 1963 ഒക്ടോബര്‍ അഞ്ചിന് ഭരണഘടനയുടെ പതിനാറാം ഭേദഗതി പാര്‍ലമെന്റ് അംഗീകരിച്ചു.
19ാം അനുച്ഛേദത്തില്‍ പൗരന്റെ മൗലികാവകാശമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള അഭിപ്രായസ്വാതന്ത്ര്യം, സമാധാനപരമായും ആയുധങ്ങളേന്താതെയും സംഘം ചേരാനുള്ള അവകാശം, സംഘടനകളോ യൂണിയനുകളോ രൂപീകരിക്കാനുള്ള അവകാശം എന്നീ അവകാശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു പ്രസ്തുത ഭേദഗതി. മൗലികാവകാശമായ 19ാം അനുച്ഛേദത്തില്‍ ഭരണകൂടങ്ങള്‍ക്ക് ഭേദഗതി വരുത്താമെന്നു വന്നതോടെയാണ് 1967 ല്‍ ‘നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം’എന്ന വിവാദനിയമം രൂപംകൊണ്ടത്. ഇതോടെ വിഘടനവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാറുകള്‍ക്ക് സാധ്യമായിത്തുടങ്ങി.
ഈ ഭേദഗതി രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടിയുള്ളതായിരുന്നുവെങ്കിലും പൗര സ്വാതന്ത്ര്യത്തിന്മേല്‍ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള നിയമങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാറുകള്‍ക്ക് അധികാരം നല്‍കുന്നതുകൂടിയായി അത് മാറി. എന്നാല്‍ സര്‍ക്കാറുകള്‍ ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുകയും ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് വഴി മാറാതിരിക്കുകയും ചെയ്യുന്നിടത്തോളം ഭേദഗതി കൊണ്ട് പൗരസ്വാതന്ത്ര്യത്തിന് പോറലേല്‍ക്കില്ല. എന്നാല്‍ ഒരു സര്‍ക്കാര്‍ ഫാസിസ്റ്റ് സ്വഭാവം കൈവരിച്ചു കഴിഞ്ഞാല്‍ അവര്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ മുഴുവന്‍ അടിച്ചൊതുക്കുകയും അവരുടെ ജനാധിപത്യപരമായ ശബ്ദങ്ങളെപ്പോലും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. ഫാസിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ എതിര്‍ശബ്ദം പുറപ്പെടുവിപ്പിക്കുന്ന ഏതൊരാള്‍ക്കെതിരെയും യു.എ.പി.എ ചുമത്തുന്ന സ്ഥിതി സംജാതമായി.
വിഘടനവാദം പോലെയുള്ള നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വേണ്ടിയാണ് യു. എ.പി.എ ആവിഷ്‌കരിച്ചത്. ‘അണ്‍ലോഫുള്‍ ആക്ടിവിറ്റിസ്’ (നിയമവിധേയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍) തടയുന്നതിന് വേണ്ടിയുണ്ടാക്കിയ നിയമം എന്ന പേരില്‍ നിന്നുതന്നെ അത് വ്യക്തമാണ്. വര്‍ഗീയത, ജാതീയത, പ്രാദേശികവാദം, ഭാഷ സങ്കുചിതത്വം എന്നിവയുടെ പേരിലുണ്ടാകുന്ന വിഘടന പ്രവര്‍ത്തനങ്ങളെയായിരുന്നു അതുകൊണ്ട് ഉദ്ദേശിച്ചിരുന്നത് എന്നതും വ്യക്തമാണ്. ഭീകരത ആയിരുന്നില്ല. 1967 ല്‍ ഇറങ്ങിയ യു.എ.പി.എയുടെ മൂലമാതൃകയില്‍ ‘ഭീകരത’ എന്ന പ്രയോഗം ഉണ്ടായിരുന്നില്ല.
ഭീകരതക്കെതിരെയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഇന്ത്യയില്‍ ആദ്യമായി നിയമം ആവിഷ്‌കരിക്കപ്പെടുന്നത് 1985 ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ്. അതായിരുന്നു ടാഡ എന്നാല്‍ തീവ്രവാദത്തെയും ഭീകരവാദത്തെയും നിജപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പത്തുവര്‍ഷം കഴിഞ്ഞു അത് പിന്‍വലിക്കേണ്ടിവന്നു. പി.വി നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് പിന്‍വലിച്ചത്. എന്നാല്‍ 2002ല്‍ വാജ്‌പേയി സര്‍ക്കാര്‍ പുതിയൊരു ഭീകരവിരുദ്ധ നിയമം കൊണ്ടുവന്നു. അതായിരുന്നു പോട്ട എന്നാല്‍ നിയമത്തിന്റെ ദുരുപയോഗം കാരണം 2004 ല്‍ മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ വന്ന യു.പി.എ സര്‍ക്കാര്‍ അത് പിന്‍വലിച്ചു. 2004 വരെ യു.എ.പി.എ ഒരു ‘ടെറര്‍’ നിയമമായിരുന്നില്ല. എന്നാല്‍ 2004 ഡിസംബറില്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയില്‍ ‘ഭീകരത’ കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്. 2008 ലെ മുംബൈ ഭീകരാക്രമണത്തിന്‌ശേഷം യു.എ. പി.എ നിയമങ്ങളില്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭേദഗതി കൊണ്ടുവന്നു. 90 ദിവസമെന്ന കസ്റ്റഡി കാലാവധി 180 ദിവസമെന്നാക്കി. ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിക്കപ്പെടുന്നവരുടെ കസ്റ്റഡി കാലാവധി ആസ്‌ട്രേലിയയില്‍ 24 മണിക്കൂറും യു.എസ്സില്‍ 48 മണിക്കൂറും യു.കെയില്‍ 28 ദിവസവുമാണ്. ‘മതിയായ രീതിയില്‍ സംശയിക്കപ്പെടുന്ന’ കാരണങ്ങള്‍ ഉണ്ടാകണമെന്നതിന്പകരം ‘വിശ്വസനീയമായ കാരണം’ എന്നാക്കി മാറ്റിയതോടെ കോടതി ഉത്തരവ് കൂടാതെ തന്നെ അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാമെന്നായി. മാത്രമല്ല, ഏതൊരു കേസിലും കുറ്റം തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണല്ലോ. എന്നാല്‍ യു.എ.പി.എ കേസുകളില്‍ കുറ്റം തെളിയിക്കുക എന്നതിന്പകരം കുറ്റാരോപിതര്‍ അയാളുടെ നിരപരാധിത്വം തെളിയിക്കുക എന്ന അവസ്ഥയാണുള്ളത്. മറ്റൊന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജാമ്യത്തിന് തടസ്സം നിന്നാല്‍ ജഡ്ജിക്ക് ജ്യാമം അനുവദിക്കാന്‍ പറ്റില്ല എന്നതാണ്.
2004 ല്‍ ഭീകര സംഘടനകളെ മാത്രമായിരുന്നു യു.എ.പി.എയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ 2019 ആഗസ്റ്റ് 2 ന് വ്യക്തികളെ കൂടെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നുകൊണ്ടുള്ള ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ പാസാക്കി. ‘ഭീകരന്‍’ എന്ന് പൊലീസോ ഭരണകൂടമോ മുദ്രകുത്തുന്ന ഏതൊരു വ്യക്തിയെയും ഇതിന്റെയടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാനും അവരുദ്ദേശിക്കുന്ന കാലമത്രയും തടങ്കലില്‍ വയ്ക്കാനും സാധിക്കുന്നു. ഇവരുടെ കേസുകള്‍ ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നത്. നാല് മാസം കൊണ്ട് തീര്‍പ്പു കല്‍പ്പിക്കാമെന്ന് കോടതികളില്‍ വാക്കു നല്‍കിയ കേസുകള്‍ പലതും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തീര്‍പ്പാക്കുന്നില്ല. ജാമ്യം പോലും അനുവദിക്കാതെ കുറ്റാരോപിതരെ വര്‍ഷങ്ങളോളം പീഡിപ്പിക്കുന്നു. ഒരു മനുഷ്യന് നല്‍കേണ്ട പ്രാഥമിക സൗകര്യങ്ങള്‍ പോലും നല്‍കാതെ, അവരുടെ ബന്ധുക്കളെ കാണാന്‍ പോലും അനുവദിക്കാതെ മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് സര്‍ക്കാര്‍ അവര്‍ക്ക് സമ്മാനിക്കുന്നത്.
പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്ക് നേരെ അയാള്‍ ഏര്‍പ്പെട്ടിട്ടുള്ള കുറ്റകൃത്യമെന്തെന്ന് തെളിയിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ വിവിധ സംഭവങ്ങളില്‍ ഇരകള്‍ക്ക് അനുകൂലമായി എഴുതിയ ലേഖനങ്ങള്‍ തെളിവായി സമര്‍പ്പിക്കുന്നത് ഭരണകൂടം ഇരുട്ടില്‍ തപ്പുന്നതിന്റെ അടയാളമാണ്. രാജ്യത്തിന്റെ അഖണ്ഡതക്കെതിരെ സംസാരിക്കുകയോ എഴുതുകയോ സംഘടിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ഉപയോഗിക്കേണ്ട യു.എ.പി.എ ഭരണകൂടത്തെയോ പൊലീസിനെയോ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഉപയോഗിക്കുന്ന വിധത്തിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെടുന്നുവെങ്കില്‍ പ്രസ്തുത നടപടികളാണ് ഭീകരമായിത്തീരുന്നത്. രാജ്യത്തിന്റെ നന്മ ലക്ഷ്യമാക്കി ആവിഷ്‌കരിച്ച ഒരു നിയമത്തെ രാജ്യത്തെ പൗരന്മാരെ വേട്ടയാടുന്ന വിധത്തിലേക്ക് വക്രീകരിക്കുന്നത് ക്രൂരവും പൈശാചികവുമാണ്.