ന്യൂഡല്‍ഹി: നിരപരാധികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി സത്യവിരുദ്ധമായി കേസുകളില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്നതായി ഇ. ടി മുഹമ്മദ് ബഷീര്‍ എംപി. പലരെയും ഭീകരവാദികളായി ചിത്രീകരിക്കുകയാണ്. ഓരോ ദിവസവും പുറത്തു വരുന്ന വാര്‍ത്തകള്‍ ഇത്തരം നീക്കള്‍ സാധൂകരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂര്‍ സ്വദേശിയായ ഹനീഫ മൗലവിയെ യു.എ.പി.എ ചുമത്തി മൂന്നു മാസമായി മുംബൈയിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പടന്നയില്‍ നിന്നും ഒളിച്ചോടിയ കുട്ടികളില്‍ ഒരാളുടെ പിതാവ് മൗലവിക്കെതിരെ പരാതി നല്‍കി എന്ന കാരണത്താലാണ് ജയിലില്‍ അടച്ചത്. എന്നാല്‍, ഈ പരാതിയെ നിഷേധിച്ചു കുട്ടിയുടെ പിതാവ് തന്നെ രംഗത്തെത്തി. അത്തരത്തിലൊരു പരാതി നല്‍കിയിട്ടില്ല എന്നായിരുന്നു പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കുട്ടിക്കു മതവിദ്യാഭ്യാസം നല്‍കിയതു മൗലവിയാണെന്നു മാത്രമാണ് പറഞ്ഞത്. എന്നാല്‍ എന്‍ഐഎ അന്വേഷണ സംഘം തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഒപ്പ് ഇടീപ്പിക്കുകയായിരുന്നു. എന്‍ഐഎ തയാറാക്കിയ റിപ്പോര്‍ട്ട് വായിച്ചു നോക്കാന്‍ പോലുമായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു എന്നും ഇ.ടി പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനാവാത്തതാണ്. എന്‍ഐഎയുടെ വിശ്വാസത്യത ചോദ്യം ചെയ്യുന്നതാണ് ഇത്തരം കാര്യങ്ങള്‍. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന വിശ്വാസ സ്വാതന്ത്രത്തെ നിഷേധിക്കാനും മതപ്രബോധകന്മാരെ ഭീകരപ്രവര്‍ത്തനത്തിന് പ്രരിപ്പിച്ചവരെന്നും തീവ്രവാദം പ്രോല്‍സാഹിപ്പിക്കുന്നവരെന്നും മുദ്രകുത്താനുള്ള നീക്കവും നടക്കുന്നു.മുംബൈയില്‍ സാക്കിര്‍ നായിക്കിന് നേരെയും കേരളത്തില്‍ എം. എം അക്ബറിന് നേരെയും നടക്കുന്നത് ഇത്തരം നീക്കങ്ങളാണ്.
രാജ്യത്ത് സ്‌ഫോടനാത്മകമായ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും വര്‍ഗീയത പരത്തുന്നവര്‍ക്കെതിരെയും ഒരു നടപടിയും സ്വീകരിക്കുന്നില്ല. യുഎപിഎ ചുമത്തുന്നതില്‍ കേരള സര്‍ക്കാരും അമിതാവേശം കാട്ടുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുകയും കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ചില ഉദ്യോഗസ്ഥന്മാര്‍ ഇവിടെ പൊതുഅജണ്ഡ ഉണ്ടാക്കിയിട്ടുണ്ടൊ എന്ന് തോന്നും വിധമാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.