X

യു.എ.പി.എ ഭേദഗതി അപകടകരം ഒന്നിച്ചെതിര്‍ത്ത് ന്യൂനപക്ഷ പാര്‍ട്ടികള്‍


ന്യൂഡല്‍ഹി: മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട യു.എ.പി. എ നിയമം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള സംഘപരിവാര്‍ നീക്കത്തെ അവസാന നിമിഷം വരെയും എതിര്‍ത്തുനിന്നത് ന്യൂനപക്ഷ പാര്‍ട്ടികള്‍. ബില്ല് പാര്‍ലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിടണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ തള്ളിയതോടെ കോണ്‍ഗ്രസ് അടക്കമുള്ള യു.പി.എ കക്ഷികള്‍ സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു. ഇടത് പാര്‍ട്ടികളും അവര്‍ക്കൊപ്പം കൂടി. എന്നാല്‍ മുസ്‌ലിംലീഗ്, എ.ഐ.എം.ഐ.എം, എ.ഐ. യു. ഡി.എഫ്, നാഷണല്‍ കോണ്‍ഫറന്‍സ് കക്ഷികള്‍ സഭയില്‍ തുടരുകയും ബില്ലിനെതിരെ തങ്ങളുടെ എതിര്‍പ്പ് അവസാന നിമിഷം വരെ കൊണ്ടുപോവുകയുമായിരുന്നു.
ശബ്ദവോട്ടോടെ ബില്ല് പാസ്സാക്കാനായി സ്പീക്കര്‍ ഒരുങ്ങിയപ്പോള്‍ ന്യൂനപക്ഷ പാര്‍ട്ടി അംഗങ്ങള്‍ നോ വിളിച്ചു പറഞ്ഞതോടെയാണ് വോട്ടെടുപ്പിലേക്ക് നീങ്ങിയത്. മുസ്്ലിംലീഗിലെ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ നവാസ് ഗനി, ആള്‍ ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്്ലിമീന്‍ അംഗങ്ങളായ അസദുദ്ദീന്‍ ഉവൈസി, ഇംതിയാസ് ജലീല്‍, എ.ഐ.യു.ഡി.എഫിന്റെ ബദ്റുദ്ദീന്‍ അജ്മല്‍, ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ എം.പിമാരായ മുഹമ്മദ് അക്ബര്‍ ലോണ്‍, ഹസ്‌നൈന്‍ മസൂദി എന്നിവരാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത എട്ടുപേര്‍.
സംഘടനകളെ തീവ്രവാദ സംഘങ്ങളായി പ്രഖ്യാപിക്കാന്‍ 1967-ല്‍ പാസ്സാക്കിയ യു.എ.പി.എ നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ നിയമത്തിലെ ഭേദഗതിയിലൂടെ തീവ്രവാദ സംഘങ്ങളുമായി ബന്ധമില്ലെങ്കില്‍ കൂടി തീവ്രവാദമാരോപിച്ച് വ്യക്തികളെയും തീവ്രവാദികളായി പ്രഖ്യാപിക്കുന്നതിനാണ് വഴിയൊരുങ്ങുക. നിരപരാധികളെ തീവ്രവാദികളായി ചിത്രികരിച്ച് വര്‍ഷങ്ങളോളം അഴികള്‍ക്കുള്ളിലാക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതിനിടെയാണ് നിയമത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം.

web desk 1: