ന്യൂഡല്‍ഹി: വിവാദമായ യു.എ.പി.എ ഭേദഗതി ബില്ലില്‍ മുസ്ലിംലീഗിന്റെ ശക്തമായ വിയോജിപ്പ്. ഇന്നലെ രാജ്യസഭയില്‍ ബില്ല് ചര്‍ച്ചക്കെടുത്തപ്പോള്‍ ബില്ലിനെതിരെ ശക്തമായ നിലപാടുമായി രാജ്യസഭയിലെ ഏക മുസ്ലിംലീഗ് എം.പി പി.വി അബ്ദുല്‍ വഹാബ് രംഗത്തെത്തി. ബില്ലിലെ ചില വ്യവസ്ഥകള്‍ പ്രത്യേക സമുദായത്തെ വേട്ടയാടാന്‍ ഉപയോഗിക്കാവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടന വ്യക്തികള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസുരക്ഷയുടെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചകളും പാടില്ലെന്നതാണ് മുസ്ലിംലീഗിന്റെ നിലപാട്. പക്ഷേ യു.എ.പി.എ ബില്ലിലെ ഭേദഗതികള്‍ പലതും പൗരാവകാശത്തിന് നേരെയുള്ള കടന്നു കയറ്റത്തിന് അന്വേഷണ ഏജന്‍സികള്‍ക്ക് മൗനാനുവാദം നല്‍കുന്നതാണ്. വ്യക്തികളെ പോലും തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ സാധിക്കുന്ന ഭേദഗതി പല നിരപരാധികളേയും വര്‍ഷങ്ങളോളം വേട്ടയാടാന്‍ ഭരണകൂടത്തിന് സാഹചര്യം ഒരുക്കുന്നു. ഈ നിയമ പ്രകാരം കുറ്റാരോപിതരാകുന്ന വ്യക്തികളുടെ ഉത്തരവാദിത്വമാണ് നിയമത്തിന് മുന്നില്‍ നിരപരാധിയെന്ന് തെളിയിക്കേണ്ടത്. യു.എ.പി.എ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്തിരിക്കുന്നതില്‍ 97.8 ശതമാനം കേസുകളും കെട്ടികിടക്കുകയാണ് എന്നത് തന്നെ നിയമത്തിന്റെ കറുത്ത മുഖം തുറന്നുകാട്ടുന്നു. ജാമ്യം പോലും നിഷേധിക്കപ്പെട്ട് വര്‍ഷങ്ങളോളം തടവില്‍ കിടക്കേണ്ട സ്ഥിതിയിലേക്ക് നിരപരാധികളെ വരെ ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ മാത്രം വിചാരിച്ചാല്‍ തള്ളി വിടാന്‍ പറ്റുമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി രാജ്യസഭയില്‍ പറഞ്ഞു.
ഈ നിയമം ദുരുപയോഗം ചെയ്യാനും വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ന്യൂനപക്ഷ സമുദായത്തില്‍ പെട്ട ഒട്ടേറെ പേരെ ഇത്തരം കരിനിയമങ്ങള്‍ ഉപയോഗിച്ച് ഭരണകൂടം വേട്ടയാടിയിട്ടുണ്ട്. ജാമ്യം പോലും നിഷേധിച്ച് ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാന്‍ ആറു മാസത്തെ കാലാവധി അന്വേഷണ സംഘത്തിന് നല്‍കുന്നതോടെ ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് അനുസൃതമായി ഇന്ത്യന്‍ തീവ്രവാദ വിരുദ്ധ നിയമവും മാറ്റേണ്ടതാണ്. യു.എ.പി.എ നിയമത്തിന്റെ മുന്‍ഗാമികളായ ടി.എ.ഡി.എ, പി.ഒ.ടി.എ എന്നിവ കടുത്ത വിമര്‍ശനം മൂലം പിന്‍വലിക്കേണ്ടി വന്നതിനെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കേണ്ടതുണ്ട്. വ്യക്തികളെ നിയമവിരുദ്ധമായി തടഞ്ഞു വെക്കാനും പീഡിപ്പിക്കാനും ഇത്തരം കരിനിയമങ്ങള്‍ അവസരം ഒരുക്കുന്നു.
ഒരു വ്യക്തിയെ യാതൊരു നിയമസഹായവും നല്‍കാതെ തീവ്രവാദിയാക്കി മാറ്റാന്‍ സാഹചര്യമൊരുക്കുന്ന ഈ നിയമം മതിയായ ഭേദഗതികള്‍ വരുത്താതെ പാസാക്കാന്‍ പാടില്ലെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭയില്‍ നടന്ന വോട്ടെടുപ്പില്‍ ബില്ലിനെതിരെ പി.വി അബ്ദുല്‍വഹാബ് എം.പി വോട്ട് രേഖപ്പെടുത്തി