X

യുഎപിഎ: അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പൊലീസ്

കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റുചെയ്ത സിപിഎം പ്രവര്‍ത്തകരായ താഹാ ഫസല്‍, അലന്‍ ഷുഹൈബ് എന്നീ വിദ്യാര്‍ത്ഥികവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കേസില്‍ യുഎപിഎ നടപടി റദ്ദാക്കുന്നത് പുനഃപരിശോധിക്കാന്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച വാദം കേട്ട കോടതി ജാമ്യാപേക്ഷ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

പൊലീസ് റിപ്പോര്‍ട്ടില്‍ മാവോയിസ്‌റ്റെന്നു പറയുന്നുണ്ടെന്നു കോടതി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പ്രതികള്‍ വിദ്യാര്‍ഥികളും സിപിഎം പ്രവര്‍ത്തകരുമെന്ന് പ്രതിഭാഗം വാദിച്ചു. ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

അതേസമയം വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാനിരിക്കെ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് പൊലീസ്. അലന്‍ ഷുഹൈബ് നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ഈ തെളിവുകള്‍ ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ പല തെളിവുകളും കണ്ടെത്തിയിരുന്നു. അതും മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതാണെന്നായിരുന്നു പൊലീസ് വാദം. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കതിരെ പുറത്തുവന്നത് ഗൗരവം കുറഞ്ഞ തെളിവുകളാണെന്ന പശ്ചാത്തലത്തില്‍ യുഎപിഎ വാദത്തില്‍ ഉറച്ചു നില്‍കുന്ന പൊലീസ് കൂടതല്‍ തെളിവുകള്‍ പുറത്ത് കൊണ്ടു വരുമെന്നാണ് സൂചന.

chandrika: