X
    Categories: CultureNewsViews

യു.എ.പി.എ ചുമത്തിയ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതില്‍ ഒ. അബ്ദുറഹ്മാന്റെ പുസ്തകവും

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൊലീസ് യു.എ.പി.എ ചുമത്തിയ വിദ്യാര്‍ത്ഥി താഹയുടെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തതില്‍ മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍ എഡിറ്റ് ചെയ്ത പുസ്തകവും. ‘മാര്‍ക്‌സിസം, സാമ്രാജ്യത്വം, തീവ്രവാദം’ എന്ന പുസ്തകമാണ് പൊലീസ് കണ്ടെടുത്തത്. ഓപണ്‍ മാഗസിനില്‍ മാധ്യമപ്രവര്‍ത്തകനായ രാഹുല്‍ പണ്ഡിതിന്റെ ‘ഹലോ ബസ്തര്‍’ എന്ന പുസ്തകവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഈ രണ്ട് പുസ്തകങ്ങളും ഇപ്പോഴും പുസ്തകശാലകളില്‍ ലഭ്യമാവുന്നവയാണ്. തീവ്രവാദത്തെ ശക്തമായി വിമര്‍ശിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഒ അബ്ദുറഹ്മാന്റെ പുസ്തകം. ഇന്ത്യന്‍ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളെ കുറിച്ചുള്ള വിശദമായ പഠനമാണ് രാഹുല്‍ പണ്ഡിതിന്റെ ഹലോ ബസ്തര്‍. പുസ്തകം കണ്ടെടുത്തപ്പോള്‍ എന്ത്മാതിരി പുസ്തകങ്ങളൊക്കെയാണ് മോന്‍ വായിക്കുന്നതെന്ന് കണ്ടോ? എന്നായിരുന്നു താഹയുടെ മാതാപിതാക്കളോട് പൊലീസ് ചോദിച്ചത്. മാധ്യമപ്രവര്‍ത്തന വിദ്യാര്‍ത്ഥിയായ ഇന്ത്യന്‍ രാഷ്ട്രീയത്തെയും ലോക രാഷ്ട്രീയത്തെയും വിശകലനം ചെയ്യുന്ന പുസ്തകങ്ങള്‍ വായിക്കുന്നത് പോലും യു.എ.പി.എ ചുമത്താന്‍ കാരണമാവുന്നു എന്നാണ് പൊലീസ് നടപടി വ്യക്തമാക്കുന്നത്. നേരത്തെ പൊലീസ് താഹയെ മര്‍ദ്ദിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചതായി മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: