X
    Categories: Views

ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ യുഎഇയുടേതും

 

ദുബൈ: ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ ഇത്തവണയും യുഎഇ സ്ഥാനം പിടിച്ചു.
ആഗോള പാസ്‌പോര്‍ട്ട് പവര്‍ റാങ്കിങില്‍ 27-ാം സ്ഥാനവും അറബ് രാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനവും യുഎഇയുടെ പാസ്‌പോര്‍ട്ടിനാണ്. ആഗോള പൗരത്വ-ആസൂത്രണ കമ്പനിയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് ആണ് ഏറ്റവും പുതിയ റാങ്കിങ് പുറത്തുവിട്ടത്.
പാസ്‌പോര്‍ട്ട് കൈവശം വെക്കുന്നവര്‍ക്ക് കൂടുതല്‍ രാജ്യങ്ങളിലേക്ക് സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നതുള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് പാസ്‌പോര്‍ട്ട് റാങ്കിങ് നിര്‍ണയിക്കുന്നത്.
140രാജ്യങ്ങളിലേക്ക് യുഎഇ പാസ്‌പോര്‍ട്ടുമായി സഞ്ചരിക്കാന്‍ കഴിയുന്നതിലൂടെയാണ് രാജ്യം റാങ്കിങില്‍ നേട്ടം കൈവരിച്ചത്. ജനുവരിയില്‍ 134 രാജ്യങ്ങളിലേക്കായിരുന്നു യുഎഇ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് യാത്രാ സ്വാതന്ത്ര്യമുണ്ടായിരുന്നത്.
ഏഷ്യന്‍ രാജ്യങ്ങളായ ജപ്പാനും സിംഗപ്പൂരുമാണ് ഒന്നാം റാങ്ക് പങ്കിടുന്നത്. അഞ്ചു വര്‍ഷമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജര്‍മനിയെ താഴെയിറക്കിയാണ് ജപ്പാനും സിംഗപ്പൂരും നില മെച്ചപ്പെടുത്തിയത്. ഇരു രാജ്യങ്ങള്‍ക്കും ലോകത്തെ 180 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാവുന്ന പാസ്‌പോര്‍ട്ടാണ് ഉള്ളത്. 179 രാജ്യങ്ങളിലേക്ക് യാത്രാ സ്വാതന്ത്ര്യം നല്‍കുന്ന ജര്‍മന്‍ പാസ്‌പോര്‍ട്ട് രണ്ടാം സ്ഥാനത്താണ്.
വര്‍ഷത്തില്‍ പലതവണ പുതുക്കിക്കൊണ്ടിരിക്കുന്ന സൂചികയാണ് ഹെന്‍ലിയുടേത്. കൂടുതല്‍ രാജ്യങ്ങളിലേക്ക് യാത്ര അനുവദിക്കുന്ന 200 രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടാണ് റാങ്കിങിന് തെരഞ്ഞെടുത്തിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം 32-ാം സ്ഥാനത്തുണ്ടായിരുന്ന യുഎഇക്ക് 27-ാം സ്ഥാനത്തേക്കു കയറിയതിലൂടെ യൂറോപ്പില്‍ നിന്നുള്‍പ്പെടെ നിരവധി രാജ്യങ്ങളെ പിന്നിലാക്കാന്‍ സാധിച്ചിട്ടുണ്ട്. വത്തിക്കാന്‍, റഷ്യന്‍ ഫെഡറേഷന്‍, തായ്‌വാന്‍, മൗറീഷ്യസ്, കോസ്റ്റാറിക്ക തുടങ്ങി അനേകം രാജ്യങ്ങള്‍ യുഎഇക്കു പിന്നിലാണ്.
ചൈന, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്ക് ഈ വര്‍ഷം ആദ്യത്തോടെ യുഎഇ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് പ്രവേശനാനുമതി ലഭിച്ചിരുന്നു. ബുര്‍കിനോ ഫാസോയുമായി ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ഇത് വരും മാസങ്ങളില്‍ പ്രാബല്യത്തിലാകും.

chandrika: