X
    Categories: gulfNews

യു.എ.ഇയുടെ പ്രഥമ ദീര്‍ഘകാല അറബ് ബഹിരാകാശ യാത്ര 26ന്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) യുഎഇയുടെ രണ്ടാമത്തെ ദൗത്യവും പ്രഥമ ദീര്‍ഘ കാല അറബ് ബഹിരാകാശ യാത്രയും സംബന്ധിച്ച വിവരങ്ങള്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ (എംബിആര്‍എസ്‌സി) പുറത്തുവിട്ടു.

ഈ മാസം 26ന് 11:07ന് വിക്ഷേപിക്കാന്‍ നിശ്ചയിച്ച ദൗത്യം പ്രഥമ ദീര്‍ഘ കാല അറബ് ബഹിരാകാശ യാത്രാ ദൗത്യം കൂടിയായിരിക്കും. സുല്‍ത്താന്‍ അല്‍നിയാദിയാണ് ദൗത്യത്തിലെ മുഖ്യ ബഹിരാകാശ യാത്രികന്‍. നേരത്തെ, ഹസ്സ അല്‍മന്‍സൂരി നടത്തിയ യാത്രയില്‍ ഇദ്ദേഹം അണിയറയിലുണ്ടായിരുന്നു.

മിഷന്‍ ലോഗോയുടെ പ്രകാശനത്തിനും ഐഎസ്എസ് പ്രവര്‍ത്തനങ്ങള്‍, ഗവേഷണ പരീക്ഷണങ്ങള്‍, വിവിധ ഘട്ടങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ദൗത്യത്തിന്റെ വിശദാംശങ്ങളുടെ പ്രഖ്യാപനത്തിനും ചടങ്ങ് സാക്ഷ്യം വഹിച്ചു.മിഷന്‍ ലോഗോ പ്രകാശന, ദൗത്യ പ്രഖ്യാപന ചടങ്ങില്‍ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖര്‍ഖാവി, ദുബായ് ഫ്യൂചര്‍ ഫൗണ്ടേഷന്‍ സിഇഒ അമീര്‍ അഹമ്മദ് ശരീഫ്, ഡോ. സാലം അല്‍ മര്‍റി, ഇമാറാത്തി ബഹിരാകാശ യാത്രികരായ സുല്‍ത്താന്‍ അല്‍നിയാദി, ഹസ്സ അല്‍മന്‍സൂരി എന്നിവര്‍ പങ്കെടുത്തു.

ഐഎസ്എസിലേക്ക് ബഹിരാകാശ യാത്രികരെ അയക്കുകയും പരിശീലനം നല്‍കുകയും ബഹിരാകാശ നടത്തത്തിന് സജ്ജമാക്കുകയും ചെയ്യുന്ന പതിനൊന്നാമത്തെ രാജ്യമായി യു.എ.ഇ വൈകാതെ മാറും. അറബ് ബഹിരാകാശ യാത്രികര്‍ ഏറ്റെടുക്കുന്ന ആദ്യ ദീര്‍ഘ കാല ബഹിരാകാശ ദൗത്യം മാത്രമല്ല, ഐഎസ്എസില്‍ പങ്കാളിയല്ലാത്ത ഒരു രാജ്യം നടത്തുന്ന ആദ്യത്തെ യാത്ര കൂടിയാണിത്.

‘യുഎഇ മിഷന്‍2 ക്രൂ 6’ എന്ന് വിളിക്കപ്പെടുന്ന ദൗത്യം ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്‌ളക്‌സ് 39എയില്‍ നിന്ന് സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ വിക്ഷേപിക്കും. സുല്‍ത്താന്‍ അല്‍നിയാദിയും നാസ ബഹിരാകാശ യാത്രികരായ സ്റ്റീഫന്‍ ബോവെയും പ്രൈം ക്രൂവിന്റെ മിഷന്‍ സ്‌പെഷ്യലിസ്റ്റായി (സ്‌പേസ ്ക്രാഫ്റ്റ് കമാന്‍ഡര്‍) വാറന്‍ ഹോബര്‍ഗ് (പൈലറ്റ്), റോസ് കോസ്‌മോസ് ബഹിരാകാശ യാത്രികന്‍ ആന്‍ഡ്രി ഫെഡ്‌യേവ് (മിഷന്‍ സ്‌പെഷ്യലിസ്റ്റ്) എന്നിവരും ദൗത്യത്തിന്റെ ഭാഗമാകും.

 

 

webdesk11: