ദുബായ്: യുഎഇയില്‍ കോവിഡ് കാലത്തിനിടയില്‍ കാലഹരണപ്പെട്ട വിസകള്‍ പുതുക്കാനുള്ള അനുമതിയുടെ അവസാന തീയതി ഇന്ന്. മാര്‍ച്ച് ഒന്നിനും ജൂലൈ 12നും ഇടയില്‍ കാലഹരണപ്പെട്ട വിസകളാണ് പുതുക്കാന്‍ ഇന്നുവരെ അവസരം നല്‍കിയത്. സമയ പരിധി കഴിയുന്നതോടെ ഓവര്‍സ്‌റ്റേ പിഴകള്‍ ബാധകമാകുമെന്ന് എമിറേറ്റ് ഉദ്യോഗസ്ഥരും വിസ കണ്‍സള്‍ട്ടന്റുമാരും അറിയിച്ചു.
നേരത്തെ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ജിസിസി പാസ്‌പോര്‍ട്ട് ഉടമകള്‍ക്കും യുഎഇ നിവാസികള്‍ക്കും വിസ, റസിഡന്‍സി രേഖകള്‍ പുതുക്കുന്നതിന് മൂന്നു മാസത്തെ കാലതാമസം അനുവദിച്ചിരുന്നു. ഇതിന്റെ സമയം അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.
വിസ പുതുക്കുന്നതിനായി താമസക്കാര്‍ മെഡിക്കല്‍ പരിശോധന നടത്തണം. വിസാ നിയമങ്ങള്‍ ലംഘിച്ചാല്‍ ഒരു ദിവസം 25 ദിര്‍ഹവും രാജ്യം വിടുമ്പോള്‍ 250 ദിര്‍ഹം അധികവുമാണ് പിഴത്തുക. എമിറേറ്റ്‌സ് ഐഡി പുതുക്കാത്തതിന് പ്രതിദിനം 20 ദിര്‍ഹം പിഴയുമുണ്ട്. ഇത് ആയിരം ദിര്‍ഹം വരെ ഉയരാം.