X
    Categories: gulfNews

യുഎഇ വിസാ കാലാവധി കഴിഞ്ഞവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശിക്ഷാനടപടി നേരിടേണ്ടി വരും

വിനോദസഞ്ചാരികളും കാലഹരണപ്പെട്ട യുഎഇ വീസ കയ്യിലുള്ള സ്ഥിര താമസക്കാരും ശ്രദ്ധിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ യുഎഇ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. യുഎഇ വീസ കാലാവധി കഴിഞ്ഞവർക്ക് ഡിസംബർ 31 ന് ശേഷം രാജ്യത്ത് തുടർന്നാൽ കനത്ത പിഴയും യുഎഇയിലേക്കുള്ള പ്രവേശന നിരോധനവും ഉള്‍പ്പെടെയുള്ള വന്‍ ശിക്ഷാനടപടികളാണ് നേരിടേണ്ടി വരിക.

ടൂറിസ്റ്റ് വീസ നീട്ടാന്‍ ശ്രമിക്കുന്നതിനോ പുതിയ ജോലി കണ്ടെത്തുന്നതിനോ വീസ ശരിയാക്കുന്നതിനോ  ആയി രാജ്യത്ത് തുടരുന്നവർ പിഴ അടക്കണമെന്നാണ് യുഎഇ അറിയിക്കുന്നത്.മാർച്ച് 1 ന് മുമ്പ് വീസ കാലഹരണപ്പെട്ടതോ റദ്ദാക്കിയതോ ആയ വിനോദസഞ്ചാരികളടക്കം എല്ലാവരും ഈ വര്‍ഷം അവസാനിക്കും മുന്‍പേ തന്നെ രാജ്യം വിടേണ്ടതാണ്. ഡിസംബർ 31 ന് മുമ്പ് രാജ്യം വിടുന്നവർക്ക് പിന്നീടുള്ള പ്രവേശന നിരോധനം നേരിടേണ്ടിവരില്ല.

മുന്‍പേ ആഗസ്റ്റ്‌ മാസം വരെയായിരുന്നു രാജ്യം വിടാനുള്ള കാലാവധിയായി തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് നവംബറിലേക്കും ഇപ്പോൾ 2020 ഡിസംബർ അവസാനത്തിലേക്കും നീട്ടി. ആഗോള യാത്രാ നിയന്ത്രണങ്ങൾ കാരണം യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന താമസക്കാരെയും യാത്രക്കാരെയും സഹായിക്കുന്നതിനായാണ് തീയതി നീട്ടിയത്.

കാലഹരണപ്പെട്ട രേഖകളുള്ള വിനോദസഞ്ചാരികൾ, കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന സ്ഥിരതാമസക്കാര്‍, ആറുമാസത്തിലേറെയായി യുഎഇയിൽ കുടുങ്ങിക്കിടക്കുന്നവര്‍, നവജാതശിശുക്കളുടെയും വിദ്യാർത്ഥികളുടെയും മാതാപിതാക്കള്‍ എന്നിവര്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ഗ്രേസ് പിരീഡ് കാലാവധി : മുകളില്‍പ്പറഞ്ഞ തരത്തിലുള്ള ആളുകള്‍ 2020 ഡിസംബര്‍ 31 നകം രാജ്യത്ത് നിന്നും പുറത്തു പോകേണ്ടതാണ്.

കാലഹരണപ്പെട്ട ടൂറിസ്റ്റ് വീസ ഉള്ളവര്‍ : 2020 മാർച്ച് 1 ന് മുമ്പ് വീസ കാലഹരണപ്പെട്ട വിനോദസഞ്ചാരികൾ മുന്‍പ് ഒക്ടോബർ മാസം നല്‍കിയ ഗ്രേസ് കാലയളവ് പരിധിയില്‍ വരില്ല. ഇവര്‍ക്ക് രാജ്യം വിടാനോ പുതിയ ഇൻ-കൺട്രി ടൂറിസ്റ്റ് വിസ നേടാനോ ടൂറിസ്റ്റ് വിസ 30 ദിവസത്തേക്ക് കൂടി നീട്ടാനോ ഒക്കെയായി 30 ദിവസം നല്‍കിയിരുന്നു. ഇത്തരത്തിലുള്ളവര്‍ ഓവർസ്റ്റേയ്ക്കുള്ള പിഴയായി ആദ്യ ദിവസത്തിന് 200 ദിർഹവും തുടർന്നുള്ള ഓരോ ദിവസത്തിനും 100 ദിര്‍ഹവും നല്‍കണം.

മാർച്ച് ഒന്നിന് മുമ്പ് രേഖകൾ കാലഹരണപ്പെടുകയോ റദ്ദാക്കുകയോ ചെയ്ത ആളുകൾക്ക് ആംനസ്റ്റി സൗകര്യം ഉപയോഗിക്കാം. ഇതനുസരിച്ച്, വിനോദസഞ്ചാരിയോ ഒരു സ്ഥിര താമസക്കാരനോ യുഎഇയിൽ നിന്ന് പുറത്തു പോവുകയാണെങ്കില്‍ തുടര്‍നടപടികള്‍ ഉണ്ടാവില്ല എന്ന് മാത്രമല്ല, പിന്നീട് തൊഴിൽ അല്ലെങ്കിൽ ടൂറിസ്റ്റ് വീസ നേടി തിരിച്ചു വരികയും ചെയ്യാം.

പോയില്ലെങ്കില്‍ നടപടികള്‍ : മാർച്ച് ഒന്നിന് മുമ്പ് വീസ കാലഹരണപ്പെട്ടതോ റദ്ദാക്കിയതോ ആയ താമസക്കാർ ഡിസംബർ 31 ന് മുമ്പ് യുഎഇ വിടണം. ഇതു ലംഘിക്കുന്നവര്‍ക്ക് പ്രതിദിനം 25 ദിർഹം ഓവർസ്റ്റേ പിഴയും കാലഹരണപ്പെട്ട എമിറേറ്റ്സ് ഐഡി കാർഡ് കയ്യിലുള്ളവര്‍ക്ക് പ്രതിദിനം 20 ദിര്‍ഹം പിഴയും ഈടാക്കും. ലാപ്സായ എമിറേറ്റ്സ് ഐഡിക്ക് 1,000 ദിര്‍ഹം വരെയാണ് പിഴ, കൂടാതെ ഇവരില്‍ നിന്നും എയർപോർട്ട് ഇമിഗ്രേഷൻ അഡ്മിനിസ്ട്രേഷൻ ചാർജായി 250 ദിര്‍ഹം വേറെയും ഈടാക്കും. ആശ്രിതർക്കും ഈ നിയമം ബാധകമാണ്.

പിഴ പരിശോധിക്കാന്‍ : മാർച്ച് ഒന്നിന് മുമ്പ് വീസ കാലഹരണപ്പെട്ടവർ സാധുവായ പാസ്‌പോർട്ടും ഡിസംബർ 31 ന് മുന്‍പത്തെ തീയതിക്കായുള്ള മടക്ക ടിക്കറ്റുമായി ദുബായ് രാജ്യാന്തര വിമാനത്താവള(DXB)ത്തില്‍ എത്തിച്ചേരണം. താമസക്കാർ‌ സ്പോൺ‌സർ‌ ചെയ്യുന്ന ആശ്രിതർക്കും ഈ നിയമം ബാധകമാണ്.

എങ്ങനെ ചെയ്യണം?: ഇളവിന് അപേക്ഷിക്കുന്നതിനായി യുഎഇയിലെ ഏതു വിമാനത്താവളത്തിലും പോകാം. ഔപചാരികതകള്‍ പൂര്‍ത്തിയാക്കുന്നതിനായി യാത്രക്കാർ പുറപ്പെടുന്നതിന് 6-8 മണിക്കൂർ മുമ്പേ എത്തിച്ചേരണം. ദുബായിൽ നിന്ന് പുറപ്പെടുന്നവര്‍ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പെങ്കിലും ടെർമിനൽ 2 ന് അടുത്തുള്ള ദുബായ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി സെന്‍ററില്‍ എത്തുക.

ഗ്രേസ് പിരീഡിനു ശേഷം യുഎഇയിൽ താമസിക്കുന്നവര്‍: ഇമിഗ്രേഷൻ സ്റ്റാറ്റസ് ശരിയാക്കേണ്ടവര്‍ രാജ്യം വിട്ട് പോയ ശേഷം ഒരു പുതിയ എൻ‌ട്രി പെർമിറ്റുമായി വീണ്ടും പ്രവേശിക്കണം. യു‌എഇയിൽ തുടരാനും വിസയിൽ ഭേദഗതി വരുത്താനും ആഗ്രഹിക്കുന്ന ആളുകളില്‍ നിന്നും ഓവര്‍സ്റ്റേ പിഴ ഈടാക്കും. യുഎഇയിൽ പുതിയ ജോലി കണ്ടെത്തിയവർക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ തൊഴിലുടമയിൽ നിന്ന് ‘ഔട്ട്‌ ഓഫ് കണ്‍ട്രി’ എന്‍ട്രി പെര്‍മിറ്റ്‌ ലഭിക്കണം. ആംനസ്റ്റി സൗകര്യം ഉപയോഗിക്കുന്നവര്‍ക്ക് യാത്രാ വിലക്ക് നേരിടേണ്ടിവരില്ല.

നവജാതശിശുക്കള്‍ ഉള്ളവര്‍ : പ്രധാന സ്പോൺസർ യുഎഇയിലാണെങ്കിൽ, കുഞ്ഞിനു വേണ്ടി ‘ഔട്ട്‌ ഓഫ് കണ്‍ട്രി’ എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കാം. മുഴുവൻ കുടുംബവും രാജ്യത്തിന് പുറത്താണെങ്കിൽ കുഞ്ഞിനുള്ള അനുമതിക്ക് വേണ്ടി തൊഴിലുടമയ്ക്ക് അപേക്ഷിക്കാം.

വര്‍ക്ക് പെര്‍മിറ്റ്‌ : ഫ്രീസോണുകളിലെ മേഖലകളിലെ കമ്പനികൾ ഒഴികെയുള്ളവര്‍ക്ക് വർക്ക് പെർമിറ്റുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് ഇപ്പോള്‍. ഈ കമ്പനികൾക്ക് പുതിയ ജോലിക്കാർക്ക് വേണ്ടി ‘ഔട്ട്‌ ഓഫ് കണ്‍ട്രി’ എന്‍ട്രി പെര്‍മിറ്റ് അപേക്ഷ നല്‍കാം.

കടപ്പാട്:മനോരമ

ചന്ദ്രിക വെബ് ഡെസ്‌ക്‌: