അബുദാബി: യുഎഇയിലെ സുഡാനി പൗരന്മാരെ പ്രവേശനവും താമസവും സംബന്ധിച്ച പിഴയില്‍നിന്ന് ഒഴിവാക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.
സുഡാനിലെ അഭ്യന്തരകലാപം മൂലം നാട്ടിലേക്ക മടങ്ങാന്‍ കഴിയാതിരിക്കുന്ന സുഡാനി പ്രവാസികളെയാണ് പിഴയില്‍നിന്നും ഒഴിവാക്കിയിട്ടുള്ളത്. യുഎഇ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സുഡാന്‍ പൗരന്മാരുടെ പ്രയാസത്തോടൊപ്പം പങ്കുചേരുകയെന്ന ലക്ഷ്യത്തോടെയാണ് വിസാ സംബന്ധമായ പിഴകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളത്.
വിസയും റസിഡന്‍സി പെര്‍മിറ്റുകളും കാലഹരണപ്പെട്ടവര്‍, തൊഴില്‍ കരാറുകള്‍ അവസാനിച്ചവര്‍, യുഎഇയില്‍ നിന്നുപോകാനുള്ള സമയപരിധി അവസാനിച്ചവര്‍ തുടങ്ങിയവര്‍ പിഴയില്‍ നിന്ന് ഒഴിവാക്കിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു.
യുഎഇയും സുഡാനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും സുഡാനി ജനതയോടൊപ്പം നില്‍ക്കാനുമുള്ള യുഎഇ നേതൃത്വത്തിന്റെ തീരുമാനവുമാണ് ഇതിന് പിന്നിലെന്ന് ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി വ്യക്തമാക്കി.
സുഡാനി സമൂഹത്തോടുള്ള പിന്തുണയ്ക്കും കരുതലിനും യുഎഇ നേതൃത്വത്തിന് സുഡാനീസ് എംബസി നന്ദി അറിയിച്ചു. ബന്ധപ്പെട്ട എല്ലാ ദേശീയ അധികാരികള്‍ക്കൊപ്പം വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിനും സുഡാന്‍ എംബസി നന്ദി അറിയിച്ചു.