ദുബൈ: കോവിഡ് മഹാമാരിക്ക് ശേഷം അടച്ചിടുകയോ നിയന്ത്രിക്കുകയോ ചെയ്ത മേഖലകള്‍ തുറന്നു കൊടുത്തിരിക്കുകയാണ് യുഎഇ സര്‍ക്കാര്‍. പുതിയ തൊഴില്‍ വിസ അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് സര്‍ക്കാര്‍ അനുകൂല തീരുമാനങ്ങളെടുത്തിട്ടുള്ളത്. മാസങ്ങളോളമായി നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരുന്ന മേഖലയാണ് പുതിയ ഇളവുകളോടെ വീണ്ടും സജീവമാകുന്നത്. പ്രവാസികള്‍ക്ക് അടക്കം ഏറെ ആഹ്ലാദകരമായ തീരുമാനമാണ് സര്‍ക്കാറിന്റേത്.
സര്‍ക്കാര്‍ തീരുമാനങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇങ്ങനെ;
* താമസ രേഖകള്‍ നിയമാനുസൃതമാക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നേരത്തെ നീട്ടി നല്‍കിയ സമയപരിധിയാണ് അവസാനിക്കുന്നത്. പിഴ കൂടാതെ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധിയാണ് അവസാനിക്കുന്നത്.
* ഒക്ടോബര്‍ 12 നു മുന്‍പ് വിസയും അനുബന്ധ രേഖകളും നിയമാനുസൃതമാക്കുകയാ രാജ്യം വിടുകയോ ചെയ്യണം. അനധികൃത താമസത്തിന് തിങ്കളാഴ്ച മുതല്‍ പിഴ ചുമത്തും.
* മാര്‍ച്ച് ഒന്നിനു ശേഷം വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കാന്‍ ജൂലൈ വരെയാണ് ആദ്യം സമയം നല്‍കിയത്. കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മൂന്നു മാസം കൂടി നീട്ടി നല്‍കുകയായിരുന്നു.
വിസയിലെ മാറ്റങ്ങള്‍ ഇങ്ങനെ;
* സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലകള്‍, വീട്ടുജോലിക്കാര്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റുകള്‍ പുനഃരാരംഭിച്ചു
* നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുമായി ചേര്‍ന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് (ഐസിഎ) ആണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ഔദ്യോഗിക സംവിധാനങ്ങള്‍ വഴി മാത്രമേ എന്‍ട്രി പെര്‍മിറ്റുകള്‍ അനുവദിക്കൂ എന്ന് ഐസിഎ.
* കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുതിയ വിസക്കാര്‍ക്ക് പ്രവേശനം.
* സ്‌പോണ്‍സര്‍മാര്‍ ഔദ്യോഗിക കേന്ദ്രങ്ങളുമായി സഹകരിച്ച് ഇവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ സൗകര്യമൊരുക്കണം. കോവിഡ് നെഗറ്റീവ് ഫലവുമായാണ് വരേണ്ടത്.
* വിസ കാലാവധിയുള്ള എല്ലാ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കും പ്രവേശന അനുമതി.
* രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ www.ica.gov.ae വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം