X
    Categories: gulfNews

മൂന്ന് ബില്യണ്‍ ഡോളറിന്റെ നിക്ഷേപ ഫണ്ട്; കൈ ചേര്‍ത്തു പിടിച്ച് യുഎഇയും ഇസ്രയേലും

ടെല്‍ അവീവ്: നയതന്ത്ര ബന്ധം സാധാരണഗതിയില്‍ ആയതിന് പിന്നാലെ മൂന്ന് ബില്യണ്‍ യുഎസ് ഡോളറിന്റെ തന്ത്രപ്രധാന നിക്ഷേപ ഫണ്ട് യാഥാര്‍ത്ഥ്യമാക്കി യുഎഇയും ഇസ്രയേലും. യുഎസ് കൂടി ഉള്‍പ്പെടുന്നതാണ് അബ്രഹാം ഫണ്ട് എന്നറിയപ്പെടുന്ന നിക്ഷേപം. വളര്‍ച്ച വര്‍ധിപ്പിക്കുക, തൊഴില്‍ സൃഷ്ടിക്കുക എന്നതാണ് ഫണ്ടിന്റെ ലക്ഷ്യം. ഇന്നലെ ഇസ്രയേലില്‍ എത്തിയ യുഎഇ സംഘത്തിന്റെ സന്ദര്‍ശനത്തിനിടെയാണ് ഫണ്ട് യാഥാര്‍ത്ഥ്യമായത്. അബ്രഹാം അക്കോര്‍ഡ് ഒപ്പുവച്ച ശേഷമുള്ള ആദ്യ യുഎഇ സംഘത്തിന്റെ സന്ദര്‍ശനമായിരുന്നു ഇന്നലെ.

യുഎസ് ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് ഫൈനാന്‍സ് കോര്‍പറേഷനാണ് അമേരിക്കയില്‍ നിന്ന് ഫണ്ടിന്റെ ഭാഗമാകുന്നത്. സാങ്കേതിക വിദ്യയിലും വിപണിയിലും ഫണ്ട് നിക്ഷേപമിറക്കും. ഇതിന്റെ ഭാഗമായി ഇരുരാഷ്ട്രങ്ങളും സുഹൃദ് രാഷ്ട്രത്തില്‍ ഓഫീസുകള്‍ തുറക്കും.

നേരത്തെ, വ്യോമയാനം, ശാസ്ത്ര സാങ്കേതികം, ലോജിസ്റ്റിക് മേഖലയില്‍ വന്‍കിട നിക്ഷേപം നടത്താമെന്ന് ഇസ്രയേല്‍ സമ്മതിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കരാറും യാഥാര്‍ത്ഥ്യമായിട്ടുണ്ട്.

സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിന്‍ തൗഖ്, ധനസഹമന്ത്രി ഉബൈദ് അല്‍ തായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുചിനും മധ്യേഷ്യന്‍ പ്രതിനിധി അറി ബെര്‍കോവിചും സംഘത്തിലുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് സംഘത്തെ ടെല്‍ അവീവ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്.

‘ഇന്ന് നമ്മള്‍ ചരിത്രം സൃഷ്ടിക്കുകയാണ്. ഈ ദിവസം നമ്മള്‍ ഓര്‍മിക്കും. സമാധാനത്തിന്റെ തിളങ്ങുന്ന ദിനം’ – എന്നാണ് നെതന്യാഹു ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇസ്രയേലിനും യുഎഇക്കും ഇടയില്‍ സഞ്ചരിക്കാന്‍ വിസ വേണ്ടെന്നും അദ്ദേഹം അറിയിച്ചു.

Test User: