X
    Categories: gulfNews

കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന; ആശങ്കയോടെ യു.എ.ഇ- ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശം

ദുബൈ: രാജ്യത്തെ കോവിഡ് കേസുകള്‍ ഭീതിതമായ രീതിയില്‍ വര്‍ദ്ധിക്കുന്നതായി ആരോഗ്യമന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച നടത്തിയ വിര്‍ച്വല്‍ പത്ര സമ്മേളനത്തിലാണ് മന്ത്രി ഇതേക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചത്.

‘കഴിഞ്ഞ കുറച്ച് ആഴ്ചകളായി കോവിഡ് 19 രോഗനിരക്ക് കുറയുന്ന പ്രവണതയാണ് കണ്ടു കൊണ്ടിരുന്നത്. എന്നാല്‍ ദൗര്‍ഭാഗ്യകരമായ രീതിയില്‍ ഇപ്പോള്‍ ദിനംപ്രതിയുള്ള കേസുകള്‍ വര്‍ദ്ധിച്ചു വരികയാണ്. മുന്‍കരുതല്‍ നടപടികള്‍ പാലിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കുടുംബ-സമൂഹ ഒത്തുചേരലുകള്‍ ഒഴിവാക്കുകയും വേണം’- മന്ത്രി പറഞ്ഞു.

അതിനിടെ, ബുധനാഴ്ച 435 പേര്‍ക്ക് കൂടി രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചു. 113 പേര്‍ കൂടി രോഗമുക്തരായതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65,341 ആയി.

ഒരാള്‍ മരണത്തിന് കീഴടങ്ങി. ഇതോടെ ആകെ മരണസംഖ്യ 367 ആയി. 58,022 ആണ് ആകെ രോഗം ഭേദമായവരുടെ എണ്ണം. നിലവില്‍ 6,952 പേരാണ് ചികിത്സയിലുള്ളത്. 72,000 ത്തിലധികം കൊവിഡ് പരിശോധനകള്‍ പുതുതായി നടത്തിയെന്ന് മന്ത്രാലയം അറിയിച്ചു. ഇതുവരെ 60 ലക്ഷത്തിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.

പരിശോധനയ്ക്കായി വിപുലമായ സൗകര്യങ്ങളാണ് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്. ഷാര്‍ജ, അബുദാബി, ദുബായ്, അജ്മാന്‍, ഫുജൈറ എന്നിവിടങ്ങളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ, ഏഴു ഇമാറാത്തിലും 14 ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.

Test User: