ദുബായ്: കോവിഡ് പ്രതിസന്ധിക്കിടെ യുഎഇയില്‍ ഇന്ന് സ്‌കൂളുകള്‍ തുറന്നു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചാണ് അധ്യയനം ആരംഭിച്ചത്. പ്രവേശന കവാടത്തില്‍ താപനില പരിശോധന നടത്തിയാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്. ക്ലാസിലേക്കുള്ള വഴിയില്‍ ഓരോ ഇടങ്ങളിലും സാനിറ്റൈസറുകള്‍ വെച്ചിരുന്നു.
ക്ലാസ് മുറികളില്‍ നന്നേ ചുരുക്കം വിദ്യാര്‍ഥികളേ ഉണ്ടായിരുന്നുള്ളു. ഭൂരിഭാഗം ഇരിപ്പിടങ്ങളും ശൂന്യമായി കിടന്നു. ഈ വിധത്തിലൊരു ക്ലാസ് കണ്ടിട്ടില്ലാത്തതിന്റെ അപരിചിതത്വം വിദ്യാര്‍ഥികളുടെ മുഖത്ത് നിഴലിച്ചിരുന്നു. സ്‌കൂള്‍ പഠനം തെരഞ്ഞെടുത്ത ചുരുക്കം ചില വിദ്യാര്‍ഥികള്‍ മാത്രമാണ് സ്‌കൂളിലെത്തിയത്. സാമൂഹിക അകലം, മാസ്‌ക് ഉള്‍പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാണ് ക്ലാസുകള്‍ ആരംഭിച്ചത്.
ഓണ്‍ലൈന്‍ ക്ലാസിലിരിക്കുന്നവര്‍ക്കും കൂടി സാധ്യമാകുന്ന തരത്തിലാണ് ക്ലാസുകള്‍ നിശ്ചയിച്ചത്. ഇതിനായി സ്മാര്‍ട്ട് ബോര്‍ഡുകളും ലാപ്‌ടോപ്പുകളും ക്ലാസ്മുറിയില്‍ സജ്ജീകരിച്ചിരുന്നു. ഇതുവഴി സ്‌കൂള്‍ ഒപ്ഷന്‍ തെരഞ്ഞെടുക്കാത്ത വിദ്യാര്‍ഥികള്‍ക്കും ക്ലാസുകള്‍ ലഭിക്കുന്നുണ്ട്. ഇതിനായി ഹെഡ്‌സെറ്റ് മൈക്കുകള്‍ വെച്ചാണ് അധ്യാപകര്‍ ക്ലാസുകളെടുക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ക്ലാസിലേക്ക് ആകൃഷ്ടരായി സ്‌കൂളിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ അറിയിച്ചു.
കുട്ടികളില്‍ ചിലരെ മാതാപിതാക്കള്‍ സ്‌കൂളിലെത്തിച്ചു. മറ്റു ചിലര്‍ സ്‌കൂള്‍ ബസുകളില്‍ വന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമാണ് സ്‌കൂളിലേക്കുള്ള യാത്രകള്‍ വരെ നിശ്ചയിച്ചിരിക്കുന്നത്. ബസുകളില്‍ പകുതിയില്‍ താഴെ മാത്രം വിദ്യാര്‍ഥികള്‍ക്കേ യാത്ര ചെയ്യാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. രക്ഷിതാക്കള്‍ക്കൊപ്പം വന്ന വിദ്യാര്‍ഥികളും സാമൂഹിക അകലം പാലിച്ചാണ് വിദ്യാലയങ്ങളിലെത്തിയത്. സ്‌കൂളിന്റെ കോമ്പൗണ്ടിനകത്തേക്ക് രക്ഷിതാക്കള്‍ക്ക് പ്രവേശനം അനുവദിച്ചില്ല.
സാമൂഹിക അകലം പാലിക്കുന്നതിനായി ക്ലാസ്മുറികളിലും മറ്റും ഓരോരുത്തര്‍ക്കും ഓരോ ഇടം നിശ്ചയിച്ചു വച്ചിരുന്നു. ചുമരുകളിലും മതിലുകളിലും അകലം സൂക്ഷിക്കുന്നതിന്റെ സ്റ്റിക്കറുകളും ചിത്രങ്ങളും പതിച്ചു. ഇന്റര്‍വെല്‍ സമയങ്ങള്‍ ക്ലാസ് മുറിക്കകത്തു തന്നെ കഴിയണം. ഉച്ചഭക്ഷണം ക്ലാസ്മുറികളില്‍ വെച്ചു തന്നെ കഴിക്കണം. ആവശ്യമായ എല്ലാ മുന്‍കരുതലുകളും പാലിച്ചുകൊണ്ടാണ് സ്‌കൂള്‍ ആരംഭിച്ചത്. വിദ്യാര്‍ഥികളും ജീവനക്കാരും സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്ന വിധത്തിലാണ് സ്‌കൂള്‍ സജ്ജീകരിച്ചത്.
കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് സ്‌കൂളുകള്‍ അടച്ചത്.