X
    Categories: gulfNews

യുഎഇയില്‍ നൂറു ദിവസത്തിനിടെയുള്ള ഏറ്റവും കൂടിയ കോവിഡ് നിരക്ക്; രണ്ടാം ഘട്ട വ്യാപന ഭീതിയില്‍ രാജ്യം

ദുബൈ: യുഎഇയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. ബുധനാഴ്ച 735 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 538 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്നു മരണവും റിപ്പോര്‍ട്ട് ചെയ്തു. 99 ദിവസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കോവിഡ് നിരക്കാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.

80,000 ത്തോളം പേരെ 24 മണിക്കൂറിനിടെ രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കി. ഇതുവരെ 7.2 ദശലക്ഷം പരിശോധനകള്‍ നടത്തിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മേയ് 27ല്‍ 883 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ് ഇതിന് മുന്‍പത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 71,540 ആയി. രോഗം ഭേദമായി ആശുപത്രി വിട്ടവര്‍ 62,029 ആണ്. 9124 പേരാണ് ചികിത്സയില്‍ ഉള്ളവര്‍. 387 പേര്‍ വൈറസ് ബാധിച്ചു മരിച്ചു.

അതിനിടെ, ആറാഴ്ചയ്ക്കിടെ 31,000 പേര്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍ പങ്കെടുത്തതായി അധികൃതര്‍ അറിയിച്ചു. 120 രാഷ്ട്രങ്ങളില്‍ നിന്നുള്ള വളണ്ടിയര്‍മാരാണ് പരീക്ഷണത്തിന്റെ ഭാഗമായത്.

Test User: