X
    Categories: MoreViews

55 കഴിഞ്ഞവര്‍ക്കുള്ള സൗജന്യ ബസ് യാത്ര പ്രയോജനപ്പെടുത്തി പ്രവാസികള്‍

 

അബുദാബി: അബുദാബിയില്‍ 55 വയസ് കഴിഞ്ഞവര്‍ക്ക് ബസ് യാത്ര സൗജന്യമാക്കിയ അധികൃതരുടെ തീരുമാനത്തില്‍ പ്രവാസികള്‍ സന്തുഷ്ടര്‍.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം നിരവധി പേരാണ് സൗജന്യ ബസ് യാത്രക്കുള്ള ടിക്കറ്റ് തരപ്പെടുത്തിയത്. അബുദാബി നഗരത്തില്‍ എവിടെയും സൗജന്യമായി യാത്ര ചെയ്യാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തിയവരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇടത്തരക്കാര്‍ക്കും ചെറിയ വേതനത്തിന് ജോലി ചെയ്യുന്നവര്‍ക്കും സൗജന്യ യാത്ര വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്.
മുഹമ്മദ് ബിന്‍ സായിദ് സിറ്റി, മുസഫ, ബനിയാസ്, ഷഹാമ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് സൗജന്യ യാത്ര കൂടുതല്‍ ഉപകാരപ്രദമായി മാറിയത്. സാധാരണ ഗതിയില്‍ മുന്‍കൂട്ടി പണം നല്‍കി പാസ് എടുത്താല്‍ മാത്രമേ ബസില്‍ യാത്ര ചെയ്യാന്‍ കഴിയുകയുള്ളൂ.
എന്നാല്‍, 55 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഫോട്ടോ പതിച്ച മനോഹരമായ കാര്‍ഡ് സൗജന്യമായി നല്‍കുകയാണ് ചെയ്യുന്നത്. പണം നല്‍കാതെ യാത്ര ചെയ്യാന്‍ കഴിയുമെന്ന കാര്യമറിഞ്ഞ പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാര്‍ സൗജന്യ പാസ് കരസ്ഥമാക്കാനുള്ള തയാറെടുപ്പിലാണ്. സൗജന്യ യാത്ര വലിയ അനുഗ്രഹമായാണ് പ്രായമായവര്‍ വിലയിരുത്തുന്നത്. 75 വയസ് പിന്നിട്ടാലും സ്വന്തം നാട്ടില്‍ കിട്ടാത്ത സൗജന്യ യാത്ര വിദേശ രാജ്യത്ത് ലഭിക്കുന്നുവെന്നത് പ്രവാസികളെ കൂടുതല്‍ ആഹ്‌ളാദ ഭരിതരാക്കുന്നുണ്ട്.
അബുദാബി ഭരണാധികാരികള്‍ കാട്ടുന്ന ഉദാര മനസ്‌കതക്ക് പകരമായി ഈ രാജ്യത്തിന് കൂടുതല്‍ ഐശ്വര്യമുണ്ടാവാന്‍ പ്രവാസികളുടെ പ്രാര്‍ത്ഥന ഉണ്ടാകുമെന്ന് സൗജന്യ ടിക്കറ്റ് ലഭിച്ചവര്‍ പറയുന്നു. തലസ്ഥാന നഗരിയിലേക്കും പരിസര പ്രദേശങ്ങളിലെ മറ്റു നഗരങ്ങളിലേക്കും തിരിച്ചും നിരവധി ബസുകള്‍ സര്‍വീസ് ന ടത്തുന്നതു കൊണ്ട് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ്. തൊഴില്‍ സ്ഥാപനത്തിലേക്കും താമസ സ്ഥലത്തേക്കുമുള്ള കല്‍നട യാത്ര പലപ്പോഴും പ്രതികൂല കാലാവസ്ഥയില്‍ ഏറെ പ്രയാസം സൃഷ്ടിക്കാറുണ്ട്.
അത്തരക്കാരെ വളരെയധികം സന്തുഷ്ടരാക്കിയാണ് സൗജന്യയാത്ര പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്.

chandrika: