X

പുതിയ ദുബൈ പാര്‍ക്കുകള്‍ യുഎഇയുടെ ആഗോള സ്ഥാനം ഉയര്‍ത്തും: ശൈഖ് മുഹമ്മദ്

ദുബൈ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സംയുക്ത തീം പാര്‍ക്ക് ഇടമായ ദുബൈ പാര്‍ക്‌സ് ആന്റ് റിസോര്‍ട്‌സിലെ ലീഗോലാന്റിലെയും റിവര്‍ലാന്റിലെയും നിര്‍മാണ പ്രവൃത്തികളുടെ അവസാന മിനുക്കുപണികള്‍ കാണാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം സന്ദര്‍ശനം നടത്തി. ദുബൈക്കും അബുദാബിക്കും മധ്യേ എക്‌സ്‌പോ 2020 മേഖലക്കടുത്തായി ശൈഖ് സായിദ് റോഡിനരികില്‍ 30 മില്യന്‍ ചതുരശ്ര അടി സ്ഥലത്താണ് പദ്ധതി പ്രദേശം.

 

മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ മള്‍ടി തീംഡ് പാര്‍ക്കും വിനോദ-ഉല്ലാസ ഇടവുമാണിത്. 13 ബില്യന്‍ ദിര്‍ഹം ചെലവിലാണ് ദുബൈ പാര്‍ക്‌സ് ആന്റ് റിസോര്‍ട്‌സ് വികസന പദ്ധതി നടപ്പാക്കുന്നത്. ലീഗോലാന്റിനും ലീഗോലാന്റ് വാര്‍ട്ടര്‍ പാര്‍ക്കിനും പുറമെ, രണ്ട് അധിക പാര്‍ക്കുകള്‍ കൂടി ഇവിടെയുണ്ട്. ഹോളിവുഡ് സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ള മോഷന്‍ഗേറ്റ് ദുബൈയും ബോളിവുഡ് സിനിമാ അനുഭവം പ്രതിഫലിപ്പിക്കുന്ന ഇദംപ്രഥമമായ ബോളിവുഡ് പാര്‍ക്കുകളുമാണിവ. പോളിനീഷ്യന്‍ തീംഡ് ഹോട്ടലും റിവര്‍ലാന്റും ഇവിടെയുണ്ട്. മൂന്നു തീം പാര്‍ക്കുകളെയും വാട്ടര്‍ പാര്‍ക്കിനെയും ഹോട്ടലിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള 220,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള റീടെയില്‍, ഡൈനിംഗ്, വിനോദ അനുഭവങ്ങള്‍ അടങ്ങുന്നതാണ് റിവര്‍ലാന്റ്.

 

സാംസ്‌കാരികവും വിനോദാധിഷ്ഠിതവുമായ എടുപ്പുകള്‍ മേഖലാ തലത്തിലും ആഗോള തലത്തിലും കുടുംബ വിനോദ-ഉല്ലാസ ഇടമെന്ന യുഎഇയുടെ സ്ഥാനം ഉയര്‍ത്തുന്നതാണെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ദേശീയവും സാംസ്‌കാരികവുമായ ഈ നേട്ടങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയിലും വികസനത്തിലും പുതിയ ഘടനകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വിലയിരുത്തി.
ദുബൈ പാര്‍ക്‌സ് ആന്റ് റിസോര്‍ട്‌സിന്റെ കവാടമായ റിവര്‍ലാന്റ് ദുബൈയിലെ ഫ്രഞ്ച് ഗ്രാമത്തിലാണ് ശൈഖ് മുഹമ്മദ് തന്റെ പര്യടനം ആരംഭിച്ചത്. 1600ന്റെ അവസാന കാലഘട്ടങ്ങളില്‍ നിര്‍മിച്ച ചരിത്രപ്രധാനമായ മധ്യകാല ഫ്രഞ്ച് ടൗണും യൂറോപ്പിന്റെ വാസ്തുശില്‍പ മാതൃകകളും അദ്ദേഹം വീക്ഷിച്ചു. ഇവിടത്തെ ടവറുകളും ജല ചക്രങ്ങളും ഇടവഴികളും അദ്ദേഹം നോക്കിക്കണ്ടു.

 
നാല് തീംഡ് സോണുകളാണ് റിവര്‍ലാന്റിലുള്ളത്. 1950കളിലെ അമേരിക്ക, ഫ്രഞ്ച് വില്ലേജിലെ മധ്യകാല ഫ്രാന്‍സ്, ഇന്ത്യാ ഗേറ്റില്‍ കൊളോണിയല്‍ ഇന്ത്യ, 19-ാം നൂറ്റാണ്ടിലെ തീംഡ് ഉപദ്വീപ് എന്നിവയാണ് സോണുകള്‍. തുടര്‍ന്ന്, ലീഗോലാന്റ് ദുബൈയില്‍ ശൈഖ് മുഹമ്മദ് എത്തി. മധ്യപൂര്‍വദേശ-ഉത്തരാഫ്രിക്കന്‍ (മെനാ) മേഖലയിലെ ഏറ്റവും വലുതും ലോകനിലവാരത്തിലുള്ളതുമായ ഉല്ലാസ-വിനോദ കേന്ദ്രത്തിലെ ഡിസൈന്‍ മുതല്‍ നിര്‍മാണം വരെയുള്ള കാര്യങ്ങള്‍ ദു ൈബ പാര്‍ക്‌സ് ആന്റ് റിസോര്‍ട്‌സ് സിഇഒ റാഇദ് കജൂര്‍ ശൈഖ് മുഹമ്മദിന് വിശദീകരിച്ചു കൊടുത്തു. 2 മുതല്‍ 12 വയസ് വരെയുള്ള കുട്ടികളുമായെത്തുന്ന കുടുംബങ്ങള്‍ക്കായി ഡിസൈന്‍ ചെയ്തതാണ് ലീഗോലാന്റ്. 40 ഇന്ററാക്ടീവ് റൈഡുകളും ഷോകളും മറ്റാകര്‍ഷണങ്ങളും ഇവിടെയുണ്ട്. 60 മില്യനിലധികം ലീഗോ ഇഷ്ടികകള്‍ കൊണ്ട് നിര്‍മിച്ച 15,000 ലീഗോ മാതൃകാ എടുപ്പുകള്‍ ഇവിടെയുണ്ട്.
2013 മാര്‍ച്ചിലാണ് നിര്‍മാണമാരംഭിച്ചത്. 2019 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെ ലോകനിലവാരത്തിലുള്ള ആദ്യ സംയോജിത റിസോര്‍ട്ടും സാംസ്‌കാരിക-വിനോദ സ്ഥലവുമാകും ഇവിടമെന്ന് അല്‍നുഐമി പറഞ്ഞു. ബോളിവുഡ് പാര്‍ക്കിലും ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു. ശേഷം, പ്രഥമ ബ്രാന്റഡ് തീം പാര്‍ക്കായ സിക്‌സ് ഫ്‌ളാഗ്‌സ് പാര്‍ക്കിലും സന്ദര്‍ശിച്ചു. 2019 അവസാനത്തോടെയാകും ഇത് തുറക്കുന്നത്. ദുബൈ പാര്‍ക്‌സ് ആന്റ് റിസോര്‍ട്‌സിലെ നാലാമത്തെ തീം പാര്‍ക്കാണിത്. ആറു തീംഡ് സോണുകളില്‍ എല്ലാ പ്രായക്കാര്‍ക്കും പറ്റുന്ന 27 റൈഡുകളാണ് ഉണ്ടാവുക. ത്രില്‍ സീകര്‍ പ്‌ളാസ, മാജിക് മൗണ്ടന്‍, ഫിയെസ്റ്റ ടെക്‌സസ്, ഗ്രേറ്റ് എസ്‌കേപ്, ഗ്രേറ്റ് അഡ്വഞ്ചര്‍, ഗ്രേറ്റ് അമേരിക്ക, പോളിനീഷ്യന്‍ തീംഡ് ഫാമിലി ഹോട്ടല്‍ എന്നിവയാണ് ഇവിടെയുണ്ടാവുക.
2020ഓടെ പ്രതിവര്‍ഷം 20 മില്യന്‍ വിനോദ സഞ്ചാരികള്‍ ദുബൈയിലെത്തുമെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ ദേശീയ വരുമാനത്തിന് ഊര്‍ജം പകരുന്ന വൈവിധ്യ ഉറവിടങ്ങളെ പോഷിപ്പിക്കാന്‍ നടത്തുന്ന ഇത്തരം പദ്ധതികള്‍ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

chandrika: