അബുദാബി: യുഎഇ ഇന്ത്യയില്‍ മൂന്നാമത്തെ കോണ്‍സുലേറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ഹൈദരാബാദിലാണ് പുതിയ കോണ്‍സുലേറ്റ് തുറന്നിട്ടുള്ളത്. മുംബൈ, തിരുവന്തപുരം എന്നിവിടങ്ങളിലാണ് നിലവില്‍ യുഎഇ കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
യുഎഇ സഹമന്ത്രി അഹമ്മദ് അലി അല്‍ സായിഗ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഉല്‍ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ സന്നിഹിതനായിരുന്നു.
യുഎഇ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കൂടുതല്‍ ഊഷ്മളമാവാന്‍ പുതിയ കോണ്‍സുലേറ്റുകള്‍ കാരണമായിത്തീരുമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. 2018ലാണ് ഹൈദരാബാദില്‍ കോണ്‍സുലേറ്റ് തുറക്കുന്നതുസംബന്ധിച്ചു ധാരണയായത്. അന്നത്തെ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്യാനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.