X

കേരളത്തിന് കൈത്താങ്ങായി വീണ്ടും യു.എ.ഇ; 700 കോടി നല്‍കും

തിരുവനന്തപുരം: കേരളത്തിന് കൈത്താങ്ങായി വീണ്ടും യു.എ.ഇ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ 700 കോടി രൂപ നല്‍കുമെന്ന് അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാനെ കണ്ടപ്പോഴാണ് അവര്‍ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യു.എ.ഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുതിയ കേരളം സൃഷ്ടിക്കണം. തകര്‍ന്നത് അതേപടി പുന:സ്ഥാപിക്കലല്ല ലക്ഷ്യം. കേരളം 10,000കോടി രൂപ അധിക വായ്പ സമാഹരിക്കുമെന്നും ദീര്‍ഘകാല പദ്ധതികള്‍ക്കായി നബാര്‍ഡിന്റെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസം, പുനരധിവാസം, പുനര്‍നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 30ന് ചേരാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നേരത്തെ, കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇ ഭരണകൂടം രംഗത്തെത്തിയിരുന്നു. യു.എ.ഇ ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് അഭ്യര്‍ത്ഥന നടത്തിയത്. കേരളം പ്രളയത്തിലൂടെ കടന്നുപോകുകയാണെന്നും പുണ്യമാസത്തില്‍ ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടാന്‍ മറക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.

ദുരിതബാധിതരെ സഹായിക്കാന്‍ യു.എ.ഇയും ഇന്ത്യന്‍ സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കും. അടിയന്തര സഹായം നല്‍കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ സംരംഭത്തിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

chandrika: