X

അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി യുഎഇ നഴ്സുമാര്‍

അബുദാബി: അന്താരാഷ്ട്ര നഴ്സസ് ദിനം അവിസ്മരണീയമാക്കി മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും നഴ്സുമാര്‍ അണിനിരന്നു രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി.കോവിഡ് കാലത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിച്ച നഴ്സുമാരെ ആദരിക്കാന്‍ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഒരുക്കിയ പരിപാടിയാണ് ഗിന്നസില്‍ ഇടം നേടിയത്.

വിപിഎസ് ഹെല്‍ത്ത്കെയറിന്റെ അബുദാബി, അല്‍ഐന്‍, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലെ നഴ്സുമാര്‍ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് അണിനിരന്നത്. ഗിന്നസ് ഒഫീഷ്യലുകളുടെയും സ്വന്തന്ത്ര നിരീക്ഷകരുടെയും സാന്നിധ്യത്തിലായിരുന്നു റെക്കോര്‍ഡ് സംഗമം. മഹാമാരിക്കെതിരായ മുന്നണിയിലെ പോരാട്ടത്തിനിടെ ജീവന്‍ നഷ്ടമായ ബുര്‍ജീല്‍ നഴ്‌സ് ലെസ്ലി ഒറീന്‍ ഒക്കാമ്പോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പ്രാര്‍ത്ഥനയോടെയാണ് സംഗമം തുടങ്ങിയത്.

നേരത്തെ 691 നഴ്സുമാര്‍ ഒരു വേദിയില്‍ യൂണിഫോമില്‍ ഒത്തുചേര്‍ന്ന റെക്കോര്‍ഡാണ് 1600പേരുടെ ഒത്തുചേരലിലൂടെ തിരുത്തപ്പെട്ടത്. നഴ്സുമാരുടെ പ്രത്യേക ദിനത്തില്‍ തന്നെ അവര്‍ പുതിയ റെക്കോര്‍ഡ് എഴുതി ചേര്‍ത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് റെക്കോര്‍ഡ് പ്രഖ്യാപിച്ചു കൊണ്ട് ഗിന്നസ് പ്രതിനിധി കന്‌സി എല്‍ ഡെഫ്റാവി പറഞ്ഞു.നഴ്‌സുമാരുടെ നിസ്വാര്‍ത്ഥ സേവനങ്ങളെ സമൂഹം വ്യത്യസ്തമായി ആദരിക്കുന്നതിന് ഉദാഹരണമാണ് ഈ അംഗീകാരമെന്നും കന്‍സി കൂട്ടിച്ചേര്‍ത്തു.

ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെത്തിയ 1600 നഴ്സുമാര്‍ നഴ്സിംഗ് തൊഴിലിന്റെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായെടുത്ത ഫ്‌ലോറന്‍സ് നൈറ്റിംഗള്‍ പ്രതിജ്ഞയാണ് വേദിയില്‍ പിറന്ന രണ്ടാമത്തെ ഗിന്നസ് റെക്കോര്‍ഡ്. എറ്റവും കൂടുതല്‍ പേര്‍ ഒരുമിച്ചെടുക്കുന്ന പ്രതിജ്ഞ എന്ന റെക്കോര്‍ഡാണിത്.തന്റെ 22 വര്‍ഷത്തെ സേവനത്തിനിടയില്‍ മറക്കാനാവാത്ത ഒന്നാണിതെന്ന് വിപിഎസ് ഹെല്‍ത്ത്കെയര്‍ ചീഫ് നഴ്സിംഗ് ഓഫീസര്‍ റാണി എല്‍സ ഉമ്മന്‍ പറഞ്ഞു.

നഴ്സുമാര്‍ ലോകത്തിന് നല്‍കുന്ന അമൂല്യമായ സംഭാവനകള്‍ക്കുള്ള ആദരമാണ് ചടങ്ങെന്ന് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ബിസിനസ് ഡെവലപ്മെന്റ് പ്രസിഡന്റ് ഒമ്രാന്‍ അല്‍ ഖൂരി പറഞ്ഞു. കോവിഡ് -19 നെതിരായ പോരാട്ടത്തിന്റെ മുന്നണിയിലുള്ള നഴ്സുമാരില്‍ പലര്‍ക്കും രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്രയും വലിയ സംഗമത്തില്‍ പങ്കെടുത്തത് പുതിയ അനുഭവമായി.

ഇത്രയേറെ നഴ്‌സുമാരെ ഒന്നിച്ചു ഒരേവേദിയില്‍ കാണാനായതും നഴ്സിംഗ് സേവനത്തിന്റെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഫ്‌ലോറന്‍സ് നൈറ്റിംഗള്‍ പ്രതിജ്ഞ ഒറ്റക്കെട്ടായി ഏറ്റുചൊല്ലിയതും അനുഭൂതി പകര്‍ന്നതായി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി ഇന്‍പേഷ്യന്റ് നഴ്സ് കെവിന്‍ ബയാന്‍ പറഞ്ഞു.

Chandrika Web: