അബുദാബി: മിഡില്‍ ഈസ്റ്റില്‍ നിര്‍മിക്കപ്പെടുന്ന പ്രഥമ അണുശക്തി നിലയം ബറക ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റ് പദ്ധതിയുടെ നിര്‍മാണം ആദ്യഘട്ടം പൂര്‍ത്തിയായി. യുഎഇ സമാധാന ആണവോര്‍ജ്ജ പദ്ധതിക്കു കീഴിലാണ് എമിറേറ്റ്‌സ് ആണവോര്‍ജ കോര്‍പറേഷന്‍ പ്ലാന്റ് നിര്‍മിച്ചത്. 2020 ന് സമ്പൂര്‍ണ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന ബറക ആണവ നിലയത്തിലെ നാലു പ്ലാന്റുകളില്‍ ആദ്യത്തേതാണ് ഒമ്പതു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയായത്. 5,600 മെഗാ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആണവനിലയത്തിന് സാധിക്കുമെന്നും ഇത് രാജ്യത്തിന്റെ എല്ലാ വൈദ്യുതി ആവശ്യങ്ങള്‍ക്കും പരിഹാരം കുറിക്കുമെന്നുമാണ് വിലയിരുത്തലുകള്‍.
അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ-ഇന്‍ എന്നിവരുടെ സാന്നിധ്യം പ്രഖ്യാപന ചടങ്ങിന് മാറ്റുകൂട്ടി. നിരവധി വിശിഷ്ടവ്യക്തികളും ഇവരെ അനുഗമിച്ചിരുന്നു. ത്രിദിന സന്ദര്‍ശനത്തിനായി ശനിയാഴ്ച അബുദാബിയിലെത്തിയതാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്.
പ്രോജക്ടിന്റെ വിജയത്തെ കുറിച്ച് അറിയിച്ച ശൈഖ് മുഹമ്മദ് ബിന്‍ സായിദ് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാനും കൊറിയന്‍ പങ്കാളിത്തത്തിനും വമ്പന്‍ പ്രോജക്ടിന്റെ വിജയത്തിന് നന്ദി അറിയിച്ചു.
‘പ്രിയ സുഹൃത്ത് കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇനും ഞാനും ബറക ആണവ നിലയം പ്രോജക്ടിന്റെ പൂര്‍ത്തീകരണത്തിന് സാക്ഷികളായി. പ്രസിഡന്റിനും കൊറിയന്‍ സുഹൃത്തുക്കള്‍ക്കും എല്ലാ നന്ദിയും അറിയിക്കുന്നു.’ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ട്വീറ്റ് ചെയ്തു.നാലു യൂണിറ്റുകളിലായി നിര്‍മാണം നടക്കുന്ന ആണവനിലയത്തിന്റെ യൂണിറ്റ് ഒന്ന് 95 ശതമാനം നിര്‍മാണം 2017 ജൂലൈ മൂന്നാം വാരം പൂര്‍ത്തിയായിരുന്നു. ഈ സമയത്ത്, യൂണിറ്റ് രണ്ട് 84 ശതമാനവും യൂണിറ്റ് മൂന്ന് 74 ശതമാനവും യൂണിറ്റ് നാല് 51 ശതമാനവും നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു.യുറാനിയം നിറച്ച ഒറ്റ പെല്ലറ്റില്‍ മാത്രം ഒരു വീട്ടിലെ എല്ലാ വൈദ്യുത ഉപകരണങ്ങളും നാലു മാസം പ്രവര്‍ത്തിപ്പിക്കാനുള്ള ഊര്‍ജ്ജമുണ്ടാകും. ഒരു പെല്ലറ്റ് എന്നത് 481 ക്യൂബിക് മീറ്റര്‍ പ്രകൃതി വാതകത്തിന് തുല്യമാണെന്നാണ് ആണവനിലയം എന്‍ജിനീയര്‍ വിശദീകരിച്ചത്. ഇത്തരത്തിലുള്ള 30 മില്യണ്‍ പെല്ലറ്റുകള്‍ ആണവനിലയത്തിലെ ഓരോ യൂണിറ്റിലും ഉണ്ട്. ഇതില്‍ ഒറ്റ തവണ നിറയ്ക്കുന്ന ഇന്ധനം കൊണ്ട് തന്നെ 90 ശതമാനം കരുത്തോടെ 18 മാസത്തേക്കുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും.
ഇമാറാത്തിവത്കരണം ശക്തമാക്കിയതിന്റെ ഭാഗമായി എനക് കൂടുതല്‍ സ്വദേശികളെ ജോലിക്കെടുക്കുന്നുണ്ടെന്നത് ആണവനിലയത്തിന്റെ വരവില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നു.
എനക്, കീഴ് കമ്പനിയായ നവാഹ് എന്നിവയിലായി 1900 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 60 ശതമാനം പേരും സ്വദേശികളും 20 ശതമാനത്തിലേറെ പേര്‍ സ്ത്രീകളുമാണ്. 2020 ആകുമ്പോഴേക്കും യുഎഇ സമാധാന ആണവോര്‍ജ്ജ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനും ബറക ആണവ നിലയത്തിന്റെ പ്രവര്‍ത്തനത്തിനും 2500 പ്രൊഫഷണലുകളെങ്കിലും ആവശ്യമാണെന്നാണ് കണക്കാക്കപ്പെടുന്നത്.