X

പ്രവാസി വോട്ട്: തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് ആരംഭിച്ചു

അബുദാബി: പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക വെബ് സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു. പ്രവാസി റജിസ്‌ട്രേഷന്‍, വോട്ടെടുപ്പ്, അഭിപ്രായ സര്‍വ്വെ എന്നിങ്ങനെയാണ് വെബ്‌സൈറ്റ് വിഭാവനം ചെയ്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക വെബ്‌സൈറ്റിലാണ് റിജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ എംബസ്സി വെബ്‌സൈറ്റില്‍ നിന്നും ഇതിലേക്ക് പ്രത്യേക ലിങ്ക് നല്‍കിയിട്ടുണ്ട്.

 
ലോകരാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ തങ്ങളുടെ പേരുവിവരം ഇതിലൂടെ റജിസ്റ്റര്‍ ചെയ്യണം. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് അനുമാനിക്കുന്നത്. ഇതുസംബന്ധിച്ച വിശദ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടില്ല. ജനുവരിയില്‍ 18വയസ്സ് പൂര്‍ത്തിയായ വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ ലൈനില്‍ പേര് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പേര്, ഇമെയില്‍ വിലാസം, പാസ്സ്‌വേഡ് എന്നിവ രേഖപ്പെടുത്തിയാണ് ഓണ്‍ ലൈനിലൂടെ വോട്ടറുടെ പേര് റജിസ്റ്റര്‍ ചെയ്യുന്നത്.

എന്നാല്‍ ഇത് പ്രാരംഭ നടപടിയുടെ ഭാഗമായുള്ള പരീക്ഷണമാണെന്നാണ് അറിയാന്‍ കഴിയുന്നത്. വോട്ടെടുപ്പ് സംബന്ധിച്ച് പ്രവാസികളില്‍ കൂടുതല്‍ ബോധവല്‍ക്കരണവും ഓണ്‍ലൈന്‍ സംവിധാനത്തെക്കുറിച്ചുള്ള അവബോധവും സൃഷ്ടിക്കുകയാണ ലക്ഷ്യം. പ്രവാസികളെ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് ഈയിടെ സുപ്രീംകോടതിയും ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ നിന്നും ഒന്നരകോടിയിലേറെ വിദേശ ഇന്ത്യക്കാര്‍ മാറ്റിനിറുത്തപ്പെടുന്നുവെന്നത് ജനാധിപത്യരാജ്യത്തിന് ഭൂഷണമല്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവാസി വോട്ടിന് താല്‍പര്യം പ്രകടിപ്പിച്ചുതുടങ്ങിയത്.

കേന്ദ്രസര്‍ക്കാറിന്റെ കണക്കനുസരിച്ച് ഗള്‍ഫ് നാടുകളില്‍ മാത്രം 82 ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ സൗദിഅറേബ്യയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത്. 296,0000 ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. 26ലക്ഷം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന യു.എ.ഇയാണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ പ്രവാസി വോട്ട് ഏതുവിധത്തില്‍ നടപ്പാക്കണമെന്നതിനെക്കുറിച്ച് ഇതുവരെ അന്തിമ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളിലെ ലക്ഷക്കണക്കിന് പേര്‍ എംബസ്സികളില്‍ നേരിട്ടെത്തി വോട്ട് ചെയ്യുകയെന്നത് പ്രായോഗികമല്ല.

അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ വഴിയുള്ള വോട്ട് മാത്രമെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുകയുള്ളുവെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിനുമുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കി കുറ്റമറ്റ രീതിയില്‍ ലോക്‌സഭാ വോട്ട് രേഖപ്പെടുത്താന്‍ വിദേശ ഇന്ത്യക്കാര്‍ക്ക് അവസരമുണ്ടാക്കുകയെന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. ഇത് തങ്ങള്‍ക്ക് നേട്ടമാകുമെന്ന് ഭരണമുന്നണിയും കണക്കാക്കുന്നുണ്ട്.

chandrika: