ദുബൈ: മരൂഭൂമിയിലും ജല വൈദ്യത പദ്ധതി നടപ്പാക്കി ദുബൈ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമാണ് ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ ജല വൈദ്യുത പദ്ധതി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയത്. ദുബൈ വിഷന്‍ 2021 പദ്ധതിയുടെ ഭാഗമായാണ് ഇത്. ദുബൈ നഗരത്തില്‍ നിന്നും 113 കിലോ മീറ്റര്‍ അകലെയുള്ള മലമ്പ്രദേശമായ ഹത്തയിലാണ് ഈ ജല വൈദ്യുത പദ്ധതി നടപ്പാക്കുന്നത്.
സമുദ്ര നിരപ്പില്‍ നിന്നും 400 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹത്താവി ഡാമില്‍ നടപ്പാക്കുന്ന ജല വൈദ്യുത പദ്ധതി പൂര്‍ത്തീകരിച്ചാല്‍ 250 മെഗാ വാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. ദുബൈയിലെത്തുന്ന വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമായ ഹത്താവി ഡാമിലും പരിസര പ്രദേശങ്ങളിലും മലയാളം അടക്കം നിരവധി സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട്. മരൂഭൂമിയില്‍ അപൂര്‍വമായി ലഭിക്കുന്ന മഴ വെള്ളമാണ് ഈ ഡാമില്‍ സംഭരിക്കുന്നത്. സമീപ പ്രദേശത്തുള്ള ചെറിയ ഡാമുകളില്‍ നിന്നും ലഭിക്കുന്ന മഴവെള്ളം കൂടി ഈ ഡാമിലേക്ക് കൊണ്ടു വന്നാല്‍ 6,800 ദശലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയും.
ശുദ്ധ ഊര്‍ജം എന്ന വീക്ഷണത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അഥോറിറ്റി (ദീവ) സിഇഒ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. സൗരോര്‍ജം ഉപയോഗിച്ചായിരിക്കും സമീപ പ്രദേശങ്ങളിലെ ഡാമുകളിലെ വെള്ളം ഹത്താവി ഡാമുകളിലെത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും കുടി വെള്ളം സംഭരിക്കാനും ഈ പദ്ധതി സഹായകമാകും. മലമ്പ്രദേശമായതിനാല്‍ ദുബൈയില്‍ മഴ കൂടുതല്‍ ലഭിക്കുന്ന പ്രദേശമാണ് ഹത്ത.