ജലീല്‍ പട്ടാമ്പി
ദുബൈ: ഗതാഗത പ്രവാഹം റീറൂട്ട് ചെയ്യാനും ശൈഖ് സായിദ് റോഡിലെ വാഹന പെരുപ്പം കുറക്കാനും ലക്ഷ്യമിട്ട് ആര്‍ടിഎ അല്‍സഫ, അല്‍ബര്‍ഷ എന്നീ സാലിക് ഗേറ്റുകള്‍ക്കിടക്കുള്ള ലിങ്ക് വേര്‍പ്പെടുത്തുന്നു. ഇതനുസരിച്ച്, ഈ ഗേറ്റുകള്‍ക്ക് താഴെ കൂടി വാഹനങ്ങള്‍ കടന്നു പോകുന്ന സമയത്തെല്ലാം തുക ഈടാക്കപ്പെടുന്നതാണ്. നാളെ മുതല്‍ ചാര്‍ജ് ഈടാക്കല്‍ തുടങ്ങുമെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പ്രധാന റോഡുകളിലെ ഗതാഗത തിരക്ക് പുന:ക്രമീകരിക്കാന്‍ ഇതു മുഖേന സാധിക്കുമെന്നും ശൈഖ് സായിദ് റോഡിനെ എക്‌സ്പ്രസ്സ് ട്രാഫിക് കോറിഡോര്‍ ആയി നിലനിര്‍ത്താന്‍ സഹായിക്കുമെന്നും രാജ്യാന്തര സ്ഥാപന പ്രതിനിധികള്‍ക്കും ബിസിനസ് പ്രമുഖര്‍ക്കും ദ്രുതഗതിയില്‍ തങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്താന്‍ ഇത് പ്രയോജനപ്പെടുമെന്നും പ്രത്യാശിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
ഇതുകൂടാതെ, 28 സ്‌റ്റേഷനുകളിലൂടെ കടന്നു പോകുന്ന 52 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള, ഗ്രീന്‍ ലൈനുമായി സംഗമിക്കുന്ന രണ്ടു ഇന്റര്‍ചേഞ്ചുകളുള്ള
ദുബൈ മെട്രോ റെഡ് ലൈന്‍ ശൈഖ് സായിദ് റോഡിന്റെ ഓരം പറ്റിയാണ് സ്ഥിതി ചെയ്യുന്നത്. 156 പബ്‌ളിക് ബസുകള്‍ 12 റൂട്ടുകളിലായി 1,400 യാത്രകള്‍ പ്രതിദിനം നടത്തുന്നത് ശൈഖ് സായിദ് റോഡിലൂടെയാണ്. രണ്ടു ടോള്‍ ഗേറ്റുകള്‍ക്കിടക്കുള്ള ലിങ്ക് വേറെയാക്കുന്നത് വിശദമായ പഠനത്തിന് ശേഷമാണ് നടപ്പാക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും അല്‍യലായിസ് റോഡിനുമിടക്കുള്ള അല്‍ഹൂദ് ഇന്റര്‍ചേഞ്ച് തുറക്കുന്നതോടെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ ഗതാഗതം കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ സാധിക്കും. അബുദാബിയുടെ പ്രാന്തപ്രദേശങ്ങളെ സീഹ് അല്‍ സൈബില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദിലൂടെ അബുദാബി ഗവണ്‍മെന്റ് ബന്ധിപ്പിക്കുന്നതാണ്. 62 കിലോമീറ്റര്‍ നീളത്തില്‍ അബുദാബി നഗരത്തില്‍ നിന്നുള്ള ഈ ട്രാഫിക് കോറിഡോര്‍ ദുബൈയിലൂടെ ഷാര്‍ജയിലേക്കും മറ്റു എമിറേറ്റുകളിലേക്കും എളുപ്പം എത്താന്‍ സഹായിക്കും.
ടോള്‍ ഗേറ്റുകളെ വേര്‍തിരിക്കുന്നതിലൂടെ മറ്റു റോഡുകളില്‍ നിന്നുള്ള ഗതാഗതം കൂടി അല്‍ഖൈല്‍ റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നിവിടങ്ങളിലേക്ക് വഴി മാറുന്നതാണ്. ശൈഖ് സായിദ് റോഡിലെ ഗതാഗത തിരക്ക് സുഗമമാക്കാന്‍ ഈ നീക്കം ഉപകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.