X

കാര്‍ രഹിത ദിനാചരണം; 60,000ത്തിലധികം പേര്‍ പങ്കാളികളായി

ദുബൈ: ഭൂമിക്ക് നല്‍കുന്ന വലിയ സമ്മാനമായിരിക്കും കാറില്ലാതെ ഒരു ദിവസമെങ്കിലും യാത്ര ചെയ്യുക എന്ന സന്ദേശവുമായി ദുബൈ മുനിസിപ്പാലിറ്റിയുടെ കാര്‍ രഹിത ദിനാചരണം നടന്നു. ഇതിനകം തന്നെ ശ്രദ്ധേയമായ കാറില്ലാ ദിനാചരണം ഇത്തവണയും ഏറെ പുതുമകള്‍ നിറഞ്ഞതായിരുന്നു.

ഇന്നലെ രാവിലെ യൂണിയന്‍ മെട്രോ സ്‌റ്റേഷന്‍ പാര്‍ക്കില്‍ ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്തയാണ് ദിനാചരണം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന്, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇത്തിസാലാത്ത് മുതല്‍ യൂണിയന്‍ മെട്രോ സ്‌റ്റേഷന്‍ വരെ ഉന്നതോദ്യോഗസ്ഥര്‍ യാത്ര ചെയ്തു. ഇത് എട്ടാം തവണയാണ് ദുബൈ മുനിസിപ്പാലിറ്റി കാറില്ലാ ദിനാചരണം ഒരുക്കുന്നത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സംഘടനകള്‍, സര്‍ക്കാര്‍ വകുപ്പു തലവന്മാര്‍, വിദ്യാഭ്യാസ, റിയല്‍ എസ്‌റ്റേറ്റ്, റീടെയ്ല്‍, ഹോട്ടലുകള്‍, ബാങ്കുകള്‍, പ്രത്യേക പരിചരണം അര്‍ഹിക്കുന്നവര്‍ തുടങ്ങിയവര്‍ ദിനാചരണത്തില്‍ പങ്കാളികളായി.

എമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി, ദുബൈ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ റാഷിദ് അല്‍ മത്‌റൂഷി, ദുബൈ പൊലീസ് കമ്യൂണിറ്റി അഫയേഴ്‌സ് സര്‍വീസസ് അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന്‍ റാഫി, ഓപറേഷന്‍സ് അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫീന്‍, ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സിഇഒ ഖലീഫ ബിന്‍ ദറായ്, ദുബൈ ഗവ. വര്‍ക് ഷോപ് സിഇഒ ഹുമൈദ് സുല്‍ത്താന്‍ അല്‍ മുതൈവി, ദുബൈ ഹെല്‍ത്ത് അഥോറിറ്റി ഹോസ്പിറ്റല്‍ സര്‍വീസസ് സെക്ടര്‍ സിഇഒ ഡോ. അഹ്മദ് ബിന്‍ കല്‍ബാന്‍ തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു. പ്രകൃതി സൗഹൃദ വാഹനങ്ങളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു.

ആഗോള കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച രാജ്യാന്തര കരാറുകള്‍ പാലിക്കുന്ന കാര്യത്തില്‍ ദുബൈയുടെ ഉത്തരവാദിത്തം നിറവേറ്റുകയെന്ന ഉദ്ദേശ്യം കൂടിയുണ്ട് ഈ പരിപാടിക്ക്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്‍ പ്രഖ്യാപിച്ച യുഎഇ ദാന വര്‍ഷവുമായി ബന്ധപ്പെട്ടാണ് ഇത്തവണത്തെ ആചരണം. അന്തരീക്ഷ മലിനീകരണം കുറക്കുക, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കാര്‍ രഹിത ദിനം സംഘടിപ്പിച്ചതെന്ന് ലൂത്ത വ്യക്തമാക്കി. 2021 ആകുമ്പോഴേക്കും ശുദ്ധവായുവുള്ള അന്തരീക്ഷം സമ്മാനിക്കുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറക്കുകയും ചെയ്യുകയെന്ന യുഎഇ ദേശീയ അജണ്ട നടപ്പാക്കുക തങ്ങളുടെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യ വാഹനം ഉപേക്ഷിച്ച് പൊതുവാഹനം ഉപയോഗിക്കുക എന്ന സന്ദേശം പൊതുജനങ്ങളിലെത്തിക്കുകയായിരുന്നു കാര്‍ രഹിത ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.
രണ്ടു സ്ഥാപനങ്ങളാണ് ആദ്യ വര്‍ഷത്തെ കാര്‍ രഹിത ദിനത്തില്‍ പങ്കാളികളായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 1,070 ആയി. ഇപ്രാവശ്യം ഇരട്ടിയിലധികമാകുമെന്നാണ് പ്രതീക്ഷയെന്ന് പരിസ്ഥിതി-ആരോഗ്യ സുരക്ഷാ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് ശരീഫ് പറഞ്ഞു. ഇക്കുറി 60,000ത്തിലധികം പേര്‍ പങ്കെടുത്തെന്നാണ് പ്രാഥമിക കണക്ക്.
ആദ്യ വര്‍ഷം 1,000 പേരായിരുന്നു പങ്കെടുത്തിരുന്നത്.

chandrika: