X

കേരളത്തില്‍ നിന്നുള്ള പ്രഥമ എയര്‍ ഇന്ത്യ ഡ്രീം ലൈനറിന് സ്വീകരണം

ദുബൈ: കേരളത്തില്‍ നിന്നും പ്രഥമ എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീം ലൈനര്‍ വിമാനം ദുബൈയില്‍ എത്തി. കൊച്ചി- ദുബൈ വിമാനത്തിന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജലാഭിവാദ്യത്തോടെ സ്വീകരണം നല്‍കി. ഗള്‍ഫ് മേഖലയിലേക്കുള്ള ദേശീയ വിമാനക്കമ്പനിയുടെ രണ്ടാമത്തെ ഡ്രീം ലൈനര്‍ സര്‍വീസാണിത്. പുതിയ സര്‍വീസ് യു.എ.ഇ- ഇന്ത്യ ബന്ധങ്ങള്‍ക്ക് കരുത്തേകുന്നതാണ്. കൂടാതെ യു.എ.ഇയിലെ മലയാളി സമൂഹത്തിന് സര്‍വീസ് ഏറെ ഗുണകരമാകും.

2012 മുതല്‍ എയര്‍ ഇന്ത്യ ദല്‍ഹി ദുബൈ സെക്ടറില്‍ ബോയിംഗ് 787-800 ഡ്രീം ലൈനര്‍ സര്‍വീസ് നടത്തുന്നുണ്ട്. പുതിയ സര്‍വീസിന്റെ ഭാഗമായി എക്കണോമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 50 കിലോയും ബാഗേജ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ ബോയിംഗിന്റെ ചാര്‍ളിസ്റ്റണ്‍ കേന്ദ്രത്തില്‍ നിന്നാണ് പുതിയ ഡ്രീം ലൈനര്‍ കൈമാറിയത്. എയര്‍ ഇന്ത്യ ശ്രേണിയില്‍ 22ാമത്തെ ബി-787 വിമാനമാണിത്. ദുബൈ -കൊച്ചി റൂട്ടില്‍ പ്രതിദിനം ഉച്ചക്ക് 1.30ന് ആയിരിക്കും സര്‍വീസ് നടത്തുക.

ദുബൈയില്‍ നിന്നും 19 ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഏഴ് വിമാനക്കമ്പനികളില്‍ ഒന്നാണ് ദേശീയ കമ്പനിയായ എയര്‍ ഇന്ത്യ. ദുബൈയില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്ത രാജ്യം ഇന്ത്യയാണ്. 2016ല്‍ 11.4 ദശലക്ഷം പേരാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്തത്. 2015നേക്കാള്‍ 10.1 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ദുബൈക്കും ഇന്ത്യക്കുമിടയില്‍ നിലവില്‍ 78 പ്രതിദിന സര്‍വീസുകളാണുള്ളത്. 2017ല്‍ യു.എ.ഇ അടക്കമുള്ള ജി.സി.സി വിപണിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനുള്ള ശ്രമത്തിലാണ് എയര്‍ ഇന്ത്യ.

chandrika: