അബുദാബി: അന്താരാഷ്ട്ര വിനോദ സഞ്ചാര രംഗത്ത് അതിവേഗ വളര്‍ച്ച നേടുന്ന സ്ഥലങ്ങളിലൊന്നായി അബുദാബി ഉയരുന്നു. മിഡില്‍ ഈസ്റ്റിലെ ഒന്നാം സ്ഥാനമാണ് ഇതുസംബന്ധിച്ച പഠനത്തില്‍ അബുദാബിക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 11 മാസത്തില്‍ 4 ദശലക്ഷം സഞ്ചാരികളാണ് അബുദാബിയില്‍ എത്തിയതെന്ന് ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗ്‌ളോബല്‍ സിറ്റീസ് ഇന്‍ഡെക്‌സ് റിപ്പോര്‍ട്ട് പ്രകാരം, 2009നും 2016നുമിടക്ക് 19.81ശതമാനം വര്‍ധനയാണ് ഈ രംഗത്തുണ്ടായിട്ടുള്ളത്. ലോകത്തിലെ 132 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രസ്തുത റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ജപ്പാനിലെ ഒസാക, ചൈനയിലെ ഗ്വാംങ്ഷു എന്നീ നഗരങ്ങള്‍ കഴിഞ്ഞാല്‍ വിനോദ സഞ്ചാര വികസന ഭൂപടത്തില്‍ മൂന്നാം സ്ഥാനമാണ് അബുദാബിക്ക് ലഭിച്ചത്.
ലോകത്തിലെ 50 സ്ഥലങ്ങളില്‍ അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അബുദാബിയാണ് ഒന്നാം നിരയിലെത്തിയത്. 168 ഹോട്ടലുകളിലായി കഴിഞ്ഞ വര്‍ഷം ആദ്യ 11മാസത്തില്‍ 4 ദശലക്ഷം അതിഥികളാണ് എത്തിയത്. അബുദാബി ഫുഡ് ഫെസ്റ്റിവെല്‍, ഖസര്‍ അല്‍ ഹുസ്ന്‍ ഉത്സവം എന്നിവയോടനുബന്ധിച്ച് നിരവധി വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നതായി ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളിലായി 35,000 വിശിഷ്ട വ്യക്തികളാണ് തലസ്ഥാന നഗരിയില്‍ എത്തിച്ചേര്‍ന്നത്. അല്‍ഐന്‍ ഒയാസിസും സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. അബുദാബി അന്താരാഷ്ട്ര വിനോദ സഞ്ചാര രംഗത്ത് കൂടുതല്‍ ശ്രദ്ധാ കേന്ദ്രമായി മാറുകയാണെന്ന് അബുദാബി ടൂറിസം ആന്റ് കള്‍ചറല്‍ അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് സഈദ് ഗുബാഷ് വ്യക്തമാക്കി.