X

നവജാത ശിശുവിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ മുങ്ങി; ആശുപത്രിയുടെ ഓമനയായി ഉമര്‍

 ഗഫൂര്‍ ബേക്കല്‍

അബുദാബി: പ്രസവത്തിന് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞു. അബുദാബിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലാണ് ചോരപ്പൈതലിനെ തനിച്ചാക്കി ഫിലിപ്പീനി ദമ്പതികള്‍ മുങ്ങിയത്. മാതാവ് സ്ഥലം വിടുമ്പോള്‍ നവജാത ശിശുവിന് പ്രായം ഒരു മാസം തികഞ്ഞിട്ടില്ലായിരുന്നു. ഗര്‍ഭ കാലം ഏഴാം മാസത്തിലിരിക്കെയായിരുന്നു യുവതിയുടെ പ്രസവം. മാസം തികയാത്തതിനാല്‍ കുട്ടി പ്രത്യേക മുറിയില്‍ ഡോക്ടറുടെയും നഴ്‌സുമാരുടെയും നിരീക്ഷണത്തിലായിരുന്നു. ഇത് കുട്ടിയെ ഉപേക്ഷിച്ചു കടന്നു കളയാനുള്ള മാര്‍ഗം എളുപ്പമാക്കി. ഇപ്പോള്‍ കുട്ടിയുടെ പ്രായം നാല് മാസം കഴിഞ്ഞു.

ഇളം കൈകാലുകളിളക്കി തൊട്ടിലില്‍ ചരിഞ്ഞും മറിഞ്ഞും ചുണ്ടനക്കി ചിരിച്ച് കളിക്കുന്ന കുഞ്ഞു മോന്‍ ഇതിനകം തന്നെ ആശുപത്രി ജീവനക്കാരുടെ ഓമനയായി മാറി. അവര്‍ കുട്ടിക്ക് ഉമര്‍ എന്ന് പേര് വിളിക്കുകയും ചെയ്തു.നഴ്‌സുമാരുടെ പരിചരണത്തിലാണ് കുട്ടി കഴിഞ്ഞു വരുന്നത്. സമയാ സമയങ്ങളില്‍ പാലും മറ്റും നല്‍കാന്‍ പ്രത്യേകം നഴ്‌സുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാതാവ് രാജ്യം വിട്ടതായി വ്യക്തമായിട്ടുണ്ട്.

നടന്നു തുടങ്ങുന്ന പ്രായമായാല്‍ മാത്രമേ അനാഥ കുട്ടികള്‍ക്കുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് കുട്ടിയെ മാറ്റാന്‍ കഴിയുകയുള്ളൂ. അതിനു മുമ്പ് മാതാവ് തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. നവജാത ശിശുക്കളെ മാലിന്യ പെട്ടിയിലും മറ്റും ഉപേക്ഷിച്ച് മുങ്ങുന്ന നിരവധി സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിഹിത ഗര്‍ഭത്തില്‍ പിറന്ന കുട്ടികളാണ് ഇങ്ങനെ പലപ്പോഴും ഉപേക്ഷിക്കപ്പെടാറ്. കുട്ടി വളര്‍ന്നു വരുമ്പോഴുണ്ടാകുന്ന നിയമ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയാണ് ഈ ‘തട്ടല്‍’. എന്നാല്‍, ആശുപത്രിയില്‍ തന്നെ കുട്ടിയെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളയുന്ന സംഭവം വളരെ വിരളമാണ്.

chandrika: