X

കാറ്റില്‍ കുളിര്‍ന്ന്, പൊടി പിടിച്ച് യു.എ.ഇ

അഫ്‌സല്‍ കോണിക്കല്‍

ദുബൈ:പൊടി പടര്‍ത്തി തണുത്ത കാറ്റ്. രാജ്യമെങ്ങും താപനില താഴ്ന്നു. ശക്തമായ കാറ്റില്‍ കാല്‍നടക്കാര്‍ ബുദ്ധിമുട്ടി. പൊടിനിറഞ്ഞ് ദൂരക്കാഴ്ച കുറഞ്ഞതോടെ വാഹന ഗതാഗതവും മെല്ലെയായി. ഇന്നലെ ദുബൈയിലും അബുദാബിയിലും ഷാര്‍ജയിലുമെല്ലാം ശക്തമായ കാറ്റ് വീശി. പൊടിക്കാറ്റില്‍ നിന്നും രക്ഷ തേടി അത്യാവശ്യക്കാര്‍ മാത്രം പുറത്തിറങ്ങി. ആവശ്യങ്ങള്‍ കഴിഞ്ഞ വളരെ പെട്ടെന്ന് തിരിച്ചു പോകാനുള്ള തിരക്ക് ഇന്നലനെ തെരുവോരങ്ങളില്‍ കാണാമായിരുന്നു. എന്നാല്‍ കാറ്റില്‍ കുടുങ്ങിയ സഞ്ചാരികള്‍ ഷാള്‍ ഉപയോഗിച്ച് മുഖം മറച്ച് നടക്കുന്നത് കാണാമായിരുന്നു.

ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഇന്നലെ രണ്ടു കിലോമീറ്ററില്‍ താഴെയാണ് ദൂരക്കാഴ്ച. ചിലയിടങ്ങളില്‍ കുറഞ്ഞ ദൂരത്തില്‍ പോലും പോലും കാഴ്ച മങ്ങി. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിച്ചത്. അതേസമയം കടല്‍ പ്രക്ഷുബ്ദമായിരുന്നു. തിരമാലകള്‍ 19 അടി വരെ പൊങ്ങിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

 

കാറ്റിനൊപ്പം തണുപ്പും അന്തരീക്ഷത്തെ മൂടി. തീര മേഖലയില്‍ 21-23 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു പരമാവധി താപനില. കുറഞ്ഞ താപനില 15 ഡിഗ്രി വരെ താഴ്ന്നു. വിദൂര മേഖലകളില്‍ താപനില 26 വരെ എത്തിയെങ്കിലും കുറഞ്ഞ താപ നില 12 ഡിഗ്രി സെല്‍ഷ്യസില്‍ ഒതുങ്ങി. അബുദാബിയില്‍ 20.8, അല്‍ ഐന്‍22.6 ആയിരുന്നു താപനില. ദുബൈ ബുര്‍ജ് ഖലീഫയില്‍ 15.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കുറഞ്ഞ ചൂട്. അജ്മാനില്‍ 22.6, ഉമ്മുല്‍ഖുവൈനില്‍ 22.6, റാസല്‍ഖൈമയില്‍ 22, ഫുജൈറയില്‍ 22.9 ഡിഗ്രി സെല്‍ഷ്യന്‍ എന്നിങ്ങനെയായിരുന്നു താപനില. അതേസമയം അന്തരീക്ഷ ഈര്‍പ്പം 48 ശതമാനം വരെ ഉണ്ടായിരുന്നു.
അതേസമയം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പര്‍വത മേഖലയായ ജബല്‍ ജൈസില്‍ ഇന്നലെ രാവിലെ കുറഞ്ഞ താപനില 4.6 രേഖപ്പെടുത്തി. രാവിലെ രാജ്യത്തുടനീളം മൂടല്‍ മഞ്ഞും അനുഭവപ്പെട്ടിരുന്നു. പത്ത് മണിയോടെയാണ് ഇതിന് അല്‍പ്പം ശമനമുണ്ടായത്. ദുബൈയില്‍ ചിലയിടങ്ങളില്‍ തെളിഞ്ഞാ കാലാവസ്ഥ ആയിരുന്നെങ്കിലും ചിലയിടങ്ങളില്‍ പൊടിനിറഞ്ഞ അന്തരീക്ഷമായിരുന്നു.
അറേബ്യന്‍ ഗള്‍ഫ്, തുര്‍ക്കി, ഇറാഖ് എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന വടക്കു പടിഞ്ഞാറന്‍ ശമാല്‍ കാറ്റുകളാണ് അന്തരീക്ഷത്തെ തണുപ്പിക്കുന്നത്. സാധാരണ ഗതിയില്‍ ഇത് രണ്ടോ മൂന്നോ ദിവസം മാത്രമാണ് നീണ്ടു നില്‍ക്കുക. ചിലപ്പോള്‍ ഏതാനും ദിനങ്ങള്‍ കൂടി നീളും. ഇന്ന് രാവിലെയോടെ കാറ്റിന്റെ ശക്തി ക്ഷയിച്ചു തുടങ്ങുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന വിവരം. ഉച്ചയോടെ കാറ്റിന്റെ വേഗം 10-20 കിലോമീറ്ററായി കുറയും. തെക്ക് പടിഞ്ഞാറന്‍ ചുടുകാറ്റ് എത്തുന്നതോടെ തിങ്കളാഴ്ച താപനില വീണ്ടും ഉയരുമെന്നാണ് കണക്കാക്കുന്നത്.

chandrika: