ദുബൈ: 35ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഇക്കുറി സന്ദര്‍ശിച്ചത് 23.1 ലക്ഷം പേര്‍. 176 ദശലക്ഷം ദിര്‍ഹമിന്റെ പുസ്തകങ്ങളാണ് 11 ദിന മേളയില്‍ വില്‍പ്പന നടത്തിയത്. 1982ല്‍ പുസ്തക മേള ആരംഭിച്ചതിനു ശേഷമുള്ള ഉയര്‍ന്ന സന്ദര്‍ശക നിരക്കും വില്‍പ്പനയുമാണ് ഇപ്രാവശ്യത്തേത്. കഴിഞ്ഞ വര്‍ഷം 12 ലക്ഷം പേര്‍ സന്ദര്‍ശിച്ച മേളയില്‍ 135 ദശലക്ഷം ദിര്‍ഹമിന്റെ പുസ്തകങ്ങളാണ് വില്‍ക്കപ്പെട്ടത്. കൂടുതല്‍ വായിക്കുക എന്ന പ്രമേയത്തിലായിരുന്നു ഇക്കുറി പുസ്തകോത്സവം.
കൂടുതല്‍ വൃസ്തൃതിയില്‍ ഒരുക്കിയ പുസ്തകമേളയില്‍ 60 രാജ്യങ്ങളില്‍ നിന്നായി 1,681 പ്രസാദകര്‍ പങ്കെടുത്തു. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ 25,000 സ്‌ക്വയര്‍ മീറ്ററിലാണ് പ്രദര്‍ശനം ഒരുക്കിയത്. കുട്ടികളുടെ പരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍, കള്‍ച്ചറല്‍ കഫെ, കുക്കറി കോര്‍ണര്‍, സോഷ്യല്‍ മീഡിയ കഫെ തുടങ്ങിയവ സന്ദര്‍ശകര്‍ക്ക് ആസ്വാദ്യകരമായി. ഏകദേശം 600 സ്‌കൂളുകളുകളിലെ വിദ്യാര്‍ത്ഥികള്‍ മേള സന്ദര്‍ശിക്കാനെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ 100 കോടി അനുഭാവ പ്രകടനങ്ങളാണ് വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ എസ്.ഐ.ബി.എഫ് 2016ന് ലഭിച്ചത്.
വായന പ്രോത്സാഹിപ്പിക്കാനുള്ള യു.എ.ഇ നേതൃത്വത്തിന്റെ തീരുമാനമാണ് ഇക്കുറി പുസ്തകമേള കൂടുതല്‍ വിജയകരമാക്കിയതെന്ന് എസ്.ഐ.ബി.എഫ് സംഘടിപ്പിക്കുന്ന ഷാര്‍ജ ബുക്ക് അഥോറിറ്റിയുടെ ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തക മേളയാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം.
പുസ്തകമേളയെ ലോകത്തെ ഏറ്റവും വലിയ അക്ഷരോത്സവമാക്കി മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം.