ദുബൈ: യു.എ.ഇയുടെ പ്രഥമ ആണവ നിലയം പൂര്‍ത്തീകരണത്തോടടുക്കുന്നു. നിലവില്‍ പദ്ധതിയുടെ 75% പൂര്‍ത്തിയായിട്ടുണ്ട്. രാജ്യത്തിന്റെ ഊര്‍ജ ആവശ്യത്തിന്റെ നാലിലൊന്ന് പദ്ധതി വഴി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ദേശീയ സംരംഭമായ എമിറേറ്റ്‌സ് എനര്‍ജി കോര്‍പ്പറേഷന്‍ (ഇനക്) ആണ് ഞായറാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. അബുദാബിയുടെ കിഴക്കന്‍ മരുഭൂമിയില്‍ സ്ഥാപിക്കുന്ന പ്ലാന്റ് 2020ഓടെ പൂര്‍ണ സജ്ജമാകും. യു.എ.ഇ ഊര്‍ജ ആവശ്യത്തിന്റെ നാലിനൊന്ന് നിറവേറ്റുന്നതോടൊപ്പം 12 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനവും ഇതുവഴി ഇല്ലാതാകും.
ദക്ഷിണ കൊറിയന്‍ ഊര്‍ജ ഭീമനായ കൊറിയന്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (കെ.ഇ.പി.സി.ഒ) 2012ല്‍ ആണ് പ്ലാന്റിന്റെ നിര്‍മാണം തുടങ്ങിയത്. നാലു വിഭാഗങ്ങളാക്കി തിരിച്ചായിരുന്നു നാലു റിയാക്ടര്‍ പ്ലാന്റിന്റെ നിര്‍മാണം.
എല്ലാ വിഭാഗങ്ങളുടെയും ജോലി ഒരേസമയം പുരോഗമിക്കുന്നുണ്ട്. ഏറ്റവും അവസാനം പൂര്‍ത്തിയാകേണ്ട 3, 4 യൂണിറ്റുകളുടെ ജോലികള്‍ 50 ശതമാനത്തിലേറെ പൂര്‍ത്തിയായി. യൂണിറ്റ് 3ല്‍ റിയാക്ടര്‍ ഉള്‍ക്കൊള്ളുന്ന റിയാക്ടര്‍ വെസല്‍ അടുത്തിടെ സ്ഥാപിച്ചിരുന്നു. യൂണിറ്റ് നാലിന്റെ ടര്‍ബൈന്‍ ഓപറേറ്റിംഗ് യൂണിറ്റ് ഡക് അടക്കമുള്ളവ സ്ഥാപിച്ചു കഴിഞ്ഞു. ബറക് പ്ലാന്റ് നിര്‍ദിഷ്ട സമയത്തനകം പൂര്‍ത്തിയാകുമെന്ന് ഇനക് മേധാവി മുഹമ്മദ് അല്‍ ഹമ്മാദി വ്യക്തമാക്കി.